Breaking

Wednesday, 11 March 2020

പുതിയ ഡേറ്റാ ബില്‍ അപകടകരമോ

പുതിയ ഡേറ്റാ ബില്‍ അപകടകരമോ ?


മുന്‍ സുപ്രീം കോടതി ജഡ്ജിയും അധികം താമസിയാതെ നിയമമായേക്കാവുന്ന പേഴ്‌സണല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ ബില്ലിന്റെ ( Personal Data Protection Bill) കരട് എഴുതിയ വ്യക്തിയുമായ ജസ്റ്റിസ് ബിഎന്‍ ശ്രീകൃഷ്ണ ബില്ലിന്റെ ഇപ്പോഴത്തെ അവസ്ഥയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നു. പുതിയ ബിൽ കേന്ദ്ര സർക്കാരിന് അധിക അധികാരം നല്‍കുന്നു എന്നതും സർക്കാരിന് ഇളവുകള്‍ നല്‍കുന്നു എന്നതും 'അപകടകരമായ പ്രവണത' യാണെന്നാണ് അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. ഈ ബില്‍ ചര്‍ച്ച ചെയ്യുന്ന പാര്‍ലമെന്റ് ജോയിന്റ് സെലക്ട് കമ്മറ്റിക്ക് അയച്ച കത്തില്‍ അദ്ദേഹം മറ്റ് ആരോപണങ്ങളും ഉന്നയിക്കുന്നുണ്ട്. ഇന്ത്യക്കാരുടെ സ്വകാര്യ ഡേറ്റ പ്രാദേശികമായി സൂക്ഷിക്കണമെന്ന തന്റെ നിര്‍ദ്ദേശത്തിന് വില കല്‍പ്പിക്കാതെ വിദേശ കമ്പനികള്‍ളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി അത് നേര്‍പ്പിച്ചു കൊടുത്തുവെന്നും പറയുന്നു.

തുറന്ന കൂടിയാലോചനകള്‍ക്ക് ശേഷമാണ് ജസ്റ്റിസ് ശ്രീകൃഷ്ണ നേതൃത്വം നല്‍കിയ കമ്മറ്റി പ്രൈവസി ബില്ലിന്റെ കരടു രേഖ തയാറാക്കിയതും അത് 2018ല്‍ പ്രസിദ്ധീകരിച്ചതും. രാജ്യത്തെ പൗരന്മാരുടെ അവകാശം സംരക്ഷിക്കാനായി ഇന്ത്യ നടത്തുന്ന ആദ്യ ഉദ്യമമായാണ് ഈ ബില്ലിനെ കണ്ടിരുന്നത്. വ്യക്തിയുടെ ഡേറ്റ ശേഖരിക്കുന്നതിനും കടത്തിക്കൊണ്ടുപോകുന്നതിനും വിശകലനം ചെയ്യുന്നതിനും നിയന്ത്രിക്കുക എന്നതായിരുന്നു ബില്ലിന്റെ ലക്ഷ്യം. ഇപ്പോള്‍ വിദേശ കമ്പനികളും മറ്റും നടത്തുന്ന ഡേറ്റാ ശേഖരണത്തിലൂടെ അവര്‍ക്ക് ഓരോ വ്യക്തിയേയും തിരിച്ചറിയാം.അടുത്തിടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെങ്കിലും സർക്കാരുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു പറഞ്ഞ് ടെസ്‌ല കമ്പനിയുടെ മേധാവി ഇലോണ്‍ മസ്‌ക് രംഗത്തെത്തിയിരുന്നു. അങ്ങനെ കൊണ്ടുവരുന്ന നിയമങ്ങള്‍ തന്റെ കമ്പനിയെ പോലും നിയന്ത്രിക്കുമെങ്കിലും അത്തരം നിയമം ആവശ്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഇന്റര്‍നെറ്റിനും അത്തരം കടിഞ്ഞാണുകള്‍ വേണ്ടിരിയിരുന്നു. മിക്കവാറും ഉപയോക്താക്കള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ഒരു സമാന്യ ബോധം പോലുമില്ല. അത്തരം സന്ദര്‍ഭത്തില്‍ അവര്‍ക്കു തുണയായാകാനാണ് ഡേറ്റാ ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്.

ഡേറ്റാ സംരക്ഷണ ചര്‍ച്ചയില്‍ മൂന്ന് തല്‍പ്പരകക്ഷികളാണ് ഉള്ളത്. വ്യക്തി, രാജ്യം, ടെക്‌നോളജി കമ്പനികള്‍. ഇപ്പോള്‍ പാര്‍ലമെന്റ് ചര്‍ച്ചചെയ്യുന്ന ബില്ലില്‍ സർക്കാരിനും ടെക്‌നോളജി കമ്പനികള്‍ക്കുമാണ് പ്രാധാന്യം. കൂടുതല്‍ സന്തുലിതമായിരിക്കണം ബില്‍ എന്നതടക്കമുള്ള കാര്യങ്ങളാണ് ജസ്റ്റിസ് ശ്രീകൃഷ്ണ മുന്നോട്ടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി പുറത്തിറക്കിയ ബില്ലില്‍ ടെക്‌നോളജി കമ്പനികൾ വ്യക്തിയില്‍ നിന്നു ശേഖരിക്കുന്ന മൊത്തം ഡേറ്റയുടെ ഒരു കോപ്പി ഇന്ത്യയില്‍ സൂക്ഷിക്കണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. അത് വ്യക്തിയുടെ സ്വകാര്യതയിലേക്കു കടക്കുന്നതാണെങ്കിലും അല്ലെങ്കിലും ഒരു കോപ്പി രാജ്യത്തു സൂക്ഷിക്കണം എന്നായിരുന്നു ഡ്രാഫ്റ്റിലെ നിര്‍ദ്ദേശം. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം പുതുക്കി എഴുതിയ ബില്ലില്‍ ഇന്ത്യയില്‍ സൂക്ഷിക്കണമെന്ന ഭാഗം എടുത്തുകളഞ്ഞു. സർക്കാരിന്റെ സമ്മതത്തോടെ ആളുകളുടെ സ്വകാര്യ ഡേറ്റ വിദേശത്തേക്ക് കടത്തിക്കോളൂ എന്നാക്കി മാറ്റി എന്നാണ് ആരോപണം. ടെക്‌ ഭീമന്മാര്‍ ബില്ലിന്റെ ആദ്യ ഡ്രാഫ്റ്റിനെതിരെ ടെക്‌നോളജി കമ്പനികള്‍ രംഗത്തുവന്നിരുന്നു.

ഇന്ത്യയില്‍ ഡേറ്റാ സ്റ്റോർ ചെയ്യണമെന്ന വ്യവസ്ഥയില്‍ നിന്ന് രാജ്യത്തിനാണ് ഗുണമുണ്ടാകുക എന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ ചൂണ്ടിക്കാണിക്കുന്നു. ഒരാളെക്കുറിച്ച് എന്തെങ്കിലും ഡേറ്റാ വേണമെങ്കില്‍ അത് പെട്ടെന്നു തന്നെ അത് ലഭിക്കും. എന്നാല്‍, ഡേറ്റ വിദേശത്തേക്കു കടത്തിക്കൊണ്ടുപോയാല്‍ പിന്നെ അതു ലഭിക്കണമെങ്കില്‍ മള്‍ട്ടി ലീഗല്‍ അസിസ്റ്റന്‍സ് ട്രീറ്റിയില്‍ പറഞ്ഞിരിക്കുന്നതിന്‍ പ്രകാരമേ സാധിക്കൂ. ഡേറ്റാ ലഭിക്കാന്‍ കുറഞ്ഞത് 18- 24 മാസം വേണ്ടിവരും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.അമേരിക്കന്‍ കമ്പനികളില്‍ നിന്ന് ഡേറ്റാ ലഭിക്കണമെങ്കില്‍ ഇന്ത്യന്‍ അധികാരികള്‍ എംഎല്‍എറ്റി അഥവാ മള്‍ട്ടി ലീഗല്‍ അസിസ്റ്റന്‍സ് കരാറിന്റെ ക്ലേശകരമായ വ്യവസ്ഥകളില്‍ കൂടെ കടന്നുപോകേണ്ടിയിരിക്കുന്നു. അമേരിക്കന്‍ അധികാരികള്‍ പോലും ഇത് ശരിയല്ലെന്നു വാദിക്കുന്ന സമയത്താണ് വീണ്ടും എംഎല്‍എറ്റിക്കു തലവച്ചു കൊടുക്കാന്‍ പോകുന്നത്. 

നിയമപ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഒരാളെക്കുറിച്ചുള്ള വിവരങ്ങള്‍ വേഗം ലഭിക്കുക എന്നത് ദുഷ്‌കരമായിരിക്കും. എന്നാല്‍, ഈ വാദത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നവര്‍ പറയുന്നത് ഡേറ്റാ ഇന്ത്യയില്‍ സ്റ്റോർ ചെയ്തു എന്നുവച്ച് വലിയ ഗുണമൊന്നും ഉണ്ടാവില്ല എന്നാണ്.വിദേശ കമ്പനികള്‍ക്ക് ഇളവുകൊടുത്തതു കൂടാതെ ജസ്റ്റിസ് ശ്രീകൃഷ്ണ ഉന്നയിക്കുന്ന അടുത്ത ആരോപണം സർക്കാരിനെതിരെയാണ്. ഇന്ത്യയില്‍ ഡേറ്റയുടെ നിയന്ത്രണത്തിനായി ഡേറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി സ്ഥാപിക്കും. എന്നാല്‍, കേന്ദ്ര സർക്കാരിന് ഏതു സമയത്തും ഈ അതോറിറ്റിയുടെമേല്‍ അധികാരം ഉണ്ടായിരിക്കും. സർക്കാരിന്റെ നിരീക്ഷണത്തിന് ചില ഒഴികഴിവുകളും പറഞ്ഞുവയ്ക്കുന്നുണ്ട്. ഇത് പൈശാചികമായ സൂചനകളാണ് ( 'sinister implications') പുറത്തുവിടുന്നതെന്നും അദ്ദേഹം പറയുന്നു.

പരിഷ്‌കരിച്ച ബില്ലില്‍ പല അധികാരവും ഡേറ്റാ പ്രോട്ടക്ഷന്‍ അതോറിറ്റിയില്‍ നിന്ന് എടുത്തുമാറ്റി കേന്ദ്ര സർക്കാരില്‍ നിക്ഷിപ്തമാക്കുന്നു. ഉദാഹരണത്തിന് സെന്‍സിറ്റീവ് സ്വകാര്യ ഡേറ്റ എന്താണെന്നു നിര്‍വ്വചിക്കുന്നത് സർക്കാരാണ്. ആദ്യ ഡ്രാഫ്റ്റില്‍ സ്വതന്ത്രകമ്മറ്റിയാണ് ഡേറ്റ കൈകാര്യം ചെയ്യുമ്പോള്‍ ഇടപെടേണ്ടത് എന്നു പറയുന്നു. പുതിയ പതിപ്പില്‍ ഇതിലെ അംഗങ്ങളെ തീരുമാനിക്കുന്നത് സർക്കാർ ആയിരിക്കുമെന്ന് പറയുന്നു. ഇത്തരം പല 'അപകടകരമായ പ്രവണതകളെയും' ആണ് ജസ്റ്റിസ് ശ്രീകൃഷ്ണ വിമര്‍ശനവിധേയമാക്കുന്നത്. പുതിയ ബില്ലില്‍ സർക്കാരിന് അനിയന്ത്രിതാധികാരം (carte blanche) ആണ് ഉള്ളതെന്ന് അദ്ദേഹം വിമര്‍ശിക്കുന്നു.

സർക്കാർ ഇടപെടലിന് വഴിവയ്ക്കുന്ന അസ്പഷ്ടമായ പദാവലി സ്വകാര്യതാ നിയമത്തിന് എതിരും അതൊരു ഓര്‍വീലിയന്‍ രാജ്യം (സ്വതന്ത്രവും തുറന്നതുമായ സമൂഹങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന കാര്യങ്ങളെയാണ് ഓര്‍വീലിയന്‍ എന്ന് വിശേഷിപ്പിക്കുന്നത്) നിലവില്‍ വരുന്നതിന് വഴിവയ്ക്കുകയും ചെയ്യുമെന്ന് ജസ്റ്റിസ് ശ്രീകൃഷ്ണ തന്റെ പ്രസംഗങ്ങളില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. പുതിയ ബില്ലിന് ഡിസംബര്‍ 4, 2019ല്‍ കേന്ദ്ര മന്ത്രിസഭ ക്ലിയറന്‍സ് നല്‍കിയിരുന്നു. ഇപ്പോള്‍ ഒരു 30 അംഗ കമ്മറ്റിയുടെ പരിഗണനയിലാണ് ബില്‍ ഉള്ളത്. കമ്മറ്റി രണ്ടുതവണ സമ്മേളിച്ചു കഴിഞ്ഞു.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment