Breaking

Thursday, 28 November 2019

വേട്ടക്കാരന്‍ മത്സ്യം

വേട്ടക്കാരന്‍ മത്സ്യം

ആഴക്കടലിലെ മരുഭൂമി പോലുള്ള മേഖലകളില്‍ ജീവിക്കുന്ന ജീവികള്‍ക്ക് വയറു നിറച്ച് ഭക്ഷണം ലഭിക്കുന്നത് വര്‍ഷത്തിലൊരിക്കല്‍ വല്ലപ്പോഴുമാണ്. അതുകൊണ്ടു തന്നെ ആഴക്കടലിലെ ജീവികള്‍ കൂട്ടമായി ഭക്ഷണം കഴിയ്ക്കുന്ന ദൃശ്യങ്ങള്‍ ലഭിക്കുന്നതും വിരളമാണ്. ഇത്തരമൊരു അപൂർവ ദൃശ്യമാണ് ആഴക്കടലില്‍ ഇറങ്ങാൻ കഴിയുന്ന റോബോട്ടിനെ ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനിടെ ഗവേഷകര്‍ക്കു ലഭിച്ചത്.കടലിലിനടിയില്‍ ഏതാണ്ട് 450 മീറ്റര്‍ ആഴത്തിലാണ് ഈ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. സൗത്ത് കാരലൈനയില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ ആഴക്കടല്‍ പര്യവേക്ഷണത്തിലായിരുന്നു ഗവേഷക സംഘം. കടലിനടയില്‍ ചത്തടിഞ്ഞ സ്വോര്‍ഡ് ഫിഷ് ഇനത്തില്‍ പെട്ട മത്സ്യത്തെ ഭക്ഷണമാക്കാന്‍ ഈ മേഖലയിലെ ജീവികള്‍ കൂട്ടത്തോടെയെത്തുന്ന ദൃശ്യങ്ങളാണ് റോബോട്ടിന്‍റെ ക്യാമറയില്‍ പതിഞ്ഞത്. മരുഭൂമിക്ക് തുല്യമായി മണല്‍ നിറഞ്ഞ ഈ മേഖലയില്‍ ഭക്ഷണം ലഭിക്കുന്നത് അപൂർവമാണെന്ന് പ്രദേശം കണ്ടാല്‍ തന്നെ മനസ്സിലാകും

ഏതാണ്ട് രണ്ടര മീറ്ററില്‍ അധികം നീളമുള്ള സ്വോര്‍ഡ് ഫിഷിന്‍റെ ശരീരത്തിന്റെ മേലുള്ള നിയന്ത്രണം മറ്റ് ജീവികളെ തുരത്തി കൊണ്ട് സ്രാവുകള്‍ ഏറ്റെടുക്കുന്നു. വൈകാതെ ഏതാണ്ട് 1 മീറ്റര്‍ വരെ നീളമുള്ള സ്രാവുകള്‍ കൂട്ടത്തോടെ സ്വോര്‍ഡ് ഫിഷിനെ കടിച്ച് കീറുന്നതുമാണ് ദൃശ്യങ്ങളില്‍ കാണാനാകുക. ഇങ്ങനെ സ്രാവിന്‍ കൂട്ടം അപ്രതീക്ഷിതമായി കിട്ടിയ വിരുന്നില്‍ സ്വയം മറന്നിരിക്കുമ്പോഴാണ് ഇരുട്ടിന്‍റെ മറവില്‍ നിന്ന് മറ്റൊരു ശത്രു പതിയെ എത്തിയത്.റോബോട്ടിന്‍റെ ക്യമാറയുടെ പിന്നില്‍ പ്രത്യക്ഷപ്പെട്ട ഈ ശത്രു ഏതാനും നിമിഷത്തേക്ക് അതിന്‍റെ മുന്നില്‍ നിന്നും മറയുന്നുമുണ്ട്. പിന്നീട് മറവില്‍ നിന്ന് പുറത്ത് വരുമ്പോള്‍ ഈ മത്സ്യത്തിന്‍റെ വായില്‍ നിന്ന് സ്രാവിന്‍റെ വാല്‍ മാത്രം പുറത്തേക്കു നീണ്ട് നില്‍ക്കുന്നതാണ് കാണാന്‍ കഴിയുക. അതായത് ഒരു സ്രാവിനെ മുഴുവനായും ഈ മത്സ്യം വിഴുങ്ങിയെന്ന് സാരം. സ്റ്റോണ്‍ ബാസ് അഥവാ ബാസ് ഗ്രൂപ്പേഴ്സ് ഇനത്തില്‍ പെട്ടതായിരുന്നു പതിയെ നീങ്ങുന്ന ഈ വേട്ടക്കാരന്‍ മത്സ്യം. സ്രാവിന്‍റെ അത്ര തന്നെയാണ് ശരീരത്തിന്‍റെ നീളമെങ്കിലും സ്രാവിന്‍റെ ഇരട്ടി ആകാരം ഈ മത്സ്യത്തിനുണ്ടായിരുന്നു.

ഏതാണ്ട് അഞ്ച് ദിവസത്തോളം പഴക്കം ഈ സ്വോര്‍ഡ് ഫിഷിന്‍റെ ശരീരത്തിനുണ്ടെന്നാണ് കണക്കാക്കുന്നത്. അഞ്ച് ദിവസങ്ങളായി സ്രാവുകള്‍ ഇവിടേക്കെത്തി ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഗവേഷകര്‍ കരുതുന്നു. ഒരു പക്ഷേ സ്രാവുകള്‍ ഉള്‍പ്പടെയുള്ള മത്സ്യങ്ങള്‍ ധാരാളമായി കാണപ്പെട്ടതിനാലാകാം സ്റ്റോണ്‍ ബാസ് മത്സ്യവും ഇവിടേക്കെത്തിയതെന്നാണ് കണക്കാക്കുന്നത്. പതിയെ നീങ്ങുന്ന മത്സ്യമായതിനാല്‍ തന്നെ ഇരകള്‍ കൂട്ടത്തോടെ എത്തുന്ന മേഖലയില്‍ മാത്രമെ സ്റ്റോണ്‍ ബാസ് മത്സ്യത്തിന് വേട്ടയാടാന്‍ കഴിയൂ. അതിനാല്‍ തന്നെ ഒരു പക്ഷേ ദിവസങ്ങളായി സ്വോര്‍ഡ് ഫിഷിന്‍റെ ശരീരം തിന്നാനെത്തുന്ന സ്രാവുകളെ സ്റ്റോണ്‍ ബാസുകള്‍ ഇവിടെ വേട്ടയാടുന്നുണ്ടാകാമെന്നും ഗവേഷകര്‍ കണക്കു കൂട്ടുന്നു.

ഏതായാലും വലുപ്പത്തില്‍ കുഞ്ഞന്‍മാരാണെങ്കിലും കടലിലെ അപകടകാരികളായി കണക്കാക്കുന്നവയാണ് ഡോഗ് ഷാര്‍ക് എന്നറിയപ്പെടുന്ന ഈ കുഞ്ഞന്‍ സ്രാവുകള്‍. ഇവ കൂട്ടത്തോടെ കാണപ്പെടുന്ന പ്രദേശത്തേക്കെത്തി ഇവയിലൊന്നിനെ തന്നെ ഇരയാക്കാന്‍ സ്റ്റോണ്‍ ബാസിനെ സഹായിച്ചത് അവയുടെ പതുങ്ങിയെത്താനുള്ള കഴിവാണെന്നും ഗവേഷകര്‍ കരുതുന്നു. അപകടത്തില്‍ പെട്ട് മുങ്ങിപ്പോയ എസ്എസ് ബ്ലഡി മാര്‍ഷ് എന്ന എണ്ണക്കപ്പലിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നതായിരുന്നു കടലിലേക്കെത്തിയ റോബോട്ടിക് ക്യാമറാമാനായ ഡീപ് ഡിസ്കവറിന്‍റെ ലക്ഷ്യം. എന്നാല്‍ ലഭിച്ചതാകട്ടെ കടലിനടിയില്‍ അസംഭവ്യമെന്ന് വിചാരിച്ച ഒരു വേട്ടയാടലിന്‍റെ ദൃശ്യങ്ങളും

തുടര്ന്ന് വായിക്കുക

No comments:

Post a Comment