Breaking

Wednesday, 11 March 2020

കൊറോണ; ശുചീകരണ ടണലുകൾ ഒരുക്കി ചൈന

 കൊറോണ; ശുചീകരണ ടണലുകൾ  ഒരുക്കി ചൈന  


കോവിഡ് 19(കൊറോണ) ഭീതിയില്‍ നിന്നും രക്ഷപെടാനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് ലോകം. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയില്‍ തന്നെയാണ് പല പ്രതിരോധ മാര്‍ഗങ്ങളും ആദ്യം പരീക്ഷിക്കപ്പെടുന്നത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതില്‍ പെടുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും കൊറോണയില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഓട്ടോമാറ്റിക് കാര്‍വാഷ് പോലുള്ള ഈ സംവിധാനത്തിനുള്ളില്‍ കയറി നിന്നാല്‍ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളില്‍ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണല്‍ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഈ ഉപകരണത്തെ കാണുന്നത്. 

ചൈനയിലെമ്പാടും രോഗാണു നാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ട്രക്കുകളും അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇത്തരം മുന്‍കരുതല്‍ നടപടികള്‍ കൊണ്ട് കൊറോണയില്‍ നിന്നും രക്ഷപ്പെടാനാകുമോ? ഇല്ലെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്. വുഹാന്‍ നഗരത്തില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 ബാധിച്ച് 2943 പേരാണ് ചൈനയില്‍ മാത്രം മരിച്ചത്. ലോകമാകെ മരണ സംഖ്യ 3100 കവിഞ്ഞു. രോഗം ബാധിച്ചവരുടെ എണ്ണം 90000ത്തിലേറെ വരും. 76 രാജ്യങ്ങളാണ് കൊറോണ ബാധ പടര്‍ന്നുപിടിച്ചിരിക്കുന്നത്. കൊറോണ സംഹാരതാണ്ഡവമാടിയ വുഹാനില്‍ ജനങ്ങള്‍ ഇപ്പോഴും വീടുകളില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായിട്ടില്ല. ഓരോ ജനവാസകേന്ദ്രങ്ങളോടും പുറത്തു നിന്നുള്ളവരോട് അകലം പാലിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സ്വയം അടച്ചിട്ട വീടുകളിലാണ് ഇവിടെ ജനതയൊന്നാകെ കഴിയുന്നത്. ഈ സ്വയം തടവ് ആഴ്ച്ചകള്‍ നീണ്ടതിനാല്‍ അതിന്റെ പ്രശ്‌നങ്ങളുമുണ്ട്. കോവിഡ് 19 വ്യാപകമായ പടര്‍ന്ന മേഖലകളില്‍ അണുനാശിനികള്‍ തെളിക്കുന്നുമുണ്ട്. ഷാന്‍ഹായിലെ ഒരു കമ്പനി 99 ശതമാനം വൈറസുകളേയും നശിപ്പിക്കുന്ന ഒരു പാസേജ് വേ നിര്‍മ്മിച്ചിട്ടുണ്ട്. ബ്ലീച്ചിംങ് പൗഡര്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ആവശ്യക്കാര്‍ക്ക് സാധനങ്ങള്‍ എത്തിക്കാനായി രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇത്തരം അണുനാശിനികള്‍ കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു തെളിവുമില്ല. ഇത്തരം അണുനാശിനികള്‍ കൊണ്ട് ശരീരത്തിനുള്ളിലെത്തിയ വൈറസിനെ ഒന്നുംചെയ്യാനാവില്ല. മാത്രമല്ല ഇത്തരം അണുനാശിനി പ്രയോഗങ്ങള്‍ക്ക് പരമാവധി 24 മണിക്കൂര്‍ വരെയാണ് ആയുസ്. നിശ്ചിത സമയം കഴിഞ്ഞാല്‍ വീണ്ടും അണുനശീകരണം നടത്തേണ്ടി വരും. ഭൂരിഭാഗം ചൈനക്കാരും ഇത്തരം അണുനാശിനികളേക്കാള്‍ പ്രായോഗികമായ മറ്റൊരു മാര്‍ഗമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വാതിലടച്ച് വീടുകള്‍ക്കകത്ത് തന്നെയിരിക്കുക എന്ന മാര്‍ഗം.

കോവിഡ് 19 കൊറോണ വൈറസ്) രോഗബാധ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾക്ക് ലോകബാങ്ക് 1200 കോടി ഡോളറിന്റെ(87,534 കോടി രൂപ) അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. വേഗത്തിലും ഫലപ്രദവുമായ നടപടിയാണ് ലക്ഷ്യമിടുന്നതെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് മാധ്യമങ്ങളോട് പറഞ്ഞു. ലോകത്തിലെ ദരിദ്ര രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള ഈ ധനസഹായം മെഡിക്കൽ ഉപകരണങ്ങൾക്കോ മറ്റു ആരോഗ്യ സേവനങ്ങള്‍ക്കോ ഉപയോഗിക്കാം.ബാങ്ക് പല അംഗരാജ്യങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും, ഏതു രാജ്യങ്ങൾക്കാണ് സഹായം നൽകാൻ സാധ്യതയുള്ളതെന്ന് അദ്ദേഹം വിശദമാക്കിയില്ല. വേഗത്തിൽ നീങ്ങുക എന്നതാണ് ലക്ഷ്യം. ജീവൻ രക്ഷിക്കാൻ വേഗം ആവശ്യമാണ്– അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യ ചൈനയിൽ ഡിസംബറിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധയേറ്റ് ഇതിനോടകം മൂവായിരത്തിലധികം പേരാണ് മരിച്ചത്. രോഗബാധ 78 രാജ്യങ്ങളിൽ റിപ്പോർട്ടു ചെയ്തു. മൊറോക്കോ, അൻഡോറ, അർമീനിയ, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് പുതുതായി രോഗബാധയുണ്ടായത്. 90,000 ത്തിലധികം പേര്‍ക്കു ലോകമെമ്പാടും വൈറസ് ബാധ സ്ഥിരീകരിച്ചു

അതേസമയം, കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര നാണയ നിധിയും (ഐഎംഎഫ്) ലോക ബാങ്കും ഏപ്രിലിൽ നടത്താനിരുന്ന നേരിട്ടുള്ള മുഖാമുഖ ചർച്ചകൾ റദ്ദാക്കി. പകരം വിഡിയോ കോൺഫറൻസ് രീതിയിലേക്ക് മാറ്റാനാണ് തീരുമാനം. ധനകാര്യ മന്ത്രിമാർ, വികസന സെക്രട്ടറിമാർ, സംഘടനകളുടെ സെൻട്രൽ ബാങ്ക് ഗവർണർമാർ എന്നിവരുൾപ്പെടെ 10,000 പ്രതിനിധികൾ വാഷിങ്ടണിലേക്ക് പോകില്ലെന്നാണ് തീരുമാനം. 2001 സെപ്റ്റംബർ 11 ന് അമേരിക്കയിൽ നടന്ന ഭീകരാക്രമണ സമയത്തും സമാനരീതിയിൽ കൂടിക്കാഴ്ചകൾ റദ്ദാക്കിയിരുന്നു.

ഇറാനിൽ 11 പേർ കൂടി മരിച്ചതോടെ കോവിഡ് 19 കൊറോണ വൈറസ്) രോഗബാധയിൽ മരിച്ചവരുടെ എണ്ണം രാജ്യത്ത് 77 ആയി. രോഗികളുടെ എണ്ണം 2336 ആയി ഉയർന്നു. ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ പേർ മരിച്ചത് ഇറാനിലാണ്. മറ്റേതൊരു രാജ്യത്തേക്കാളും മരണ നിരക്ക് കൂടുതലാണിവിടെ–3.3%. മരണസംഖ്യ ഉയർന്നതോടെ ആരോഗ്യവകുപ്പ് പ്രവർത്തകരെ സഹായിക്കാൻ സൈന്യത്തിന് നിർദേശം നൽകി.പരമോന്നത നേതാവായ ആയത്തുല്ല ഖമനയിയുടെ ഉപദേഷ്ടാവും വത്തിക്കാനിലെ മുൻ അംബാസഡറും ഒരു എംപിയും മരിച്ചു. 23 പാർലമെന്റ് അംഗങ്ങൾക്കും രോഗം ബാധിച്ചു. ദക്ഷിണ കൊറിയയിൽ 974 പേരിൽ പുതുതായി രോഗം കണ്ടെത്തി. ഇതുവരെ 34 പേരാണ് ഇവിടെ മരിച്ചത്. ഓസ്ട്രേലിയയിൽ രോഗികളുടെ എണ്ണം 38 ആയി. ജർമനിയിൽ ആകെ 157 പേർക്കാണ് രോഗം കണ്ടത്. ഫ്രാൻസിൽ മരണം നാലായി. രോഗികൾ 191ഉം.

ഗൾഫ് സഹകരണ കൗൺസിലിലെ (ജിസിസി) അംഗരാജ്യങ്ങളിൽ നിന്നുള്ളവർ മറ്റു രാജ്യങ്ങളിൽ പോയ ശേഷം ഇവിടെത്തുന്നത് 14 ദിവസത്തേക്ക് സൗദി അറേബ്യ വിലക്കി. 6 ഗൾഫ് രാജ്യങ്ങളിലായി കോവിഡ് 19 സ്ഥിരീകരിച്ചത് 147 പേർക്ക്. രോഗബാധിതർ കൂടുതൽ കുവൈത്തിലാണ്–56. ബഹ്റൈൻ 49, യുഎഇ 21, ഖത്തർ 8, ഒമാൻ 12, സൗദി-1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.സൗദിയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പുണ്യ നഗരങ്ങളായ മക്കയിലും മദീനയിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഉംറ തീർഥാടനത്തിന് വിലക്കും മക്കയും മദീനയും സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണവും ഏർപ്പെടുത്തിയതോടെ തിരക്കു കുറഞ്ഞു. സൗദിയിൽ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപെട്ട 70 പേരെ പ്രത്യേക നിരീക്ഷണത്തിലാക്കി.

തുടര്ന്ന് വായിക്കുക

No comments:

Post a Comment