Breaking

Wednesday 16 October 2019

ആപ്പിലൂടെ ആപ്പിലായി ചൈനക്കാർ

ആപ്പിലൂടെ ആപ്പിലായി ചൈനക്കാർ 

ഇതൊരു രാജ്യസ്‌നേഹ ആപ്പിന്റെ ഞെട്ടിക്കുന്ന കഥയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രസിഡന്റ് ജിന്‍പിങ്ങിന്റെ പേരിലുള്ള ആപ്പിനു (Xi Jinping App) നല്‍കിയിരിക്കുന്ന വിവരണം, 'മഹത്തായ രാജ്യത്തെക്കുറിച്ച് പഠിക്കാം' ('Study the Great Nation') എന്നാണ്. രാജ്യ സ്‌നേഹമുള്ള ആര്‍ക്കും ഇത് ഇന്‍സ്‌റ്റാള്‍ ചെയ്യാന്‍ തോന്നിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ. ചൈനീസ് സർക്കാർ തങ്ങളുടെ പ്രചാരണവേലയ്ക്ക് ഉപയോഗിക്കുന്ന ആപ്പാണിത്. എന്നാല്‍, ഈ ആപ് ഇന്‍സ്‌റ്റാള്‍ ചെയ്യുന്നയാൾ അതിന് 'സൂപ്പര്‍യൂസര്‍' അക്‌സസ് നല്‍കേണ്ടതായുണ്ട്. ഇതിലൂടെ ആപ്പിന് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട 100 കോടിയിലേറെ ഉപയോക്താക്കളുടെ സെല്‍ഫോണുകളിലേക്കും മറ്റും യഥേഷ്ടം കടന്നുകയറാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ആപ്പിന്റെ കോഡ് പരിശോധിച്ച ഗവേഷകര്‍ ഞെട്ടിക്കുന്ന കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്. ഫോണിന്റെ ഉടമ അയയ്ക്കുന്ന ഓരോ മെസേജും, എടുക്കുന്ന ഓരോ ഫോട്ടോയും, ഇന്റര്‍നെറ്റ് ബ്രൗസിങ് ഹിസ്റ്ററിയും ചോര്‍ത്തിയെടുക്കാം. കോണ്ടാക്ട്‌സ് ആരെല്ലാമാണെന്നു പരിശോധിക്കാം. ഇതൊന്നും പോരെങ്കില്‍ ഫോണിലെ ഓഡിയോ റെക്കോര്‍ഡര്‍ സ്വയം പ്രവര്‍ത്തിപ്പിച്ച് വേണ്ട സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്‌തെടുക്കാനും സാധിക്കും. ഇത്തരം ആരോപണങ്ങള്‍ മുൻപ്, സ്വകാര്യ കമ്പനികളുടെ ചില ജനപ്രിയ ആപ്പുകള്‍ക്കെതിരെയാണ് ഉയര്‍ന്നിരുന്നത്. ഒരു പക്ഷേ, ഇതാദ്യമായി ആയിരിക്കണം ഇത്ര വിപുലമായ ലക്ഷ്യങ്ങളുളള ആപ് ഒരു രാജ്യം ഇറക്കിയെന്ന ആരോപണമുയരുന്നത്.ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 കോടിയിലേറെ ഉപയോക്താക്കളുടെ ഡേറ്റയിലേക്ക് കടന്നുകയറാനാകുമെന്നാണ് ഇത് കണ്ടെത്തിയ ഗവേഷണ കമ്പനിയായ ഓപണ്‍ ടെക്‌നോളജി ഫണ്ടിന്റെ ഡയറക്ടറായ സേറാ ഔണ്‍ പറയുന്നത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സൂക്ഷ്മമായി അറിയാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് അവര്‍ ആരോപിക്കുന്നു. ആരോപണവിധേയമായ ആപ് 2019 ജനുവരിയിലാണ് ഇറക്കിയിരിക്കുന്നത്. ആപ്പില്‍ വാര്‍ത്തകളും വിഡിയോകളുമാണ് ഉള്ളത്. ഇവയിലേറെയും ജിന്‍പിങ്ങിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുളളതാണ്. കൂടുതല്‍ ആര്‍ട്ടിക്കിളുകള്‍ വായിക്കുകയും കമന്റ് ചെയ്യുകയും ചെയ്യുന്നവര്‍ക്ക് പോയിന്റുകളും നല്‍കുന്നുണ്ട്. ആരെല്ലാമാണ് ഇതില്‍ മുന്നിലെന്നു വ്യക്തമായി കാണിക്കുകയും ചെയ്യും.

ആന്‍ഡ്രോയിഡിലും, ഐഒഎസിലും ഇതു പ്രവര്‍ത്തിക്കും. ഇത്തരമൊരു ആപ് ആപ്പിള്‍ അനുവദിക്കുമെന്ന് അറിയുന്നതു തന്നെ ഗൗരവമുള്ള കാര്യമാണ്. എന്നാല്‍ രണ്ടുവര്‍ഷം മുൻപ് ചൈന നടത്തിയ നിയമനിര്‍മാണം പറയുന്നത് അധികാരികള്‍ക്ക് യൂസര്‍മാരുടെ ഡേറ്റ പരിശോധിക്കാന്‍ അനുവാദമുണ്ടെന്നാണ്. പക്ഷേ ഡോളര്‍ വാരാനാണെങ്കില്‍ പോലും ആപ്പിള്‍ ഉപയോക്താക്കളോട് ഇതു ചെയ്യുമെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഗൂഗിള്‍ ചൈനയില്‍ പുറത്താക്കപ്പെട്ടിരിക്കുകയായതിനാല്‍ ആപ് വളഞ്ഞവഴിയില്‍ വേണം ഇന്‍സ്റ്റാള്‍ ചെയ്‌തെടുക്കാന്‍.

ആപ് പരിശോധിച്ച ഓപ്പണ്‍ ടെക് ഫണ്ട്, ജര്‍മ്മന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ ക്യുവര്‍53യുമായി ചേര്‍ന്നാണ് അതിന്റെ യഥാര്‍ഥ ശേഷി പരിശോധിച്ചറിഞ്ഞത്. അവര്‍ക്ക് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനരീതിയും പഠിക്കാനായില്ല. കാരണം ആപ് അമിതമായി വിശകലനം നടത്താന്‍ അനുവദിക്കാത്ത തരത്തിലുള്ള കോഡുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. എന്നാല്‍ ആപ്പിന് ഇഷ്ടമുള്ള തരം കമാന്‍ഡുകള്‍ നടത്താനും ഡേറ്റ കടത്താനുള്ള ഒരു രഹസ്യ പിന്‍വാതിലായി പ്രവര്‍ത്തിക്കാനുമുള്ള ശേഷിയുമുണ്ടെന്നാണ് അവര്‍ കണ്ടെത്തിയിരിക്കുന്നത്.

'സൂപ്പര്‍യൂസര്‍' സവിശേഷാധികാരം നല്‍കുക എന്നു പറഞ്ഞാല്‍ അഡ്മിനിസ്‌ട്രേറ്റര്‍ക്കുള്ള അധികാരം മുഴുവന്‍ നല്‍കുക എന്നാണ് അര്‍ഥമാക്കുന്നത്. ഇത്തരം കോഡ് ദുഷ്ടലാക്കുള്ള (malicious) ഒന്നായാണ് പരിഗണിക്കുക. സൂപ്പര്‍യൂസര്‍ പ്രിവിലേജിലൂടെ ഈ ആപ്പിന്റെ സൃഷ്ടാക്കള്‍ക്ക് ഏതു സോഫ്റ്റ്‌വെയറും ഡൗണ്‍ലോഡ് ചെയ്യാനും. ഫയലുകളിലും ഡേറ്റയിലും മാറ്റംവരുത്താനും ഇഷ്ടമുള്ള പ്രോഗ്രാമുകള്‍ ഇന്‍സ്‌റ്റാള്‍ ചെയ്യാനും ഏത് അക്ഷരങ്ങളാണ് ടൈപ് ചെയ്യുന്നതെന്നറിയാനും സാധിക്കും.<ഒരു ആപ്പിന് ഇത്രയധികം അധികാരം ലഭിക്കുക എന്നത് തീര്‍ത്തും അസ്വാഭാവികമാണെന്ന് ഓപണ്‍ടെക് ഫണ്ടിന്റെ ഗവേഷകരുടെ തലവനായ ആഡം ലിന്‍ പറഞ്ഞു. ഇത്തരം അധികാരമെല്ലാം ഉള്ള ആപ് തീര്‍ച്ചയായും ഗവേഷകരുടെ ശ്രദ്ധയാകര്‍ഷിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്തരത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഏതുവിധത്തിലാണ് ഉപയോഗിക്കുക എന്ന് തങ്ങള്‍ക്കു പറയാനാവില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. എന്നാല്‍ കുറച്ച് അറിവു നല്‍കാന്‍ ശ്രമിക്കുന്നുവെന്നു ഭാവിക്കുന്ന ഒരാപ്പിന് എന്തിനാണ് ഇതിനുമാത്രം സവിശേഷാധികാരം എന്നത് സംശയത്തിനിടനല്‍കുകയായിരുന്നു എന്ന് അവര്‍ പറയുന്നു

ഈ ആപ് ചൈനീസ് ടെക്‌നോളജി ഭീമന്‍ ആലിബാബയുമായി ചേര്‍ന്നാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. ഇതിന്റെ ടേംസ് ആന്‍ഡ് കണ്ടിഷന്‍സില്‍ തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചാല്‍ മാത്രമെ ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ എന്നു പറയുന്നുണ്ട്. രാജ്യസ്‌നേഹം ഇങ്ങനെയും ചൂഷണം ചെയ്യാമെന്നതിന്റെ ഉത്തമോദാഹരണമാണ് ഈ ആപ്. ആപ്പിനിഷ്ടമുള്ളപ്പോള്‍ ഫോട്ടോ എടുക്കുകയോ വിഡിയോ റെക്കോഡു ചെയ്യുകയോ ലൊക്കേഷന്‍ പറഞ്ഞുകൊടുക്കുകയോ ഓഡിയോ ആപ് ആക്ടിവേറ്റു ചെയ്ത് ശബ്ദം റെക്കോഡു ചെയ്യാം. കോണ്ടാക്ട്‌സ് മുഴുവന്‍ പരിശോധിച്ച് ഇഷ്ടമുള്ളവരെ വിളിക്കാം. ഇന്റര്‍നെറ്റ് ബ്രൗസിങ് മുഴുവന്‍ പരിശോധിക്കാം. ഷോപ്പിങ്, ട്രാവല്‍, അടക്കമുള്ള മറ്റ് ആപ്പുകളിലെ ചെയ്തികള്‍ പരിശോധിക്കാം. മെസേജിങ് ആപ്പുകളിലും കണ്ണുവയ്ക്കാം. വൈ-ഫൈ തനിയെ ഓണ്‍ ചെയ്യാം. എന്തിന് ടോര്‍ച് (flashlight) പോലും ഓണ്‍ ചെയ്യാനാകും. ചുരുക്കി പറഞ്ഞാല്‍ ഫോണുകളുടെ പ്രവര്‍ത്തനം മുഴുവന്‍ നിയന്ത്രിക്കുകയും ഉപയോക്താക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ആപ്പിനെ നിയന്ത്രിക്കുന്നവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യാം.

ദിനം പ്രതി ആപ് ഉപയോക്താക്കളെക്കുറിച്ചുളള വിശദമായ റിപ്പോര്‍ട്ടുകള്‍ അയയ്ക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ ചൈനയുടെ സ്‌റ്റേറ്റ് കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പറഞ്ഞത് അത്തരിത്തിലുള്ള ഒരു ചെയ്തിയിലും ഏര്‍പ്പെടുന്ന കൂട്ടരല്ല തങ്ങളെന്നാണ്. ആലിബാബ ഇതിനെക്കുറിച്ചു പ്രതികരിക്കാന്‍ വിസമ്മതിച്ചു. ആപ്പിലേക്കു കടന്നു പരിശോധിച്ചാല്‍ അടിമുടി ആലിബാബയുടെ ഇടപെടല്‍ സ്പഷ്ടമാണെന്ന് ഗവേഷകര്‍ പറയുന്നു. ചൈനീസ് കമ്പനികളില്‍ പലതും സർക്കാരുമായി ഒത്താണ് പ്രവര്‍ത്തിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണല്ലോ. ആലിബാബയുടെ സ്ഥാപകന് അമേരിക്കയില്‍ നിരവധി ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട് എന്നത് അമേരിക്കയെ അലട്ടുന്ന കാര്യങ്ങളിലൊന്നായിരിക്കും. ദേശപ്രേമം എങ്ങനെ മുതലാക്കാമെന്നതിന്റെ ചൈനീസ് പതിപ്പാണ് ആപ് എന്നാണ് പറയുന്നത്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment