ഓണ്‍ലൈന്‍ വ്യാപാര മേളകളിലെ ഡിസ്കൗണ്ട് തട്ടിപ്പോ?
ബ്രിട്ടനിലെ ഓണ്‍ലൈന്‍ വില്‍പനാഘോഷമായ ബ്ലാക് ഫ്രൈഡെയില്‍ വില്ക്കപ്പെട്ട പല സാധനങ്ങള്‍ക്കും അതിലും വില താഴ്ത്തി അതിനു മുൻപോ ശേഷമോ വില്‍ക്കപ്പെട്ടിട്ടുണ്ട്. ഇരുപതില്‍ ഒരു പ്രൊഡക്ട് എന്ന അനുപാതത്തില്‍ മാത്രമാണ് ബ്ലാക് ഫ്രൈഡെ ഡീലുകളില്‍ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നത് എന്നുമാണ് വിച്? (Which?) എന്ന കമ്പനി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. ഇത് ബ്ലാക് ഫ്രൈഡെ വില്പന മേളകള്‍ വെറും ബഹളം മാത്രമാണെന്നാണ് കാണിച്ചു തരുന്നതെന്ന റിപ്പോര്‍ട്ട് ഇത്തരം മറ്റു വിപണന മേളകളെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കുന്നു
കഴിഞ്ഞ വര്‍ഷം ബ്ലാക് ഫ്രൈഡേയ്ക്ക് 'വില കുറച്ചു' വില്ക്കപ്പെട്ട 83 സാധനങ്ങള്‍ക്ക് ബ്ലാക് ഫ്രൈഡെക്കു മുൻപും അതു കഴിഞ്ഞും വന്ന വില വ്യതിയാനം പഠിച്ച ശേഷം തയാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ബ്ലാക് ഫ്രൈഡെയ്ക്ക് 'വില കുറച്ചു' വിറ്റ പലതിനും മേളയ്ക്കു മുൻപും അതു കഴിഞ്ഞും പലപ്പോഴും അതിലും വില കുറവായിരുന്നു എന്നാണ് ഒരു കണ്ടെത്തല്‍. ഉദാഹരണത്തിന് കഴിഞ്ഞ തവണ കറീസ് പിസി വേള്‍ഡ് ( Currys PC World) ബ്ലാക് ഫ്രൈഡെക്ക് ഡീലുകളിലൊന്ന് സാംസങ് സൗണ്ട് ബാറായിരുന്നു. അതിന് 299 പൗണ്ടായി കുറച്ചു വില്‍ക്കുന്നു എന്നായിരുന്നു ഓഫര്‍. എന്നാല്‍ ബ്ലാക് ഫ്രൈഡേക്കു ശേഷം ഇതേ പ്രൊഡക്ട് അടുത്ത ആറു മാസത്തിനിടെ 13 തവണ 279.97 പൗണ്ടിനു കറിസ് വിറ്റിട്ടുണ്ട് എന്നാണ് ഒരു കണ്ടെത്തല്‍. ചുരുക്കിപറഞ്ഞാല്‍ ബ്ലാക് ഫ്രൈഡേയ്ക്ക് ആളുകള്‍ കണ്ണുമടച്ചു വാങ്ങുമെന്നറിയാവുന്നതുകൊണ്ട് കാശു കൂട്ടിയിട്ടുവെന്നു വേണമെങ്കിൽ വാദിക്കാം.
മറ്റൊരു സ്ഥാപനമായ ജോണ്‍ ലുയിസില് ഒരു De'Longhi കോഫി മെഷീന്റെ ബ്ലാക് ഫ്രൈഡെ മേളയിലെ വില 399 പൗണ്ടായിരുന്നു. എന്നാല്‍ അടുത്ത ആറുമാസത്തിനുള്ളില്‍ അത് 35 തവണ 368 പൗണ്ടിനു വിറ്റിട്ടുണ്ട് എന്നു കണ്ടെത്തി. രണ്ടാം തലമുറയിലെ ആമസോണ്‍ എക്കോ 39 ശതമാനം കിഴിവില്‍ ലഭ്യമാണെന്നു പറഞ്ഞു വിറ്റത് അതിനു മുൻപ് 13 തവണയെങ്കിലും അതിലും വില കുറച്ചു വിറ്റിട്ടുണ്ട് എന്നാണ് വിച്ച്? നടത്തുന്ന മറ്റൊരു കണ്ടെത്തല്‍. ബ്ലാക് ഫ്രൈഡെ വില്പന മേള വളര്‍ന്ന് ഇപ്പോള്‍ രണ്ടാഴ്ചത്തെ ഉത്സവമായി തീര്‍ന്നു കഴിഞ്ഞിരിക്കുകയാണ്. ഇത് ആളുകള്‍ക്കും കടക്കാര്‍ക്കും മുഷിപ്പുളവാക്കുന്ന കാലയളവായി തീര്‍ന്നിരിക്കുകയാണെന്നും, ഈ വര്‍ഷത്തിനു ശേഷം ബ്ലാക് ഫ്രൈഡെ വാങ്ങലിനോടുള്ള ആവേശം തണുത്തേക്കുമെന്നും പ്രതീക്ഷിക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ പൗണ്ടിനു വില കുറഞ്ഞു നില്ക്കുന്നതു മുതലാക്കാന്‍ ചില ടൂറിസ്റ്റുകള്‍ ശ്രമിച്ചേക്കുമെന്നത് ഈ വര്‍ഷം കാര്യമായി വില്പന നടക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
പല പ്രൊഡക്ടുകള്‍ക്കും വര്‍ഷം മുഴുവന്‍ ഡിസ്കൗണ്ട് നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ ബ്ലാക് ഫ്രൈഡെ വില്പന മേളയില്‍ എന്തെങ്കിലും സവിശേഷ കിഴിവ് ലഭിക്കുന്നുണ്ടോ എന്ന സന്ദേഹം വാങ്ങലുകാരെ പിടികൂടി തുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ബ്ലാക് ഫ്രൈഡെ ഓഫറുകള്‍ക്ക് മുൻപും പിമ്പുമുള്ള ആറുമാസമാണ് പഠനവിധേയമാക്കിയത്. ശരിക്കും ഡിസ്കൗണ്ട് നാല് പ്രൊഡക്ടുകള്‍ക്കു മാത്രമാണ് നല്‍കിയിരിക്കുന്നത് എന്നാണ് അവരുടെ കണ്ടെത്തല്‍. എന്നാല്‍, വില്പനക്കാര് ഒരു നിയമവും ലംഘിക്കുന്നില്ല എന്നും വിച്? പറയുന്നു. എന്നാല്‍, ഉപയോക്താക്കള്ക്ക്ഒരു വ്യക്തതയില്ലായ്മയുണ്ട് എന്നതാണ് അവര്‍ മുതലാക്കുന്നത്. നല്ല ഡീല്‍ എന്നു പറഞ്ഞു പരസ്യം ചെയ്യുന്ന പലതും അങ്ങനെയല്ല എന്ന് തങ്ങള്‍ പലപ്പോഴും കാണിച്ചുകൊടുത്തിട്ടുണ്ടെന്ന് വിച്ചിന്റെ ഉദ്യോഗസ്ഥയായ നാറ്റലീ ഹിചിന്‍സ് പറഞ്ഞു.
മേളയില്‍ പ്രൊഡക്ടുകള്‍ വാങ്ങുന്നതുകൊണ്ട് ഗുണമുണ്ടാകാം. എന്നാല്‍ പരസ്യം കണ്ടു ചാടിവീഴുകയും വേണ്ട. ഇത്തരം മേളകള്‍ മൊത്തം ഓളമുണ്ടാക്കുകയാണ് ചെയ്യുന്നത്. അല്ലാതെ വലിയ ഡിസ്കൗണ്ട് ഒന്നും നല്‍കുന്നില്ല എന്നാണ് വിച്ചിന്റെ കണ്ടെത്തല്‍. എന്നാല്‍, ഒരേ സമയത്ത് കൂടുതല്‍ പ്രൊഡക്ടുകള്‍ക്ക് ഓഫര്‍ നല്‍കുകയാണ് ഉത്സവകാല വില്പനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പല വില്പനക്കാരുടെയും നിലപാട്. ബ്രിട്ടനില്‍ മാത്രമല്ല എല്ലാ രാജ്യങ്ങളിലും ഇത്തരം വില്പന മേളകള്‍ ആവേശം ജനിപ്പിച്ച ശേഷം ആളുകളെക്കൊണ്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കാനുള്ള കാലഘട്ടം മാത്രമായേക്കാം.
മുകളില്‍ പറഞ്ഞ ആമസോണ്‍ എക്കോ 2-ാം തലമുറ ഉദാഹരണമായി എടുക്കാം. അത് മേളയില്‍ 39 ശതമാനം കിഴിവില്‍ വിറ്റു. എന്നാല്‍, അതു വിറ്റു തീര്‍ന്നില്ല. പഴയ സ്റ്റോക്ക് കമ്പനി വീണ്ടും വില കുറച്ചു വില്‍ക്കുന്നു എന്നതില്‍ തെറ്റുകാണാനാകുമോ? എക്കോ മൂന്നാം തലമുറ ഇറങ്ങുകയും ചെയ്തുവെന്നിരിക്കട്ടെ. അപ്പോള്‍ സ്വാഭാവികമായും വീണ്ടും വില കുറയും. ഏതു പ്രൊഡക്ടും ഓള്‍ഡ് സ്റ്റോക് ആകുമ്പോള്‍ ഇങ്ങനെ വില കുറച്ചു വില്ക്കുന്നുണ്ടെങ്കില് വില്പനക്കാരെ കുറ്റം പറയാനാവില്ല. എന്നാല്‍, മേളയില്‍ മാത്രമാണ് ഡിസ്കൗണ്ട് കിട്ടുക എന്ന ധാരണ മാറ്റിവയ്ക്കുന്നത് ഉപകരിക്കുകയും ചെയ്യും.
തുടര്‍ന്ന് വായിക്കുക
No comments:
Post a Comment