Breaking

Wednesday 16 October 2019

കടലാസ് പണത്തിനു വിട‌

കടലാസ് പണത്തിനു വിട‌

കള്ളപ്പണത്തിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു സർജിക്കൽ സ്ട്രൈക്കായിരുന്നു 2016 നവംബറിലെ ആ തീരുമാനം. 1000, 500 നോട്ടുകളെല്ലാം പിൻവലിച്ച് 2000 രൂപയുടെ പുതിയ കറൻസി അവതരിപ്പിച്ചു. ഇതോടൊപ്പം പുതിയ 500 ന്റെ നോട്ടുകളും ഇറക്കി. എന്നാൽ രണ്ടു വർഷത്തിനു ശേഷം അന്ന് അടിയന്തരമായി പുറത്തിറക്കിയ 2000 ന്റെ നോട്ടിന്റെ പ്രിന്റിങ് ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. വൈകാതെ തന്നെ ഈ നോട്ടുകൾ പിൻവലിച്ചേക്കുമെന്നാണ് മിക്കവരുടെയും പ്രവചനം. അച്ചടി നിർത്തിയെന്ന് ആർബിഐ രേഖാമൂലം അറിയിച്ചെങ്കിലും മറ്റു സൂചനകളൊന്നും നൽകിയിട്ടില്ല.

അന്ന് 1000, 500 നോട്ടുകൾ പിൻവലിച്ചതിന്റെ പ്രധാന ലക്ഷ്യങ്ങൾ കള്ളപ്പണവും കള്ളനോട്ടും നിയന്ത്രിക്കലായിരുന്നു. ഇതോടെ ഡിജിറ്റൽ ഇടപാടുകൾ വ്യാപകമാക്കാനും തുടർന്ന് കറൻസി നോട്ടുകൾ പിൻവലിക്കാനുമാണ് സർക്കാർ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ കള്ളപ്പണം, കള്ളനോട്ടടി നിയന്ത്രിക്കാൻ സർക്കാരിനോ ആർബിഐക്കോ സാധിച്ചില്ല. ഇതോടെ ഇനി രാജ്യം മറ്റൊരു പ്രഖ്യാപനം കൂടി നടത്തിയേക്കുമെന്നാണ് കരുതുന്നത്. കടലാസു പണത്തിനു വിട, ഇനി ഡിജിറ്റൽ പണം. ഇതോടെ കള്ളനോട്ടുകൾ എന്നേക്കുമായി അപ്രത്യക്ഷമാകും. രാജ്യത്ത് എല്ലാവർക്കും ബാങ്ക് അക്കൗണ്ടും സേവനങ്ങൾക്കുള്ള പണം കൈമാറ്റം ഡിജിറ്റൽ വഴിയാക്കിയാൽ അതൊരു വലിയ സംഭവം തന്നെയാകും.

മഹാത്മാ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്ത്, ബഹുവർണത്തിൽ സുരക്ഷാ അച്ചടി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച യഥാർഥ നോട്ടുകൾ പഴ്‌സിൽ തിരുകി നടന്നാൽ പോക്കറ്റടിച്ചുപോകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ, നോട്ടുകൾക്ക് സമാനമായ മൂല്യം സ്മാർട് ഫോൺ ഉപയോഗിച്ച് കൈമാറ്റം ചെയ്യാനായാൽ പോക്കറ്റടിക്കാർ ജീവിക്കാനായി വേറെ പണി തേടേണ്ടി വരും. കടലാസ് രൂപത്തിലുള്ള നോട്ടുകളുടേത് മാതിരി തന്നെ സാധനങ്ങളും സേവനങ്ങളും വാങ്ങാൻ സ്മാർട്ഫോണുകളിൽ മൂല്യം സംഭരിച്ച് ഇടപാടുകൾ നടത്തുന്ന സംവിധാനമാണ് ഡിജിറ്റൽ പണം എന്നറിയപ്പെടുന്നത്. കോൾ ടാക്‌സി വിളിക്കൽ, സിനിമ ടിക്കറ്റ് ബുക്ക് ചെയ്യൽ, റസ്റ്റോറന്റിൽ പണം നൽകൽ ഇങ്ങനെ ഒട്ടുമിക്ക ചില്ലറ പണമിടപാടുകളും കറൻസിനോട്ടുകൾ കൊണ്ടുനടക്കാതെ ഡിജിറ്റൽ പണം ഉപയോഗിച്ച് നടത്താം. ഡിജിറ്റൽ പണത്തെക്കുറിച്ച് ന്യൂജെൻ പിള്ളേർ മാത്രമല്ല മറ്റുള്ളവരും പലതും മനസിലാക്കേണ്ടതുണ്ട്.

എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്ന ചില്ലറും ഐസിഐസിഐ ബാങ്കിന്റെ പോക്കറ്റ്‌സും പ്രമുഖ ഡിജിറ്റൽ പണം സേവനങ്ങളാണ്. ഇവ കൂടാതെ ‘പേടിഎം’, ‘മോബിക്വിക്’, ‘ഓക്‌സിജൻ’, ‘എം-പെസാ’, ‘ഫ്രീ ചാർജ്’, ‘ഇക്വോ വാലറ്റ്’, ‘ഒല മണി’, ഗൂഗിൾ പേ, ആമസോൺ പേ എന്നിങ്ങനെ ഒട്ടേറെ ഡിജിറ്റൽ പണ സേവനങ്ങൾ ലഭ്യമാണ്. നിരവധി സേവനങ്ങൾ ഇനി വരാനിരിക്കുകയുമാണ്. ആദ്യമൊക്കെ മൊബൈൽ ഫോൺ അക്കൗണ്ടുകളിൽ പണം റീ ചാർജ് ചെയ്യാൻ മാത്രം തുടങ്ങിയ ഡിജിറ്റൽ പണമിടപാടു സേവനങ്ങൾ ഒരു പ്രത്യേക കമ്പനിയുടേതെന്നോ ഒരു പ്രത്യേക സേവനമെന്നോ എന്നുള്ള പരിമിതികൾ വിട്ട് കടലാസ് പണം ഉപയോഗിച്ച് നടത്താവുന്ന എല്ലാ ഇടപാടുകളിലേക്കും വിപുലീകരിച്ചിരിക്കുന്നു.

ഇന്ത്യയിൽ ഡിജിറ്റൽ പണമിടപാടുകളെ മൂന്ന് രീതിയിലാണ് അനുവദിച്ചിട്ടുള്ളത്. ‘ക്ലോസ്ഡ്’ സേവനങ്ങൾ എന്നറിയപ്പെടുന്ന സേവനം ഒരൊറ്റ കമ്പനിയുടെ മാത്രം ഉല്പന്നങ്ങളും സേവനങ്ങളും വാങ്ങിക്കുന്നതിന് മാത്രമേ ഉപയോഗിക്കാൻ പറ്റുന്നുള്ളൂ. മാത്രമല്ല, പണമായി പിൻവലിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകില്ല. ഫ്‌ളിപ്കാർട്ട്, മെയ്ക് മൈട്രിപ് തുടങ്ങിയ കമ്പനികൾ നൽകുന്നത് ഇത്തരം സേവനങ്ങളാണ്. സെമി ക്‌ളോസ്ഡ് സേവനം നൽകുന്ന കമ്പനികളിൽ മുൻകൂർ കരാറിൽ ഏർപ്പെട്ടിട്ടുള്ള ഒന്നിലധികം കമ്പനികളിൽ നിന്ന് സേവനങ്ങളും ഉൽപന്നങ്ങളും വാങ്ങാനാകും.

ഇവയിലും പണം പിൻവലിക്കാൻ അനുവാദമില്ല. ഓക്‌സിജൻ, സിട്രസ് കാഷ്, പേടിഎം തുടങ്ങിയവ ഈ ഗണത്തിൽപ്പെടുന്നു. വിവിധ സ്ഥാപനങ്ങളിൽ നിന്ന് സേവനങ്ങളും മറ്റും വാങ്ങുക, പണം ട്രാൻസ്ഫർ ചെയ്യുകയും മാത്രമല്ല, എടിഎമ്മുകളിൽ നിന്നും ബിസിനസ് കറസ്‌പോണ്ടന്റുമാരിൽ നിന്നും പണം പിൻവലിക്കുന്നതുൾപ്പെടെയുള്ള എല്ലാ സാമ്പത്തിക സേവനങ്ങളും ഉൾപ്പെടുന്ന ‘ഓപ്പൺ’ ഡിജിറ്റൽ സേവനങ്ങളും ലഭ്യമാണ്. ഓപ്പൺ സേവനങ്ങൾ ബാങ്കുകൾക്കും ബാങ്കുകളുമായി സഹകരിച്ച് മറ്റ് സ്ഥാപനങ്ങൾക്കും നൽകാൻ അനുവാദമുണ്ട്. വോഡഫോൺ കമ്പനിയും ഐസിഐസിഐ ബാങ്കുമായി സഹകരിച്ചു നൽകുന്ന എം പെസ ഓപ്പൺ ഡിജിറ്റൽ പണ സേവനമാണ്.

ചില്ലർ, പോക്കറ്റ്‌സ് എന്നിവ മൊബൈൽ ആപ്പുകളായി ഡൗൺ ലോഡ് ചെയ്‌തെടുക്കാവുന്ന ഡിജിറ്റൽ പണസേവനങ്ങളാണ്. പണം മുൻകൂർ പഴ്‌സുകളിൽ പണം മുൻകൂർ നിറച്ചാൽ മാത്രമേ എടുത്തു ചെലവാക്കാനാകൂ എന്നതുപോലെ തന്നെയാണ് ഡിജിറ്റൽ പണത്തിന്റെ കാര്യവും. മുൻകൂർ പണം അടയ്‌ക്കേണ്ടി വരുന്നതിനാൽ ഡിജിറ്റൽ പണം സേവനങ്ങളെ മൊത്തമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രീ പെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ്‌സ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിൽ പരമാവധി ഇടപാടുകൾ 50,000 രൂപയുടേതായി മൊത്തത്തിൽ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചാൽ ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകൾ നടത്താം. സെമി ക്ലോസ്ഡ് സേവനങ്ങളിൽ 10,000 രൂപ വരെയുള്ള ഇടപാടുകൾ മാത്രമേ അനുവദിക്കുന്നുള്ളൂ. വിവിധ സേവനങ്ങളിൽ ഒരു മാസം നടത്താവുന്ന പണം പിൻവലിക്കുന്നതിനുള്ള പരിധി 25,000 രൂപയായും പരിമിതപ്പെടുത്തിയിട്ടുണ്ട്.

പണം കൊണ്ടുനടന്ന് നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുന്നതോടൊപ്പം പണം പിൻവലിച്ചെടുക്കുന്നതിനുളള ബുദ്ധിമുട്ടുകളും ചെലവും കൂടുതലാണ്. അടുത്തടുത്ത ദിവസങ്ങളിൽ അവധി വരുന്ന ഉത്സവ കാലങ്ങളിൽ എടിഎമ്മുകൾ എളുപ്പം കാലിയാകും. ബാങ്കിൽനിന്ന് പണം പിൻവലിക്കുന്നതിന് 24 രൂപയും എടിഎമ്മുകളിൽ ആകുമ്പോൾ 15 രൂപയും ഇടപാടു ചെലവുണ്ടെന്നാണു കണക്കാക്കുന്നത്. ഡിജിറ്റൽ വാലറ്റുകളിൽ ഇത് ഒരു രൂപയായി കുറയുന്നു. കള്ളനെ പേടിക്കണ്ട, സ്മാർട്ഫോണുകൾ കൈവെള്ളയിൽവച്ച് ഇടപാടുകൾ നടത്താം. മാത്രമല്ല, ഒട്ടുമിക്ക സാമ്പത്തിക സേവനങ്ങളും നടത്തുകയുമാകാം. ഡിജിറ്റൽ പണ സേവനങ്ങൾ ജനപ്രിയമാകുന്നതിന്റെ കാരണം മറ്റൊന്നല്ല.

നാട്ടുകാരുടെ ഇടയിൽ ഡിജിറ്റൽ പണമിടപാടുകൾ സാധാരണമാകുന്നതിന്റെ ചുവടുപിടിച്ച് സർക്കാർ പണമിടപാടുകളും ഡിജിറ്റലാകും. 2020 ആകുന്നതോടെ ഇന്ത്യയിൽ നടക്കുന്ന എല്ലാ പണമിടപാടുകളും ഡിജിറ്റൽ ആക്കാനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. ദൈനംദിന ചില്ലറ ഇടപാടുകൾ എല്ലാം ഡിജിറ്റൽ ആക്കുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ആധാർ അധിഷ്ഠിത ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ പ്രതീക്ഷകൾ ഉണർത്തുന്നു. പുതുതായി നിലവിൽ വരുന്ന പേയ്‌മെന്റ് ബാങ്കുകളും ഇത് ത്വരിതപ്പെടുത്തും. കടലാസും ലോഹവും ഉപയോഗിച്ച് നോട്ടുകളും നാണയങ്ങളും ഇറക്കുന്നതിനു പകരം സകലവിധ ഡിജിറ്റൽ പണത്തിന്റെയും ഉറവിടം റിസർവ് ബാങ്ക് ആകുന്ന ദിവസം വളരെ ദൂരെയല്ല.

തുടര്ന്ന് വായിക്കുക

No comments:

Post a Comment