Breaking

Wednesday 9 October 2019

മോണോ തടാകത്തിലെ അപൂർവ ജീവി

മോണോ തടാകത്തിലെ അപൂർവ ജീവി 

അന്‍റാര്‍ട്ടിക്കിലെ ശൈത്യമരുഭൂമികള്‍ക്ക് സമാനമായ അവസ്ഥയില്‍ ഒരു തരത്തിലുള്ള ജീവനും അതിജീവിക്കാന്‍ കഴിയില്ലെന്നുറപ്പുള്ള മേഖലയാണ് കലിഫോര്‍ണിയ മരുഭൂമിയിലെ മോണോ തടാകം. മനുഷ്യര്‍ക്ക് അതിജീവിക്കാന്‍ കഴിയുന്നതിലും ഏതാണ്ട് 500 ഇരട്ടി ആർസനിക് അംശമാണ് ഈ തടാകത്തിലെ വെള്ളത്തിനുള്ളത്. ഒരു ഗ്ലാസ് വെള്ളത്തില്‍ അത്ര തന്നെ ഉപ്പ് കലക്കിയാല്‍ ഉള്ളതിലുമധികം ഉപ്പുരസമാണ് ഈ തടാകത്തിനുള്ളത്. എന്നാല്‍ ഈ തടാകവും ജീവനറ്റതല്ലെന്നു തെളിയിക്കുന്നതായിരുന്നു ചില പുതിയ ഇനം വിരകളുടെയും ബാക്ടീരിയകളുടെയും കണ്ടെത്തല്‍.

മുന്‍പ് തന്നെ ഏതാനും ബാക്ടീരിയകളും ആല്‍ഗകളും ഈ വെള്ളത്തില്‍ അതിജീവിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പക്ഷേ വിരകള്‍ പോലുള്ള താരതമ്യേന സങ്കീര്‍ണമായ ശരീര ഘടനയുള്ള ഒരു ജീവിവര്‍ഗത്തെ ഇവിടെ കണ്ടെത്തിയതാണ് ഗവേഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്തത്ര സൂക്ഷ്മമായ എട്ട് വിര വര്‍ഗങ്ങളെയാണ് ഗവേഷകര്‍ ഈ തടാകത്തില്‍ നിന്നു കണ്ടെത്തിയത്. എന്നാൽ ഇവിടെ ഇത്തരം സങ്കീര്‍ണ ശരീരഘടനയുള്ള ജീവികളെ കണ്ടെത്തിയതിനേക്കാളും ഗവേഷകരെ അമ്പരപ്പിച്ച സംഗതി മറ്റൊന്നാണ്. മൂന്ന് ലിംഗങ്ങളുടെ ശാരീരിക സവിശേഷതകളുള്ള ഒരു വിരയാണ് ഈ അമ്പരപ്പിന് കാരണം.

നെമാറ്റോഡ് എന്ന വിഭാഗത്തില്‍ പെടുന്നവയാണ് ഈ തടാകത്തില്‍ കണ്ടെത്തിയ വിരകളെല്ലാം. ഒനേമാ എസ്പി എന്നത് ഈ എട്ടിനം വിരകളില്‍ ഒന്നിന്‍റെ പേരാണ്. ഈ വിരയിലാണ് മൂന്ന് ലിംഗങ്ങളുടെ ശാരീരിക ലക്ഷണങ്ങള്‍ കണ്ടെത്തിയത്. സാധാരണ നെമാറ്റോഡ് വിരകളില്‍ ഹെര്‍മാഫ്രോഡൈറ്റ്സ് ലിംഗത്തില്‍ പെട്ടവയും ആണ്‍ വര്‍ഗത്തില്‍ പെട്ടവയും ഉണ്ടാകാറുണ്ട്. ആണ്‍ പെണ്‍ പ്രത്യുൽപാദന അവയവങ്ങള്‍ ഉണ്ടായിരിക്കുകയും സ്വയം പ്രത്യുൽപാദനം നടത്തുകയും ചെയ്യുന്ന ജീവികളെയാണ് ഹെര്‍മാഫ്രോഡൈറ്റ്സ് എന്ന് വിളിക്കാറുള്ളത്.

അതേസമയം ഈ തടാകത്തില്‍ കണ്ടെത്തിയ ഒനേമാ എസ്പി വിരകളില്‍ ഈ രണ്ട് ലിംഗത്തിന്‍റെ ശാരീരിക സവിശേഷതകള്‍ മാത്രമല്ല സ്ത്രീലിംഗത്തില്‍ പെട്ട പ്രത്യുൽപാദന അവയവവുമുണ്ട്. ഈ വിരകളുടെ പ്രത്യേകത അവിടം കൊണ്ടും അവസാനിക്കുന്നില്ല. ഈ വിരകള്‍ ജീവനുള്ള കുട്ടികളെ പ്രസവിക്കുന്നു എന്നതാണ് ഗവേഷകരെ അമ്പരപ്പിച്ച മറ്റൊരു കാര്യം. സാധാരണ നെമാറ്റോഡ് വിഭാഗത്തില്‍ പെട്ട വിരകള്‍ മുട്ടയിടുകയാണ് ചെയ്യുക ഇതിന് വിപരീതമായി ജീവനുള്ള കുട്ടിയെ പ്രസവിക്കുന്ന നെമാറ്റോഡ് വിരയെ ഇതാദ്യമായാണ് കണ്ടെത്തുന്നത്.ഒട്ടേറെ പ്രത്യേകതകളുള്ള ഈ ജീവി അസാധാരണ ജൈവവ്യവസ്ഥ നിലനില്‍ക്കുന്ന മോണോ തടാകത്തില്‍ കാണപ്പെടുന്നത് യാദൃശ്ചികമല്ലെന്ന് ഗവേഷകര്‍ പറയുന്നു. ഒരു പക്ഷേ ഈ ജീവിയുടെ ശാരീരികമായ ഈ പ്രത്യേകതകള്‍ ആയിരിക്കാം ഇവയെ അതിജീവിക്കാന്‍ സഹായിക്കുന്നതെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. പ്രതിസന്ധികളെയും സമ്മര്‍ദങ്ങളെയും എങ്ങനെ അതിജീവിക്കാം എന്നതിന്‍റെ പ്രകൃതിയിലെ ഉദാഹരണമായാണ് ഈ ജീവികളുടെ ജീവിതരീതിയെന്ന് ഇവയെക്കുറിച്ച് പഠനം നടത്തിയ പീ സിന്‍ ഷീ എന്ന ഗവേഷകന്‍ ചൂണ്ടിക്കാട്ടി

ഭൂമിയില്‍ ഏറ്റവുമധികം കാണപ്പെടുന്ന ജീവിവര്‍ഗങ്ങളില്‍ ഒന്നാണ് നെമാറ്റോഡ് വിരകള്‍. ഒരു മനുഷ്യന് ഏതാണ്ട് 56 ലക്ഷം നെമാറ്റോഡ് വിരകള്‍ എന്ന തോതില്‍ ഇവ ഭൂമിയില്‍ കാണപ്പെടുന്നുവെന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ മോണോ തടാകത്തില്‍ ഇവയെ കണ്ടെത്തിയില്‍ അത്ര അദ്ഭുതമില്ലെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. മോണോ തടാകത്തിലും ഏറ്റവുമധികം കാണപ്പെടുന്ന ജീവികള്‍ നെമാറ്റോഡുകളാണ്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment