11 വ്യോമപാതകളും കൊട്ടിയടക്കുമെന്ന് പാക്ക് മന്ത്രി
ഭീകരർക്കെതിരെ ഇന്ത്യ നടത്തിയ വ്യോമാക്രമണ ഭീതി ഇപ്പോഴും പാക്കിസ്ഥാനെ വിട്ടുപോയിട്ടില്ല. ആക്രമണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും വ്യോമ പാതകളിലെ നിയന്ത്രണങ്ങൾ തുടരുകയാണ്. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള 11 വ്യോമപാതകളും കൊട്ടിയടക്കുന്നത് ആലോചിക്കുമെന്നാണ് പാക്ക് വ്യോമയാന മന്ത്രി പറഞ്ഞത്. അടുത്ത് നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് മന്ത്രി ഗുലാം സര്‍വർ ഖാൻ പറഞ്ഞത്.
ഇന്ത്യയിൽ നിന്നുള്ള ചില പാതകൾ തുറന്നിട്ടുണ്ടെങ്കിലും നിരീക്ഷണം കര്‍ശനമാണ്. ദിവസങ്ങൾക്ക് മുൻപ് ഇന്ത്യയിൽ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ സ്പൈസ് ജെറ്റ് വിമാനത്തെ പാക്കിസ്ഥാന്റെ എഫ്–16 പോർവിമാനങ്ങൾ പിന്തുടര്‍ന്നിരുന്നു. കഴിഞ്ഞ ഫെബ്രുവരി 27 നാണ് പാക്കിസ്ഥാന്റെ വ്യോമ പാതകളെല്ലാം പൂട്ടിയത്. പിന്നീട് നിയന്ത്രണം നീക്കിയിട്ടില്ല. ഇന്ത്യ–പാക്ക് വ്യോമ പാത തുറക്കില്ലെന്ന് പാക്കിസ്ഥാൻ അറിയിച്ചതോടെ ഇതുവഴിയുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചു വിടേണ്ടിവന്നു. ഇതിനാൽ വിമാന കമ്പനികൾക്ക് വൻ നഷ്ടം നേരിടേണ്ടിവന്നിരുന്നു.
കശ്മീർ വിഷയത്തിൽ സംഘർഷം രൂക്ഷമായതോടെ അതിർത്തിയിൽ വ്യോമനിരീക്ഷണം നടത്താൻ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാൻ ഇന്ത്യയുമായുള്ള വ്യോമ പാതകൾ വീണ്ടും അടച്ചിടാൻ പോകുന്നതെന്നും സൂചനയുണ്ട്. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള വ്യോമ നീക്കങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ പാക്ക് വ്യോമസേനക്കു കഴിയാതെ വന്നതിനാല്‍ നിരവധി തവണ വൻ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. വ്യോമപാത തുറന്നിട്ടാൽ ഇന്ത്യയുടെ ഭാഗത്തുനിന്നു മറ്റേതെങ്കിലും വഴിക്ക് ആക്രമണം നടന്നേക്കുമെന്ന ഭയം പാക്കിസ്ഥാനുണ്ട്.
ഇന്ത്യയുമായുള്ള 11 വ്യോമ പാതകളാണ് പാക്കിസ്ഥാൻ അടച്ചിടാൻ പോകുന്നത്. ഒമാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുമായുള്ള വ്യോമപാതകൾ ഇപ്പോഴും തുടരുന്നുണ്ട്. ഫെബ്രുവരി 26ന് വ്യോമാക്രമണം നടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് പാക്കിസ്ഥാനിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിട്ടത്. ഇതോടൊപ്പം വ്യോമപാതയും അടച്ചിടുകയായിരുന്നു.
അതേസമയം, കശ്മീരിലെ കുപ്‌വാര ജില്ലയിൽ പാക്കിസ്ഥാൻ നടത്തിയ വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യ കനത്ത തിരിച്ചടി നൽകിയിരുന്നു. പാക്ക് അധിനിവേശ കശ്മീരിലെ ഭീകര ക്യാംപുകളും പാക്ക് പട്ടാള പോസ്റ്റുകളും ഇന്ത്യൻ സേന ആക്രമിച്ചു തകർത്തു. നിയന്ത്രണരേഖയോടു ചേർന്നുള്ള ആക്രമണത്തിൽ 5 പാക്ക് സൈനികർ കൊല്ലപ്പെട്ടതായി ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
തുടര്ന്ന് വായിക്കുക
No comments:
Post a Comment