സോളിയാണ് താരം
ഒരു ഫോണ്‍ വാങ്ങിയ ശേഷം ഇതിനേക്കാള്‍ മെച്ചമായി ഒന്നുമില്ലെന്നു പറയുന്നതിനേക്കാള്‍ വിഡ്ഢിത്തരമായി ഒന്നുമില്ല എന്ന കാലത്തേക്ക് നാമെത്തുന്നു എന്നതിന്റെ വ്യക്തമായ വിളംബരമാണ് ഗൂഗിള്‍ ഇറക്കിയ പിക്‌സല്‍ സ്മാര്‍ട് ഫോണുകള്‍. ഈ വര്‍ഷത്തെ ഐഫോണുകള്‍ക്ക് അവയെ വ്യത്യസ്ഥമാക്കുന്ന എന്തെങ്കിലും ഫീച്ചര്‍ ഉണ്ടോ എന്നകാര്യം പറയാന്‍ അല്‍പം കൂടെ കാത്തിരിക്കേണ്ടിവന്നേക്കും. 'ഡീപ് ഫ്യൂഷന്‍' എന്ന മോഡിനെക്കുറിച്ചാണ് ഇപ്പോള്‍ സംശയം നിലനില്‍ക്കുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ പിക്‌സല്‍ ഫോണുകളെക്കുറിച്ചു പറയുകയാണെങ്കില്‍ അവയുടെ പ്രോജക്ട് സോളി ഫീച്ചർ ലോകത്ത് മറ്റൊരു ഫോണിലും ഇല്ലാത്തതും, ഉപയോഗപ്രദവും, പുതുയുഗപ്പിറവി വിളിച്ചറിയിക്കുന്നതുമാണ്. ( എന്നാല്‍ പ്രൊജക്ട് സോളി കാരണം ഇന്ത്യയില്‍ പിക്‌സല്‍ 4 സീരിസ് വില്‍പനയ്‌ക്ക് എത്തിയേക്കില്ലെന്നത് മറ്റൊരു കാര്യം.)
മൈക്രോസോഫ്റ്റിന്റെ സര്‍ഫസ് കംപ്യൂട്ടറുകളെപ്പോലെയാണ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകളുടെ കാര്യവും എന്നാണ് പൊതുവെ പറയുന്നത്. ഇരു കമ്പനികളും തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ (വിന്‍ഡോസും, ആന്‍ഡ്രോയിഡും) ഏറ്റവും മികച്ച രീതിയില്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കാമെന്ന കാര്യം മറ്റു നിര്‍മാതാക്കളെ പഠിപ്പിക്കാനാണ് അവരുടെ ഫോണുകളും ലാപ്‌ടോപ്പുകളും ഇറക്കുന്നതെന്നാണ് ഈ വാദമുയര്‍ത്തുന്നവര്‍ പറയുന്നത്. എന്തായാലും ആന്‍ഡ്രോയിഡ് 10 ഏറ്റവും മനോഹരമായും കാര്യക്ഷമമായും അവതരിപ്പിച്ചിരിക്കുന്ന ഫോണാണ് പിക്‌സല്‍ 4.
രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. പിക്‌സല്‍ 4, പിക്‌സല്‍ 4 XL. ഇരു മോഡലുകള്‍ക്കും ശക്തി പകരുന്നത് ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 855 ആണ്. എന്നാല്‍ ഇതിനൊപ്പം പ്രവര്‍ത്തിക്കാന്‍ ഗൂഗിള്‍ സ്വന്തമായി രണ്ടു സഹപ്രോസസറുകളും ഉണ്ടാക്കിയിട്ടുണ്ട്. ടൈറ്റന്‍എം സെക്യുരിറ്റി ചിപ് എന്നാണ് ഒന്നിന്റെ പേര്. രണ്ടാമത്തേത് പിക്‌സല്‍ ന്യൂറല്‍ കോര്‍ ചിപ്പാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മുതല്‍ ഓഡിയോ വരെയുള്ള ഒരുപറ്റം ഫീച്ചറുകള്‍ക്ക് പുത്തനുണര്‍വ് നല്‍കാന്‍ ഇരു പ്രോസസറുകളും ഇടപെടും. 6 ജിബി റാമാണുള്ളത്. ആപ്പിള്‍ തങ്ങളുടെ ഫോണില്‍ ഉള്‍ക്കൊള്ളിച്ചിക്കുന്ന റാമിനെപ്പറ്റി ചെണ്ടകൊട്ടി അറിയിക്കാറില്ല. ഗൂഗിള്‍ അത് പറയാറുണ്ടെങ്കിലും ഇരു കമ്പനികളും സോഫ്റ്റ്‌വെയര്‍ പരമാവധി പ്രയോജനപ്പെടുത്തി ഫോണിന്റെ സ്പീഡ് വര്‍ധിപ്പിക്കുക എന്ന ചിന്തയില്‍ വിശ്വസിക്കുന്നവരാണ്. സ്റ്റോറേജ് ശേഷിയാകട്ടെ 64 ജിബി, 128 ജിബി എന്നിങ്ങനെയാണ്. പിക്‌സല്‍ 4 മോഡലുകള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഏറ്റവും വലിയ വിമര്‍ശനത്തിനു വഴിവച്ചിരിക്കുന്നതും സ്റ്റോറേജ് ശേഷിയാണ്. 2019ല്‍ സ്റ്റോറേജ് ശേഷിക്ക് ഇത്ര പിശുക്കു കാട്ടിയിരിക്കുന്നത് എന്താണെന്നാണ് ഉയരുന്ന ചോദ്യം. പ്രത്യേകിച്ചും മൈക്രോ എസ്ഡി കാര്‍ഡ്പോലും ഉപയോഗിക്കാന്‍ അനുവദിക്കാത്തപ്പോള്‍ ഇതൊരു പരിമിതി തന്നെയാണ്.
പിക്‌സല്‍ 4ന്റെ സ്‌ക്രീനിന് 5.7-ഇഞ്ച് വലുപ്പമാണുള്ളത്. ഇതിന് ഫുള്‍ എച്ച്ഡി പ്ലസ് റെസലൂഷനാണുള്ളത്. XL മോഡലിന് 6.3- ഇഞ്ച് വലുപ്പവും. (ഐഫോണ്‍ 11 പ്രോ മാക്‌സിന് 6.5-ഇഞ്ച് വലുപ്പമുണ്ട്. ഇതിന് 2കെ ഓലെഡ് റസലൂഷനാണുളളത്. സാംസങ് ഗ്യാലക്‌സി നോട്ട് 10 പ്ലസിനാകട്ടെ 6.8-ഇഞ്ച് സ്‌ക്രീനാണുള്ളത്.) എന്നാല്‍ ഈ മോഡലുകളെ അപേക്ഷിച്ച് പിക്‌സല്‍ 4 XLന്റെ സ്‌ക്രീന്‍ കൂടുതല്‍ നിമഗ്നമായ അനുഭവം പകരുന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. മുന്‍ മോഡലുകളില്‍ കണ്ടതുപോലെ ഈ വര്‍ഷത്തെ പിക്‌സല്‍ ഇരട്ടകളുടെ നര്‍മാണത്തിലും ധാരാളം അലൂമിനവും ഗ്ലാസ് ആവരണവും ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ കാലികമായ മാറ്റങ്ങളും ഉള്ളതിനാല്‍ പ്രകടനത്തില്‍ വ്യത്യാസം കണ്ടേക്കാം
പിക്‌സല്‍ 4ന്റെ സ്‌ക്രീനിന്റെ ഓലെഡ് ഡിസ്‌പ്ലേയ്ക്ക് മുന്‍ മോഡലിന്റെ അതേ റെസലൂഷന്‍ തന്നെയാണുള്ളത്. എന്നാല്‍ പുതിയ മോഡലിന്റെ ഡിസ്‌പ്ലേയ്ക്ക് എച്ച്ഡിആര്‍ സപ്പോര്‍ട്ടും യുഎച്ഡിഎ സേര്‍ട്ടിഫിക്കേഷനും ഉണ്ട്. ചുരുക്കപ്പറിഞ്ഞാല്‍ നിലവാരമുള്ള ഹൈ ഡൈനാമിക് റെയ്ഞ്ച് പ്രതീക്ഷിക്കാം. ഈ വര്‍ഷത്തെ ഐഫോണ്‍, സാംസങ് ഫോണുകളെ പിന്നിലാക്കുന്ന മറ്റൊരു ഫീച്ചര്‍ 90 മെഗാഹെട്‌സ് വേരിയബിൾ റിഫ്രെഷ് റെയ്റ്റാണ്. സ്മൂത് ഡിസ്‌പ്ലെയെന്നാണ് ഗൂഗിള്‍ ഇതിനെ വിളിക്കുന്നത്. സ്‌ക്രോളിങ്ങിലും ഗെയിം കളിക്കുമ്പോഴും ഇതിന്റെ വ്യത്യാസം വ്യക്തമായി കാണാം. റിഫ്രെഷ് റെയ്റ്റിനെ സ്മാര്‍ട് ഫോണിലെ പ്രധാന ഫീച്ചറുകളിലൊന്നാക്കിയതിന് അസൂസിനാണ് നന്ദി പറയേണ്ടത്. തങ്ങളുടെ റോഗ് (ROG) ഫോണിലാണ് കമ്പനി ഇതാദ്യം അവതരിപ്പിച്ചത്. ആദ്യ മോഡലില്‍ 90 ഹെട്‌സ് ആയിരുന്നെങ്കില്‍ റോഗ് ഫോണ്‍ 2ല്‍ അത് 120 ഹെട്‌സ് ആയി വര്‍ധിപ്പിച്ചു. (റോഗ് ഫോണ്‍ 2 റിവ്യൂ ചെയ്ത ട്രസ്റ്റഡ്‌റിവ്യൂസ് പറഞ്ഞത് സ്‌ക്രീന്‍ ഇതിലും മെച്ചപ്പെടാനാകില്ല എന്നാണ്.) 90 ഹെട്‌സ് റിഫ്രെഷ് റെയ്റ്റുള്ള മോഡലുകള്‍ വണ്‍പ്ലസിനും ഉണ്ട്.
സെല്‍ഫി ക്യാമറയ്ക്ക് 8എംപി റെസലൂഷനാണുള്ളത്. ടൈം ഓഫ് ഫ്‌ളൈറ്റ് 3ഡി ശേഷിയുമുള്ള ഈ ക്യാമറയാണ് ഫോണിലെ താരം. അധികം പിക്‌സല്‍ ഫോണുകള്‍ വിറ്റുപോകാറില്ല. എന്നാല്‍ പിക്‌സലിനുമുണ്ട് അതിന്റെ ആരാധകര്‍. പ്രത്യേകിച്ചും മുന്‍മോഡലുകളിലെ ക്യാമറയുടെ ശേഷി ചൂഷണം ചെയ്യാന്‍ അറിയാവുന്നവരാണ് കൂടുതലായും ഇതുവരെ പിക്‌സല്‍ പ്രേമികളായിരുന്നത്. എന്നാല്‍ ഇത്തവണത്തെ മോഡലുകളിലേക്ക് പിക്‌സല്‍ ഭക്തര്‍ നോക്കുമ്പോള്‍ അതില്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍ കാണില്ല. പകരം ഫോണിന് ഫെയ്‌സ് അണ്‍ലോക് ആണ്. അവിടെയാണ് സോളിയുടെ പ്രാധാന്യം
<പിക്‌സല്‍ 4 മോഡലുകളുടെ നെറ്റിയില്‍ സെന്‍സറുകളുടെയും മറ്റും സമ്മേളനമാണ്. ഫെയ്‌സ് അണ്‍ലോക്കിനായി രണ്ടു ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഉണ്ട്. മറ്റൊരു ഫെയ്‌സ് അണ്‍ലോക് ഡോട് പ്രൊജക്ടറും ഉണ്ട്. ഫെയ്‌സ്അണ്‍ലോക് ഫ്‌ളഡ് ഇലൂമിനേറ്ററും ഉണ്ട്. ഇവയ്‌ക്കൊപ്പമാണ് സോളി-റാഡാര്‍ ചിപ്പിന്റെ സ്ഥാനം. ഫോണ്‍ വച്ചിരിക്കുന്നിടത്തേക്ക് ഉടമ നടന്നു വരുമ്പോള്‍ തന്നെ ഫോണിന് സ്‌ക്രീന്‍ അണ്‍ലോക് ചെയ്തു കൊടുക്കാനാകും. ഫോണെടുത്ത് മുഖത്തിനു നേരെ പിടിക്കുക എന്ന 'ആചാര വെടി' വച്ചാല്‍ മാത്രമേ ഫോണ്‍ തുറന്നു കിട്ടൂ എന്ന കടമ്പ കടത്തുകയാണ് സോളി ചെയ്യുന്നത്. കൂടാതെ ഏതു വശത്തേക്കു പിടിച്ചാലും ഫോണിന് മുഖം തിരിച്ചറിയാനാകും. മറ്റു ഫോണുകളിലൊന്നും ഇപ്പോള്‍ ഇത്തരമൊരു ഫീച്ചര്‍ ലഭ്യമല്ല.
മറ്റൊരു ഫീച്ചര്‍ മോഷന്‍ സെന്‍സ് ജെസ്ചറുകള്‍. ആംഗ്യത്തിലൂടെ ഫോണിനെ നിയന്ത്രിക്കാമെന്നതാണ് സോളിയുടെ മറ്റൊരു മാജിക്. കൈ വീശിയും മറ്റും ഫോണ്‍ കോള്‍ കട്ടു ചെയ്യാം! അലാം നിർത്താം! ഇത് നാവിഗേഷനില്‍ നല്ലൊരു പുതുമയായിരിക്കുമെന്നാണ് കരുതുന്നത്. പ്രായോഗികതലത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്നു കണ്ടറിയണം. എല്‍ജിയുടെ G8ന്റെ Z ക്യാമറയ്ക്ക് ഇത്തരം ശേഷിയുണ്ടായിരുന്നു. എന്നാല്‍ അത് നന്നായി പ്രവര്‍ത്തിച്ചില്ല. പിക്‌സല്‍ 4നേക്കുറിച്ച് മികച്ച അഭിപ്രായമാണ് എത്തുന്നത്. എന്നാല്‍, സോളി കാരണം ഫോണ്‍ ഇന്ത്യയിലേക്കു വരില്ല എന്നാണ് പറയുന്നത്. ഈ ചിപ്പിന് ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതി ഇല്ലാത്തതാണ് കാരണം എന്നാണ് അറിയുന്നത്.
ഗൂഗിള്‍ അസിസ്റ്റന്റ് തുടങ്ങി നിരവധി പുതുമകളും ഫോണിനുണ്ട്. പിക്‌സല്‍ 4ന്റെ തുടക്ക മോഡലിന്റെ വില 799 ഡോളറാണെങ്കില്‍ XL മോഡലിന് 899 ഡോളര്‍ നല്‍കണം.
തുടര്ന്ന് വായിക്കുക
No comments:
Post a Comment