Breaking

Wednesday 9 October 2019

ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ സാംസങ്

ഇന്ത്യൻ വിപണി പിടിച്ചെടുക്കാൻ സാംസങ്

ദക്ഷിണ കൊറിയൻ ടെക് ഭീമൻ സാംസങ് ഇന്ത്യയിലെ സാന്നിധ്യം വിപുലീകരിക്കുന്നതിന് കൂടുതൽ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ട്. സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാൻ ലീ ജെയ്-യോംഗ് നിലവിൽ ഇന്ത്യയിൽ സന്ദര്‍ശനം നടത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും ലീ ഈ ആഴ്ച സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.

ഞായറാഴ്ച ഇന്ത്യയിലെത്തിയ ലീ ഇവിടത്തെ സാംസങ് ഇലക്ട്രോണിക്സ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. മാർച്ചിനുശേഷം ലീയുടെ ആദ്യ ഇന്ത്യൻ സന്ദർശനമാണിതെന്ന് കരുതപ്പെടുന്നു. റിലയൻസ് ജിയോയുടെ 4 ജി നെറ്റ്‌വർക്ക് ബിസിനസിന്റെ ഡിവൈസ് വിതരണക്കാരിൽ ഒരാളാണ് സാംസങ്.ഇന്ത്യൻ ടെലികോം കമ്പനികൾ രാജ്യത്ത് 5ജി ശൃംഖല സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇക്കാര്യം മുൻകൂട്ടികണ്ടാണ് സാംസങ് മേധാവിയുടെ സന്ദർശനം. നരേന്ദ്ര മോദിയുമായി ലീ കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ജൂലൈയിലാണ് സാംസങ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ നിർമാണ കേന്ദ്രങ്ങളിലൊന്ന് ഉത്തർപ്രദേശിലെ നോയിഡയിൽ സ്ഥാപിച്ചത്. 35 ഏക്കർ സ്ഥലത്തെ സാംസങ് ഇലക്ട്രോണിക്‌സ് പ്ലാന്റ് പ്രധാനമന്ത്രി മോദിയും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെയ്-ഉം ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.

സാംസങ്ങിന് നിലവിൽ രണ്ട് നിർമാണ പ്ലാന്റുകളുണ്ട് - നോയിഡയിലും തമിഴ്‌നാട്ടിലെ ശ്രീപെരുമ്പുദൂരിലും. സാംസങ്ങിന് ഇന്ത്യയിൽ അഞ്ച് ഗവേഷണ വികസന കേന്ദ്രങ്ങളുമുണ്ട്. 70,000 ത്തിലധികം പേർ ജോലി ചെയ്യുന്ന നോയിഡയിൽ കമ്പനിക്ക് ഒരു ഡിസൈൻ സെന്റർ ഉണ്ട്.ചൈനയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ ഫോൺ നിർമാതാവാണ് ഇന്ത്യ. മൊബൈൽ ഇൻഡസ്ട്രി ബോഡി ഐസിഇഎ നടത്തിയ സർവേയിൽ രാജ്യത്തെ 268 മൊബൈൽ ഹാൻഡ്‌സെറ്റ്, ആക്‌സസറീസ് നിർമാണ യൂണിറ്റുകൾ 6.7 ലക്ഷം പേർക്ക് ജോലി നൽകുന്നു.

'മേക്ക് ഇൻ ഇന്ത്യ', 'ഡിജിറ്റൽ ഇന്ത്യ' പ്രോഗ്രാമുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഉത്തർപ്രദേശ് മൊബൈൽ നിർമാണത്തിന്റെ പുതിയ കേന്ദ്രമായി മാറി. നോയിഡയിലെ മൊബൈൽ ഫോണുകളുടെ ശേഷി പ്രതിവർഷം 6.8 കോടി യൂണിറ്റിൽ നിന്ന് പ്രതിവർഷം 12 കോടി യൂണിറ്റായി ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നോയിഡയിലെ പുതിയ സാംസങ് സൗകര്യം ആരംഭിച്ചത്.ഇന്ത്യയിൽ നിലവിൽ 45 കോടിയിലധികം സ്മാർട് ഫോൺ ഉപയോക്താക്കളുണ്ട്. 2022 ഓടെ രാജ്യത്ത് സ്മാർട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണം 85.9 കോടിയിലെത്തുമെന്ന് അസോചം-പിഡബ്ല്യുസി സംയുക്ത പഠനത്തിൽ പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ ഉപഭോക്തൃ ഇലക്ട്രോണിക്സ് വിപണി കുതിച്ചുയരുന്നതും ഉപഭോക്തൃ ചെലവ് എക്കാലത്തെയും ഉയർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതുമായ ഉത്സവ സീസണിൽ സാംസങ് മേധാവിയുടെ സന്ദർശനം പ്രധാനമാണ്.

ഒക്ടോബർ 27 ന് വരുന്ന ദീപാവലിക്ക് മുൻപായി 20 ലക്ഷത്തിലധികം സ്മാർട് ഫോണുകൾ ഓൺലൈനിൽ വിൽക്കുന്നതിലൂടെ സാംസങ് ഇന്ത്യ 3,000 കോടി രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിൽ സാംസങ്ങിന് വലിയ താൽപര്യമുണ്ടെന്ന് ലീയുടെ സമീപകാല സന്ദർശനങ്ങൾ വ്യക്തമാക്കുന്നു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment