Breaking

Tuesday 10 December 2019

ലോകത്ത് ഏറ്റവും കുറഞ്ഞ മൊബൈല്‍ റീചാർജ് നിരക്ക് ഇന്ത്യയിൽ

ലോകത്ത് ഏറ്റവും കുറഞ്ഞ മൊബൈല്‍ റീചാർജ് നിരക്ക്  ഇന്ത്യയിൽ

ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ മൊബൈൽ ഡേറ്റ നൽകുന്നത് എവിടെ ആയിരിക്കും? അമേരിക്ക, ബ്രിട്ടൻ... ഒന്നുമല്ല ഇന്ത്യ തന്നെ. മുൻനിര ടെലികോം കമ്പനികൾ നിരക്കുകൾ വർധിപ്പിച്ചിട്ടും ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ കൂടുതൽ വരിക്കാർക്ക് മൊബൈൽ ഡേറ്റ നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ തന്നെയാണ് ഒന്നാമത്. വികസിത രാജ്യങ്ങളിലെ നിരക്കുകളേക്കാൾ എത്രയോ കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ കോൾ, ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്നത്.

കേബിൾ ഡോട്ട് കോ ഡോട്ട് യുകെ അടുത്തിടെ നടത്തിയ പഠനപ്രകാരം മൊബൈൽ ഡേറ്റയുടെ കാര്യത്തിൽ ഇന്ത്യയിൽ ഒരു ജിബിക്ക് 0.26 ഡോളർ ഈടാക്കുമ്പോൾ ബ്രിട്ടനിൽ 6.66 ഡോളറാണ് വാങ്ങുന്നത്. അമേരിക്കയിൽ ഒരു ജിബി ഡേറ്റയ്ക്ക് വാങ്ങുന്നത് 12.37 ഡോളറാണ്. യൂറോപ്പിലെ തന്നെ ഫിൻലൻഡ്, പോളണ്ട്, ഡെൻമാർക്ക്, ഇറ്റലി, ഓസ്ട്രിയ, ഫ്രാൻസ് എന്നിവടങ്ങളിലും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.മൊബൈൽ ഡേറ്റ നിരക്കിൽ 230 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് റിലയൻസ് ജിയോയുടെ വരവോടെയാണെന്ന് പറയാം. ഏറ്റവും കുറഞ്ഞ നിരക്കിൽ കോൾ, ഡേറ്റ നൽകാൻ തുടങ്ങിയത് ജിയോ വന്നതോടെയാണ്. ജിയോക്കു പിന്നാലെ മറ്റു കമ്പനികളുടെ ഡേറ്റയുടെ നിരക്കുകൾ കുത്തനെ കുറക്കുകയായിരുന്നു. എന്നാൽ നാലു വർഷത്തിനു ശേഷമാണ് രാജ്യത്തെ ടെലികോം കമ്പനികൾ നിരക്കുകൾ കുത്തനെ കൂട്ടുന്നത്.

മൊബൈൽ ഡേറ്റ നിരക്ക് പട്ടികയിൽ ബ്രിട്ടൻ 134–ാം സ്ഥാനത്താണ്. അതേസമയം, സിംബാബ്‌വെയിൽ ഒരു ജിബി ഡേറ്റയുടെ നിരക്ക് 75.20 ഡോളറും ഗയാനയില്‍ 65.83 ഡോളറുമാണ്. ആഫ്രിക്കയില്‍ തന്നെ സുഡാൻ, കോംഗോ രാജ്യങ്ങളിൾ ഒരു ജിബി ഡേറ്റയ്ക്ക് ഒരു ഡോളറിനു താഴെയാണ് വാങ്ങുന്നത്.സ്വകാര്യ ടെലികോം ഓപ്പറേറ്റർമാരുടെ താരിഫ് വർധനവ് ഉപഭോക്താക്കളെ കാര്യമായി ബാധിക്കില്ലെന്നാണ് സർക്കാരിന്റെ വാദം. ഡേറ്റയും വോയിസ് കോളുകളും ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ളതും നാല് വർഷം മുൻപുള്ളതിനേക്കാൾ കുറവായിരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചത്.താരിഫ് വർധനവിന് ശേഷം 2019 അവസാനത്തോടെ ശരാശരി വയർലെസ് ഡേറ്റാ നിരക്ക് ജിബിക്ക് 16.49 രൂപയായി ഉയരുമെന്നാണ് നിഗമനം. ഔട്ട്‌ഗോയിങ് കോളുകൾക്ക് മിനിറ്റിനു ശരാശരി 18 പൈസ ചെലവാകും. മാർച്ചിൽ ഇത് 13 പൈസയായിരുന്നു.

രാജ്യത്തെ മുൻനിര ടെലികോം സേവനദാതാക്കളുടെ താരിഫ് ഉയർത്താനുള്ള നീക്കം ആത്യന്തികമായി ഉപഭോക്താവിനും സർക്കാരിനും ഗുണം ചെയ്യുമെന്ന് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി‌ഒഎഐ) വക്താവ് പറഞ്ഞു. ഉയർന്ന പ്ലാനുകളിൽ നിന്ന് ലഭിക്കുന്ന വരുമാനം നെറ്റ്‌വർക്ക് ഗുണനിലവാരം, പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള നിക്ഷേപം എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കാമെന്നും പറഞ്ഞു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച സേവനമാണ് ലഭിക്കുന്നത്. എന്നാൽ താരിഫ് വർധനവുണ്ടെങ്കിൽ പോലും നാല് വർഷം മുൻപ് നൽകിയതിനേക്കാൾ കുറവ് നിരക്കാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നതെന്നും സി‌ഒഎഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് ദേശീയ മാധ്യമത്തോടു പറഞ്ഞു.

ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഒരു ജിബി ഡേറ്റയ്ക്ക് 7.7 രൂപ നൽകിയിരുന്നത് നിലവിൽ 11 രൂപയാകും. 2015 ൽ ഒരു ജിബിക്ക് 225 രൂപയും 2010 ൽ ഒരു ജിബിക്ക് 333 രൂപയുമാണ് നൽകിയിരുന്നത്. ഒരു ജിബിക്ക് 11 രൂപ എന്ന നിരക്ക് ഇപ്പോഴും ആഗോള ശരാശരി 8.5 ഡോളറിനേക്കാൾ വളരെ കുറവാണെന്നും കോയ് വക്താവ് പറഞ്ഞു.മൊത്തത്തിൽ ശരാശരി എപി‌ആർ‌യു കുത്തനെ കുറഞ്ഞിട്ടുണ്ട്. 2010 ൽ 141 രൂപയായിരുന്ന എപിആർയു 2017 ൽ 118 രൂപയായി കുറഞ്ഞു. പിന്നീട് ഇത് 80 രൂപയായി വരെ കുറഞ്ഞിട്ടുണ്ട്. നിരക്ക് വർധിപ്പിച്ചതിലൂടെ നെറ്റ്‌വർക്ക് അപ്‌ഗ്രേഡുകൾ, വിഡിയോ സ്ട്രീമിങ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, 5ജി തുടങ്ങിയ പുതിയ സാങ്കേതികവിദ്യകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ആത്യന്തികമായി നേട്ടമുണ്ടാകുമെന്നും മാത്യൂസ് പറഞ്ഞു. അതേസമയം വർധിച്ചുവരുന്ന ടെലികോം വ്യവസായ വരുമാനത്തിന്റെ ഒരു പങ്ക് സർക്കാരിനും ലഭിക്കും.

തുടര്ന്ന് വായിക്കുക

No comments:

Post a Comment