Breaking

Tuesday 10 December 2019

ആര്‍ക്കു മുന്നിലും തലകുനിക്കാത്ത ആപ്പിള്‍ തിരിച്ചെത്തുമോ?

ആര്‍ക്കു മുന്നിലും തലകുനിക്കാത്ത ആപ്പിള്‍ തിരിച്ചെത്തുമോ?

സ്മാര്‍ട് ഫോണ്‍ വ്യവസായത്തിനു തുടക്കമിട്ട കമ്പനിയാണ് ആപ്പിള്‍. സയന്‍സ് ഫിക്‌ഷന്‍ പുസ്തകത്താളില്‍ നിന്ന് അടര്‍ത്തിയെടുത്ത പോലെ വിഭിന്നമായ ഒരുപകരണമായി തോന്നിപ്പിച്ച ഒന്നായിരുന്നു ഇറങ്ങിയ കാലത്ത് ഐഫോണ്‍ 2ജി. പിന്നീട് ശൂന്യമായ തൊപ്പിയില്‍ നിന്ന് മജീഷ്യന്‍ മുയലിനെ പുറത്തിറക്കുന്നതുപോലെ വര്‍ഷാവര്‍ഷം പുതിയ മോഡലുകള്‍ ഇറക്കുമ്പോഴും ആപ്പിള്‍ ഓരോരോ പുതുമകള്‍ കൊണ്ടുവന്ന് അദ്ഭുതപ്പെടുത്തി. ആപ്പിള്‍ നല്‍കിയ സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് ആദ്യ ഐഫോണിന്റെ പ്രോസസര്‍ ഉണ്ടാക്കി നല്‍കിയ സാംസങ് മുതല്‍ വാവെയ് വരെ പല കമ്പനികളും സ്മാര്‍ട് ഫോണ്‍ നിര്‍മാണം ഏറ്റെടുത്തു. പല വഴിക്കും അനുകരണങ്ങള്‍ വന്നെങ്കിലും ആദ്യ വര്‍ഷങ്ങളില്‍ ഐഫോണിന്റെ മാറ്റ് ഒന്നു വേറെതന്നെയായിരുന്നു. പുതിയ ഫീച്ചറുകള്‍ ഐഫോണില്‍ കണ്ടശേഷം കോപ്പിയടിക്കുന്ന രീതിയാണ് അവരുടെ എതിരാളികള്‍ അന്നൊക്കെ പിന്തുടര്‍ന്നിരുന്നത്.

എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്മാര്‍ട് ഫോണ്‍ നിര്‍മാണത്തില്‍ ആപ്പിളിനെ പിന്തള്ളി പല കമ്പനികളും മുന്നേറിയിരിക്കുന്നതായി കാണാം. ആദ്യകാലത്ത് കമ്പനിയുടെ മേധാവിയായിരുന്ന സ്റ്റീവ് ജോബ്‌സ് പോലെയൊരാളുടെ അഭാവമാണോ, ഫോണ്‍ നിര്‍മാണത്തില്‍ സമൂല മാറ്റംവരുത്തുന്ന കാര്യത്തിലൊക്കെ ആപ്പിള്‍ ഇപ്പോള്‍ ഒരു യാഥാസ്ഥിതികമായ കമ്പനിയായി തോന്നിപ്പിക്കുന്നതെന്ന് പലരും സംശയിക്കുന്നു. ഡിസൈനെല്ലാം പ്രശ്‌നമില്ലാതെ പോകുന്നുണ്ടല്ലോ. അതു മതി. പുതിയതു വേണ്ട എന്ന ചിന്ത ബാധിച്ചതു പോലെയാണ് കമ്പനിയുടെ പോക്ക് എന്നു പറയാറുണ്ട്. ഇതിനിടയ്ക്കുകൊണ്ടുവന്ന എടുത്തു പറയാവുന്ന ഏക മാറ്റമാണ് ഐഫോണ്‍ X. എന്നാല്‍ 2020ല്‍ ഇതെല്ലാം മാറുമെന്നാണ് ഒരു കൂട്ടം ആപ്പിള്‍ ആരാധകര്‍ പറയുന്നത്. ജോബ്‌സിന്റെ കാലത്തു കണ്ടിരുന്ന അതേ ആപ്പിള്‍ 2020ല്‍ സടകുടഞ്ഞുണരാന്‍ പോകുകയാണത്രെ. അടുത്ത ഐഫോണ്‍ 12 സീരിസിനൊപ്പം ആര്‍ക്കു മുന്നിലും തലകുനിക്കാത്ത ആപ്പിള്‍ തിരിച്ചെത്തുമെന്നാണ് പുതിയ പ്രവചനം

ആദ്യ ഐഫോണിനു ശേഷം ക്യാമറയുടെ, ബാറ്ററിയുടെ പ്രകടനത്തിന്റെ കാര്യത്തിലുമൊക്കെ പല മാറ്റങ്ങളും വന്നു. എങ്കിലും കമ്പനിക്ക് എവിടെയൊക്കെയോ വഴിമുട്ടിയെന്ന തോന്നലാണ് അവലോകകര്‍ക്ക്. ഐഫോണിന്റെ വില്‍പന മോശമല്ലാത്ത രീതിയില്‍ തുടരുന്നതിനു പ്രധാന കാരണം കഴിഞ്ഞ വര്‍ഷം ഇറക്കിയ ഐഫോണ്‍ XRഉം. ഈ വര്‍ഷത്തെ ഐഫോണ്‍ 11ഉം ആണ്. എന്നാല്‍ സ്റ്റീവ് ജോബ്‌സിന്റെ ആശയത്തില്‍ വിശ്വസിക്കുന്നവര്‍ ആപ്പിളിന്റെ ഇത്തരം പ്രകടനത്തില്‍ പാടേ അസംതൃപ്തരാണ്. തങ്ങള്‍ അറിയുന്ന ആപ്പിളല്ല ഇതെന്നാണ് അവരുടെ വാദം. എവിടെ നൂതനത്വം ? പുതിയ ഐഫോണ്‍മോഡലുകള്‍ എന്തുകൊണ്ടാണ് ഒരാവേശവും പകരാത്തത് എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.

പത്തു വര്‍ഷം മുൻപ് 2009ല്‍ എതിരാളികള്‍ക്ക് കാര്യമായി ഒന്നും അറിയില്ലായിരുന്നു. എന്നാല്‍ 2019ല്‍ പല കാര്യങ്ങളിലും ഐഫോണിന്റെ എതിരാളികള്‍ മികവു പ്രദര്‍ശിപ്പിക്കുന്നതായി കാണാം. സാംസങ് ഗ്യാലക്‌സി നോട്ട് 10 പ്ലസ്, വാവെയ് മെയ്റ്റ് 30 പ്രോ, എന്തിന് വണ്‍പ്ലസ് 7 പ്രോ പോലും ചില കാര്യങ്ങളിലെങ്കിലും ഐഫോണുകളെക്കാള്‍ മികവു പ്രദര്‍ശിപ്പിക്കുന്നു. ആപ്പിളിനെ സംബന്ധിച്ച് ഒത്തുപിടിക്കേണ്ട കാലമാണിത്. കൂടുതല്‍ പിന്നിലേക്കു പോയാല്‍ പല വമ്പന്‍ കമ്പനികളെയും പോലെ തികച്ചും അപ്രസക്തമായേക്കാം. അടുത്ത നോക്കിയയാണ് ആപ്പിള്‍ എന്നുവരെ തട്ടിവിടുന്നവരുണ്ട്. ഇത്തരം നിരുത്സാഹജനകമായ റിപ്പോര്‍ട്ടുകള്‍ വരുമ്പോഴും ആപ്പിള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും എന്നു വിശ്വസിക്കുന്നവരും ഉണ്ട്. സ്റ്റീവ് ജോബ്‌സ് ആരാധകരെ ആവേശത്തിലാഴ്ത്തി കമ്പനി അടുത്ത വര്‍ഷം സടകുടഞ്ഞെഴുന്നേല്‍ക്കുമോ? വിവിധ വാദങ്ങള്‍ ഇതാ:

ഈ വര്‍ഷത്തെ ഒരു ഐഫോണ്‍ മോഡലില്‍ പോലും 5ജി നല്‍കാനായില്ല എന്നത് കമ്പനിയുടെ ആരാധകരെ സംബന്ധിച്ച് വളരെ നിരാശാജനകമായ കാര്യമാണ്. എന്നാല്‍, അടുത്ത വര്‍ഷത്തെ മോഡലുകളായ ഐഫോണ്‍ 12, 12 പ്രോ, 12 പ്രോ മാക്‌സ് എന്നിവയിലെല്ലാം 5ജി സാങ്കേതികവിദ്യ ഉണ്ടായേക്കാമെന്നാണ് സൂചന. കൂടാതെ അവയുടെ സ്‌ക്രീനുകള്‍ക്ക് നാളിതുവരെ ലഭിക്കാതിരുന്ന തരം അപ്‌ഡേറ്റും ലഭിക്കും. 90Hz മുതല്‍ 120Hz വരെ റിഫ്രെഷ് റെയ്റ്റുള്ളവയായിരിക്കും പുതിയ ഫോണുകള്‍ എന്നാണ് കേള്‍ക്കുന്നത് ( ഒരു പക്ഷേ ഐഫോണ്‍ 12ന് ഒഴികെ). 100 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതവും പ്രതീക്ഷിക്കുന്നു. പോപ്-അപ് ക്യാമറകള്‍, പഞ്ച് ഹോള്‍ ക്യാമറകള്‍, ഇന്‍-ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കുന്നു. ഫോള്‍ഡബിൾ മോഡലും പുറത്തിറക്കിയേക്കുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്.എന്നാല്‍, അതെല്ലാം അമിത ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നവരുടെ തോന്നലുകളാണ് എന്ന വാദവും ഉണ്ട്. പോപ്-അപ് ക്യാമറകള്‍ അപ്രായോഗികമായ ഒന്നാണ് എന്നാണ് ആപ്പില്‍ ഇപ്പോഴും കരുതുന്നതെന്നു വിശ്വസിക്കുന്നവരും ഉണ്ട്. അതുപോലെ ഫോള്‍ഡബിൾ ഫോണും അടുത്ത വര്‍ഷം കണ്ടേക്കില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഡിസ്‌പ്ലെയുടെ റിഫ്‌റെഷ് റെയ്റ്റ് 120Hz കണ്ടേക്കാമെന്നു തന്നെയാണ് പറയുന്നത്. ഫെയ്‌സ്‌ഐഡിയുടെ സെന്‍സറുകളും ക്യാമറയുമെല്ലാം ഡിസ്‌പ്ലെയ്ക്കുള്ളില്‍ ഉൾപ്പെടുത്താനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല. ചെറിയ നോച് കണ്ടേക്കുമെന്നാണ് വീണ്ടും യാഥാസ്ഥിതികമായി ചന്തിക്കുന്നവര്‍ പറയുന്നത്. എന്നാല്‍, അടുത്ത വര്‍ഷം എല്ലാ മോഡലുകളിലും കണ്ടില്ലെങ്കിലും 5ജി ഐഫോണ്‍ ഇറക്കുമെന്നു തന്നെയാണ് ഇരുകൂട്ടരും വാദിക്കുന്നത്.

അടുത്ത വര്‍ഷം ആപ്പിള്‍ കൊണ്ടുവരുമെന്നു കരുതുന്ന ഫീച്ചറുകള്‍ നിരവധിയാണ്. എന്നാല്‍ ആപ്പിള്‍ പ്രായോഗികതയ്ക്കു തന്നെ മുന്‍തൂക്കം നല്‍കുമെന്നാണ് ഒരു കൂട്ടം ആളുകളുടെ പ്രവചനം. ആദ്യ സൂചനകള്‍ പ്രകാരം, 12 പ്രോ, 12 പ്രോ മാക്‌സ് ഫോണുകളുടെ പിന്‍ ക്യാമറ സിസ്റ്റത്തില്‍ നാലാമതൊരു ക്യാമറയ്ക്കു കൂടെ ഇടമൊരുക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിള്‍. ഇവയുടെ റാം 6 ജിബി ആയി ഉയര്‍ത്തും. ഇത് കമ്പനിയുടെ എ14 പ്രോസസറുമൊത്തു പ്രവര്‍ത്തിക്കുമ്പോള്‍ ഐഫോണ്‍ അതീവ ശക്തിയുള്ള മെഷീനായി തീരുമെന്നാണ് കരുതുന്നത്. ഐഒഎസിന്റെ അതുല്യമായ വേഗം, കുറച്ചു റാം മാത്രമേ ഉള്ളൂവെങ്കിലും ആര്‍ക്കും മുന്നില്‍ തലകുനിക്കേണ്ടി വരില്ലാത്ത തരം പ്രകടനം ഉറപ്പുവരുത്തുമെന്ന് ആപ്പിള്‍ പ്രേമികള്‍ക്കറിയാം.എന്നാല്‍ ഏറ്റവും പുതിയ അഭ്യൂഹങ്ങള്‍ പറയുന്നത് അടുത്ത വര്‍ഷത്തെ 12 പ്രോ മാക്‌സിന് മുൻപൊരു ഐഫോണിനും ലഭിക്കാത്ത അത്ര വലുപ്പമുള്ള സ്‌ക്രീന്‍ കിട്ടുമെന്നാണ് – 6.7-ഇഞ്ച്. ഈ പ്രവചനം ശരിയാകുകയാണെങ്കില്‍ ഇതായിരിക്കും ഏറ്റവും 'വലിയ' ഐഫോണ്‍ അപ്‌ഡേറ്റ്. എന്നാല്‍ 12 പ്രോ മോഡലിനാകട്ടെ സ്‌ക്രീന്‍ സൈസ് 5.4-ഇഞ്ച് ആയിരിക്കാമെന്നും പറയുന്നു. ചെറിയ കൈ ഉള്ളവര്‍ക്കായി ഫോണിന്റെ സൈസ് കുറയ്ക്കുകയാണെന്നാണ് ഒരു വാദം. എന്നാല്‍ ഐഫോണ്‍ 12ന്റെ സ്‌ക്രീനിന് 6.1-ഇഞ്ച് വലുപ്പമായിരിക്കും.

<ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത വര്‍ഷത്തെ എല്ലാ ഐഫോണുകള്‍ക്കും ഓലെഡ് ഡിസ്‌പ്ലെ നല്‍കാനായി, പാനലുകള്‍ വാങ്ങാന്‍ സാംസങ് അടക്കമുള്ള കമ്പനികളെ സ്‌ക്രീന്‍ നിര്‍മാതാക്കളെ ആപ്പിള്‍ സമീപിച്ചു കഴിഞ്ഞു. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ ഐഫോണ്‍ 12നും വില കൂടിയേക്കും. ഇതിനു ഒട്ടും സാധ്യതയില്ലെന്ന് പറയുന്നവരുമുണ്ട്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment