Breaking

Tuesday, 22 October 2019

ടെക് കമ്പനികൾക്ക് വെല്ലുവിളിയായി ‘പോയി നിങ്ങളുടെ പണി നോക്ക്’ നിയമം

ടെക് കമ്പനികൾക്ക് വെല്ലുവിളിയായി  'പോയി നിങ്ങളുടെ പണി നോക്ക്' നിയമം

സ്വകാര്യതയെ ഗൗരവത്തിലെടുക്കുന്ന അമേരിക്കന്‍ സെനറ്റര്‍ റോണ്‍ വൈഡന്‍ അവതരിപ്പിക്കുന്ന പുതിയ നിയമം, ഇതുവരെ കടിഞ്ഞാണില്ലാതെ അഴിഞ്ഞാടിയ ടെക് കമ്പനികളുടെ മുഖത്തടിക്കുന്നതാണ്. 'പോയി നിങ്ങളുടെ പണി നോക്ക്' ( Mind Your Own Business Act) നിയമം മുൻനിര ടെക് കമ്പനികൾക്ക് വൻ വെല്ലുവിളിയാകും. ഫെയ്‌സ്ബുക്, ഗൂഗിള്‍, ട്വിറ്റര്‍ തുടങ്ങിയ കമ്പനികളെല്ലാം ഇതിന്റെ പരിധിയില്‍ വരുമെങ്കിലും റോണിന് ഫെയ്‌സ്ബുക്കിനോടും മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനോടും ഒരു പ്രത്യേക 'സ്‌നേഹം' തന്നെയുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്നു മനസിലാക്കാം. 'മാര്‍ക്ക് സക്കര്‍ബര്‍ഗ് അമേരിക്കക്കാരുടെ സ്വകാര്യത ഗൗരവത്തിലെടുക്കില്ല. ഗൗരവത്തിലെടുക്കണമെങ്കില്‍ സക്കര്‍ബര്‍ഗിന് വ്യക്തിപരമായി ആഘാതമേല്‍ക്കണം,' സെനറ്റര്‍ പറയുന്നു. സക്കര്‍ബര്‍ഗിനെ പോലെയുള്ള കമ്പനി മേധാവികള്‍ക്ക് 20 വര്‍ഷം വരെ ജിയില്‍വാസം വിധിക്കാവുന്നതാണ്. നിയമത്തിലെ ഭീഷണിയുടെ സ്വരം വ്യക്തമാണെന്നാണ് നിയമം അവലോകനം ചെയ്തവര്‍ പറയുന്നത്.

കേംബ്രിജ് അനലിറ്റിക്കാ വിവാദത്തില്‍ എഫ്ടിസി ഫെയ്‌സ്ബുക്കിന് 500 കോടി ഡോളര്‍ പിഴ ചുമത്തിയതിനെയും സെനറ്റര്‍ റോണ്‍ വിമര്‍ശിച്ചിരുന്നു. (ഈ പിഴ, ഫെയ്‌സ്ബുക്കിനു കൊതുകുകടിക്കുന്നതു പോലെയെ ഉള്ളൂവെന്നാണ് ചില ലേഖകര്‍ അന്നു കുറിച്ചത്.) എന്നാല്‍ തന്റെ നിയമത്തിനു കീഴില്‍ സർക്കാരിനോടു നുണ പറഞ്ഞാല്‍ അയാള്‍ (സക്കര്‍ബര്‍ഗ്) ജിയില്‍ ജീവിതം നയിക്കേണ്ടിവരുമെന്നും സെനറ്റര്‍ റോണ്‍ പറയുന്നു.

എഫ്ടിസി ചെയര്‍മാന്‍ ജോ സിമണ്‍സ് അമേരിക്കന്‍ കോണ്‍ഗ്രിനോട് ആവശ്യപ്പെട്ടത് ടെക് കമ്പനികള്‍ക്കെതിരെ തങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്നാണ്. പുതിയ ബില്‍ അതു നല്‍കുന്നതാണ്. കുറ്റം കണ്ടുപിടിച്ചാല്‍ കമ്പനികളുടെ സീനിയര്‍ എക്‌സിക്യൂട്ടീവുമാരെ ശിക്ഷിക്കും. സ്വകാര്യതയുടെ കാര്യത്തില്‍ ടെക്‌നോളജി കമ്പനികള്‍ നിലവിലുള്ള നിയമങ്ങളുടെ പഴുതുകളുപയോഗിച്ച് യഥേഷ്ടം നുണ പറഞ്ഞ് ഒഴിവാകുന്നതാണ് ഇതുവരെ കണ്ടത്.

പുതിയ ബില്‍ പ്രകാരം കമ്പനികളോട് ഉപയോക്താവിന് ഒറ്റ ക്ലിക്കില്‍ എന്നെ ട്രാക്കു ചെയ്യേണ്ടെന്ന് പറയാന്‍ കഴിവുണ്ടാകണം. സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നതും അതു വില്‍ക്കുന്നതും ഉപയോക്താവിന്റെ സ്വഭാവമറിഞ്ഞ ശേഷം അയയ്ക്കുന്ന ടാര്‍ഗറ്റഡ് പരസ്യങ്ങളും ഒഴിവാക്കണം. ടെക്‌നോളജി കമ്പനികള്‍ ഇനി ഫ്രീയായി, സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പത്തില്‍ തീരുമാനിക്കാവുന്ന വേര്‍ഷന്‍സ് അമേരിക്കക്കാര്‍ക്കായി ഇറക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. 'തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാനാകണം. ഉപയോക്താവിന്റെ ഡേറ്റാ കമ്പനികള്‍ എന്തു ചെയ്യുന്നുവെന്ന കാര്യത്തില്‍ സുതാര്യത കൊണ്ടുവരണം. നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് കമ്പനികളുടെ മേധാവികൾ നേരിട്ട് ഉത്തരം നല്‍കേണ്ടതായിവരും,' ഇതെല്ലാമാണ് പുതിയ നിയമത്തില്‍ കൊണ്ടുവരിക

പുതിയ നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഉപയോക്താവിന് തന്റെ ഡേറ്റ ദുരുപയോഗം ചെയ്താല്‍ കമ്പനികള്‍ക്കെതിരെ കേസ് കൊടുക്കാമെന്നും പറയുന്നു. ഇത് ടെക്‌നോളജി കമ്പനികളെ വളരെയധികം സമ്മര്‍ദ്ദത്തിലാഴ്ത്തുമെന്നും പറയുന്നു. ഇതോടെ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകള്‍ അവരുടെ സ്വന്തം നിയമവുമായി എത്താനും വഴിയുണ്ട്. ഇപ്പോള്‍ കാലിഫോര്‍ണിയക്കാണ് കണ്‍സ്യൂമര്‍ പ്രൈവസി ആക്ടുള്ളത്.

പുതിയ നിയമമനുസരിച്ച് ഒരു 'ഡു നോട്ട് ട്രാക്' ബട്ടണ്‍ വന്നേക്കും. ഇതില്‍ ഉപയോക്താവ് ക്ലിക്ക് ചെയ്ത ശേഷവും ട്രാക്കു ചെയ്താല്‍ കളി മാറാനാണു വഴി. ഫെയ്‌സ്ബുക്കും ട്വിറ്ററും മറ്റും 'സ്വകാര്യത സംരക്ഷിക്കുന്ന' വേര്‍ഷനുകളും ഇറക്കേണ്ടതായി വരും. ഉപയോക്താക്കളുടെ ഡേറ്റ വിറ്റു കൊഴുത്ത കമ്പനികള്‍ ഉന്നയിക്കുന്ന ഒരു വാദം തങ്ങളുടെ സര്‍വീസ് ഫ്രീ ആയി നില നിര്‍ത്തണമെങ്കില്‍ സ്വകാര്യതയിലേക്ക് കടന്നു കയറേണ്ടി വരും എന്നായിരുന്നു. പുതിയ നിയമത്തിന്റെ വെളിച്ചത്തില്‍ ഇനി ഫെയ്‌സ്ബുക്കും ഗൂഗിളും മറ്റും ഉപയോഗിക്കുന്നതിനു പണം ഈടാക്കിയാലും, ഫ്രീ ആയി ഉപയോഗിക്കാവുന്ന ഒരു വേര്‍ഷന്‍ നില നിര്‍ത്തണമെന്നും പുതിയ നിയമം പറയുന്നു.

ഇതുപോലെയുള്ള പല നിയമങ്ങളും മുൻപും അവതരിപ്പിക്കപ്പെട്ടെങ്കിലും അവയൊന്നും വോട്ടിനിട്ടിരുന്നില്ല. അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളുടെ താത്പര്യം സംരക്ഷിക്കപ്പെടാതെ പോയെങ്കിലോ എന്നതായിരുന്നു പേടി. എന്നാല്‍, സ്റ്റേറ്റുകള്‍ക്ക് അവരുടെ സ്വന്തം നിയമമുണ്ടാക്കാമെന്ന് റോണ്‍ പറയുന്നതിനാല്‍ ഈ നിയമം പാസാക്കപ്പെട്ടേക്കാം എന്നാണ് വിലയിരുത്തല്‍.

ഗൂഗിളിന്റെ മേധാവികളായ ലാറി പേജും സെര്‍ഗായ് ബ്രിനും അതിസമർഥര്‍ തന്നെ. ഇത്തരമൊരു നിയമം വന്നേക്കുമെന്ന് അവര്‍ നേരത്തെ മനസിലാക്കിയതിനാലാകണം ഗൂഗിളിനു മുകളില്‍ ആല്‍ഫബെറ്റ് എന്നൊരു കമ്പനിയുണ്ടാക്കി അതിന്റെ മേധാവികളായി അവര്‍ സ്വയം അവരോധിച്ചിരിക്കുന്നത്. ഗൂഗിളിനായി കുരുതികൊടുക്കാന്‍ സുന്ദര്‍ പിച്ചൈ എന്നൊരു മേധാവിയേയും വച്ചിട്ടുണ്ട്. ശമ്പളമൊഴികെ സകല സൗഭാഗ്യങ്ങളും അവര്‍ രണ്ടു പേര്‍ക്കും ലഭിക്കും. ഇവരെയും കൂടെ പുകച്ചുചാടിക്കാനുള്ള നിയമങ്ങള്‍ കൊണ്ടുവരേണ്ടതാണ്. എന്നാല്‍ പുതിയ നിയമം വന്നാല്‍ സക്കര്‍ബര്‍ഗും ഫെയ്സ്ബുക് തലപ്പത്ത് ഒരു പിച്ചൈയെ വയ്ക്കുന്ന കാര്യം ചിന്തിച്ചു കൂടായ്കയില്ല.

തുടര്ന്ന് വായിക്കുക

No comments:

Post a Comment