ഫൈന്‍ഡിന് പിന്നിൽ മലയാളി
റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസില്‍ നിന്നു സഹായം സ്വീകരിച്ച ഡയറക്ട്-ടു-റീറ്റെയില്‍ സംരംഭമായ സ്റ്റാര്‍ട്ട്അപ് കമ്പനി ഫൈന്‍ഡ് (Fynd) അവതരിപ്പിച്ച യുണികെറ്റ് (Uniket) ആണ് ഇപ്പോള്‍ സംസാരവിഷയമാകുന്നത്. ഇതിലൂടെ ഇന്ത്യയിലെ ടയര്‍ 2, 3 നഗരങ്ങളിലെ കട നടത്തിപ്പുകാര്‍ക്ക് ഓണ്‍ലൈനിലൂടെ തങ്ങളുടെ സാധനങ്ങള്‍ വിറ്റഴിക്കാന്‍ അനുവദിക്കുകയാണ് ഫൈന്‍ഡ്. യുണികെറ്റിലൂടെ കടയുടമകള്‍ക്ക് തങ്ങളുടെ സ്വന്തം വെബ്‌സൈറ്റ് ആരംഭിക്കാനും ആപ് അവതരിപ്പിക്കാനും 50 ബ്രാന്‍ഡുകളില്‍ നിന്നുള്ള 50,000 ലേറെ വിഭാഗത്തിലുള്ള ഉല്‍പന്നങ്ങൾ വില്‍ക്കാനും അനുവദിക്കാനാണ് ആദ്യ ശ്രമം.
ഇന്ന് ലോകമെമ്പാടും ടൗണുകളിലുള്ള കടകളിലൂടെയാണ് കൂടുതല്‍ വില്‍പനയും നടക്കുന്നത്. യുണിക്കെറ്റുമായി ഒരുമിച്ചു പ്രവര്‍ത്തിക്കുകവഴി കടക്കാര്‍ക്ക് അവരുടെ ബിസിനസ് വളര്‍ത്തുകയും ടെക്‌നോളജിയിലൂടെ സ്വയം ആധുനികവല്‍ക്കരിക്കുകയും ചെയ്യാമെന്ന് ഫൈന്‍ഡിന്റെ സഹസ്ഥാപകരിലൊരാളായ ഹര്‍ഷ് ഷാ പറഞ്ഞു.
ഫൈന്‍ഡിന്റെ സഹസ്ഥാപകരിലൊരാള്‍ മലയാളിയായ തിരുവനന്തപുരം സ്വദേശി ശ്രീരാമന്‍ എംജിയാണ്. മുംബൈയിലെ ഐഐടിയില്‍ ഇന്ററാക്ഷന്‍ ഡിസൈന്‍ പഠിക്കുന്ന സമയത്താണ് സുഹൃത്തുക്കളായ ഷായും ഫറൂഖ് ആദമും ചേര്‍ന്ന് ഫൈന്‍ഡ് ആരംഭിച്ചത്. ഫ്‌ളിപ്കാര്‍ട്ടും ആമസോണും അടക്കി വാഴുന്ന ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഖലയ്ക്കുമേല്‍ മേല്‍ക്കോയ്മ നേടാന്‍ തക്കംപാര്‍ത്തു നടക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അതിന്റെ ആദ്യ ചുവടായി ഫൈന്‍ഡില്‍ 295 കോടി രൂപ നിക്ഷേപിച്ചിരുന്നു. ഇപ്പോള്‍ റിലയന്‍സിന് കമ്പനിയില്‍ 87.6 ശതമാനം ഓഹരിയുണ്ട്. കഴിഞ്ഞവര്‍ഷം ഗൂഗിളും ഫൈന്‍ഡില്‍ 50 കോടി രൂപ നിക്ഷേപിച്ചിരുന്നു.
ഫൈന്‍ഡ് വഴി കടയുടമകള്‍ക്ക് സാധനങ്ങള്‍ വാങ്ങാനുള്ള കളമൊരുക്കുകയും ചെയ്യുന്നുണ്ട്. യുണികെറ്റിന്റെ സ്റ്റോര്‍ ആപ്പിലൂടെ നടത്തുന്ന ബള്‍ക് വാങ്ങുകള്‍ക്ക് അവര്‍ 45 ശതമാനം ഇടലാഭവും വാഗ്ദാനം ചെയ്യുന്നു. കസ്റ്റമര്‍ ഓര്‍ഡറുകള്‍ക്ക് 15 ശതമാനം കമ്മിഷനും നല്‍കും. ഈ സൗകര്യം 350 പട്ടണങ്ങളിലുള്ള 6,500 കടക്കാര്‍ ഇപ്പോള്‍ത്തന്നെ പ്രയോജനപ്പെടുത്തുന്നുണ്ട്. പക്ഷേ, അടുത്ത ആറു മാസത്തിനുള്ളില്‍ തങ്ങളുടെ സേവനം 60,000 റീട്ടെയ്‌ലര്‍മാരിലേക്കു വ്യാപിപ്പിക്കാനാണ് ഫൈന്‍ഡ് ആലോചിക്കുന്നത്.
ഫൈന്‍ഡിന്റെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ 600 ബ്രാന്‍ഡുകളാണ് ഉള്ളത്. റെയ്മണ്ട്, നൈക്കി, ഗ്ലോബല്‍ ദേശി, ബീയിങ് ഹ്യൂമന്‍, തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇപ്പോഴുള്ളത്. വസ്ത്രങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവയാണ് ഇപ്പോള്‍ കൂടുതലായുള്ളത്. എന്താണ് ഫൈന്‍ഡിന്റെ പുതുമ? അവര്‍ ഫ്‌ളിപ്കാര്‍ട്ടിനെയോ ആമസോണിലെയോ വില്‍പനക്കാരെ പോലെ ഒന്നും എടുത്തുവയ്ക്കുന്നില്ല. ഒരാള്‍ അവരുടെ ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ എന്തെങ്കിലും ഓര്‍ഡര്‍ ചെയ്താല്‍ അത് ഏതെങ്കിലും കടയില്‍ നിന്നോ, പ്രൊഡക്ട് നിര്‍മാതാവിന്റെ കയ്യില്‍ നിന്നു നേരിട്ടോ എത്തും. ഉദാഹരണത്തിന് തിരുവനന്തപുരത്തുള്ള ഒരാള്‍ ഒരു പ്രൊഡക്ട് വാങ്ങിയാല്‍ അത് അയാള്‍ നല്‍കിയിരിക്കുന്ന അഡ്രസിന് അടുത്തുള്ള ഒരു കടയില്‍ നിന്ന് എത്തിച്ചു കൊടുക്കും. ഇതിലൂടെ സമയം വളരെ ലാഭിക്കാമെന്നാണ് വാദം.
ഇങ്ങനെ നഗരങ്ങളിലെ കടകളെ ഉള്‍പ്പെടുത്തിയുള്ള പുതിയൊരു വ്യാപാര ശൃംഖലയായിരിക്കും റിലയന്‍സിന്റെ കീഴിലുള്ള ഫൈന്‍ഡ് ഇനി സ്ഥാപിക്കാന്‍ ശ്രമിക്കുക. നഗരങ്ങളില്‍ ഇപ്പോള്‍ അസംഘടിതമായി കിടക്കുന്ന കടകളെ ഒരുമിപ്പിക്കുക വഴി പുതിയൊരു വില്‍പനാ രീതി കൊണ്ടുവരാനാണ് ശ്രമം. ഓര്‍ഡര്‍ ചെയ്ത് ദിവസങ്ങൾ കാത്തിരിക്കുന്നതിന് പകരം അന്നന്ന് സാധനങ്ങള്‍ എത്തിക്കാന്‍ സാധിച്ചാല്‍ കൂടുതല്‍ ഉപയോക്താക്കളെ ഫൈന്‍ഡിന് കിട്ടിയേക്കുമെന്നാണ് കരുതുന്നത്.
തുടര്ന്ന് വായിക്കുക
No comments:
Post a Comment