പ്രതിമാസ റീചാർജ് ഡിടിഎച്ചിന് തിരിച്ചടിയായി; നെറ്റ്ഫ്ലിക്‌സിന് നേട്ടം
മാസവരി വര്‍ധിച്ചതോടെ രണ്ടു കോടി പേര്‍ ഡയറക്ട് ടു ഹോം അഥവാ ഡിടിഎച്ച് സേവനങ്ങള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണ് ഒറ്റയടിക്ക് ഇത്രമാത്രം പേര്‍ ഡിടിഎച്ച് സേവനം വേണ്ടന്നു വച്ചത്. ട്രായിയുടെ കണക്കു പ്രകാരം ജൂണ്‍ ഒടുവില്‍ ഏകദേശം 54.26 ദശലക്ഷം ഡിടിഎച്ച് വരിക്കാരാണുള്ളത്. എന്നാല്‍ ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലഘട്ടത്തില്‍ ഏകദേശം 72.44 ദശലക്ഷം വരിക്കാരായിരുന്നു ഡിടിഎച്ച് സേവനം ആസ്വദിച്ചിരുന്നത്.
ഈ കണക്കുകള്‍ പറയുന്നത് ഡിടിഎച്ച് സേവനദാതാക്കള്‍, ട്രായി നടത്തിയ പരിഷ്‌കരണത്തിനനുസിരച്ച് സേവന നിരക്കുകള്‍ പരിഷ്‌കരിച്ചതോടെയാണ് വരിക്കാര്‍ പറ്റമായി വിട്ടുപോയതെന്നാണ്. വരിക്കാര്‍ കാണുന്ന ചാനലിനു മാത്രം പണമടച്ചാല്‍ മതി എന്നായിരുന്നു ട്രായിയുടെ നിര്‍ദ്ദേശം. പെട്ടെന്നുള്ള ഈ മാറ്റം നടപ്പാക്കാനിറങ്ങിയതോടെ, ഡിടിഎച്ചുകളുടെ കസ്റ്റമര്‍ കെയറുകള്‍ക്ക് എന്തു ചെയ്യണമെന്നറിയാതെയായി. നല്ല പാക്കേജുകള്‍ ഉണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു. ഇതാകട്ടെ, ട്രായി ഉദ്ദേശിച്ചതിനു വിപരീത ദിശയിലുള്ള ഫലമാണ് ഉണ്ടാക്കിയത്.
ട്രായിയുടെ നിര്‍ദ്ദേശം വന്നതോടെ, ടിവി കണക്ഷനു നല്‍കുന്ന ബില്ലുകള്‍, രാജ്യമൊട്ടാകെയുള്ള മിക്ക ഉപയോക്തക്കള്‍ക്കും വര്‍ധിക്കുകയായിരുന്നു. ട്രായിയുടെ വിധിക്കു ശേഷം തങ്ങളുടെ ബില്‍ പലര്‍ക്കും 25 ശതമാനം വരെ വര്‍ധിച്ചു എന്നതാണ് ഉപയോക്താക്കളെ കലിപ്പിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ തങ്ങള്‍ സ്ഥിരമായി കണ്ടുവന്നിരുന്ന പല ചാനലുകളും ഉപേക്ഷിക്കാനോ, കുറഞ്ഞ പാക്കുകളിലേക്ക് മാറാനോ ഉപയോക്താക്കള്‍ നിര്‍ബന്ധിതരായി. ചിലരാകട്ടെ വിഡിയോ സ്ട്രീമിങ് സേവനങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്താണ് അരിശം തീര്‍ത്തത്.
ഒടിടി സേവനങ്ങളായ സീ5, ഹോട്‌സ്റ്റാര്‍, സോണിലൈവ് തുടങ്ങിയവയിലേക്ക് കൂടുമാറിയവരുടെ എണ്ണം വര്‍ധിച്ചു. ഈ സേവനങ്ങള്‍, ഉപയോക്താക്കള്‍ക്ക് പല ടിവി പ്രൊഗ്രാമുകളും അല്‍പം വൈകി പണമില്ലാതെ കാണാന്‍ അനുവദിക്കുന്നു. ഈ സേവനങ്ങളുടെ മാസവരിക്കും ഡിടിഎച്ചിനു നല്‍കുന്നതിനെക്കാള്‍ കുറച്ചു പണം മതി എന്നതും പലര്‍ക്കും ആകര്‍ഷകമായി. ബിഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡങ്ഗല്‍ ടിവി (Damgal TV) പെട്ടെന്ന് സീ ടിവി, സ്റ്റാര്‍ ടിവി, കളേഴ്‌സ് തുടങ്ങിയ ചാനലുകളെക്കാള്‍ പ്രിയങ്കരമായതിനു പിന്നിലും ഈ മാറ്റമാണെന്നാണ് പറയുന്നത്.
എന്നാല്‍, ഡിടിഎച്ച് സേവനങ്ങളോട് ആളുകള്‍ മുഖം തിരിച്ചതില്‍ തങ്ങള്‍ക്ക് അദ്ഭുതമേയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ ഓണ്‍-ഡിമാന്‍ഡ് കണ്ടെന്റിന് പ്രിയം കൂടി വരുന്ന കാലമാണിതെന്നാണ് അവരുടെ പക്ഷം. കേബിളും, കോഡും വേണ്ട എന്നു കരുതുന്നവരുടെ തലമുറയാണ് ഇപ്പോള്‍ വളര്‍ന്നു വരുന്നത്. ഡിടിഎച്ച് ബില്ലുകള്‍ കൂടിയതോടെ വരിസംഖ്യ പുതുക്കാത്തവരുടെ എണ്ണം വര്‍ധിക്കുകയാണ്. പൈസ കുറഞ്ഞതും സ്പീഡ് കൂടിയതുമായ മൊബൈല്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കാനാണ് പുതിയ തലമുറയ്ക്കിഷ്ടം.നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍, ഹോട്‌സ്റ്റാര്‍ തുടങ്ങിയ ഓണ്‍-ഡിമാന്‍ഡ് സേവനങ്ങള്‍ക്ക് പുതിയ തലമുറയുടെ ഇടയില്‍ പ്രിയം വര്‍ധിക്കുകയാണ്. മറ്റൊരു രാജ്യത്തും നെറ്റ്ഫ്‌ളിക്‌സിന് മൊബൈലില്‍ മാത്രമായി സേവനം നല്‍കല്‍ ഇല്ല. ഇന്ത്യയില്‍ മാത്രമാണ് അവര്‍ക്ക് ഇതുള്ളതെന്നത് മാറിവരുന്ന അഭിരുചി വെളിപ്പെടുത്തുന്ന കാര്യമാണ്. മൊബൈല്‍ ഉപകരണങ്ങളിലേക്ക് ഇന്ത്യയിലെ ഒരു പറ്റം ആളുകളുടെ കൂടുമാറ്റം ഇവിടെ ദര്‍ശിക്കാം.
തിരിച്ചടി നേരിട്ട ഡിടിഎച്ച് സേവനദാതാക്കള്‍ ഇപ്പോള്‍ ഒടിടി സേവനം നല്‍കുന്നവരുമായി ചങ്ങാത്തത്തിലാകാന്‍ നെട്ടോട്ടം നടത്തുകയാണ്. ടാറ്റാ സ്‌കൈ സ്വന്തം ടാറ്റാ സ്‌കൈ ബിഞ്ച് (Tata Sky Binge) എന്ന പേരില്‍ തുടങ്ങിയ സേവനം ആമസോണ്‍ ഫയര്‍സ്റ്റിക്കിലൂടെ ലഭ്യമാക്കി തുടങ്ങിയിരിക്കുകയാണ്.
തുടര്ന്ന് വായിക്കുക
No comments:
Post a Comment