Breaking

Friday 18 October 2019

അമേരിക്കയുടെ 50 അണുബോംബുകൾ വിട്ടുകൊടുക്കാതെ എര്‍ഡോഗന്‍

അമേരിക്കയുടെ 50 അണുബോംബുകൾ വിട്ടുകൊടുക്കാതെ എര്‍ഡോഗന്‍


സിറിയയിലേക്കുള്ള തുര്‍ക്കിയുടെ കടന്നുകയറ്റ ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനിടെയാണ് തുര്‍ക്കിയുടെ ഇന്‍സര്‍ലിക് വ്യോമ താവളത്തില്‍ സൂക്ഷിച്ചിരിക്കുന്ന 50 ആണുബോംബുകള്‍ തിരിച്ചെടുക്കാന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഈ ആയുധങ്ങളെ തുര്‍ക്കി പ്രസിഡന്റ് റിജെപ് ടൈയിപ് എര്‍ഡോഗന്‍ (Recep Tayyip Erdogan) വിട്ടുകൊടുക്കാതെ 'തടവിലാക്കിയിരിക്കുകയാണ്' എന്നാണ് രാജ്യത്തെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ന്യൂയോര്‍ക് ടൈംസിനോടു പറഞ്ഞത്.

ശീതയുദ്ധ കാലത്തെ ബി61 ആണവ ബോംബുകളാണ് സിറിയയുടെ അതിര്‍ത്തിയില്‍ നിന്ന് 100-250 മൈല്‍ അകലെയായി സൂക്ഷിച്ചിരിക്കുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ ബോംബുകള്‍ അമേരിക്ക തിരിച്ചെടുക്കുന്നതിനെക്കുറിച്ചു സംസാരിച്ചപ്പോള്‍ തുര്‍ക്കിയുടെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞത് തങ്ങള്‍ സ്വന്തമായി അണ്വായുധം ഉണ്ടാക്കാന്‍ പോകുകയാണ് എന്നാണ്. 'ബോംബ് തുര്‍ക്കിയില്‍ സൂക്ഷിക്കുന്നതിലുള്ള പ്രശ്‌നങ്ങള്‍ പത്തു വര്‍ഷത്തോളമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്നും തങ്ങള്‍ക്കിപ്പോള്‍ ഇത് ഗൗനിക്കാതെ മുന്നോട്ടുപോകാനാവില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.പ്രസിഡന്റ് എര്‍ഡോഗന്‍ തന്റെ ആണവ മോഹങ്ങള്‍ മുൻപും വെളിപ്പെടുത്തിയിട്ടുണ്ട്. ചില രാജ്യങ്ങള്‍ക്ക് ആണവ പോര്‍മുനകളുള്ള മിസൈലുകളുണ്ട്. ഇത്തരം മിസൈലുകൾ ഒന്നും രണ്ടുമൊന്നുമല്ല. പക്ഷേ അവർ പറയുന്നത് തുർക്കി ഒരെണ്ണം പോലും ഉണ്ടാക്കരുതെന്നാണ്. ഇത് അംഗീകരിച്ചുകൊടുക്കാനാവില്ലെന്നാണ് അദ്ദേഹം കഴിഞ്ഞ മാസം പറഞ്ഞത്. ഇക്കാര്യം തുര്‍ക്കിയടെ അനദോളു വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ഒക്ടോബര്‍ 6നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ സേനയെ മുഴുവന്‍ സിറിയിയില്‍ നിന്നു പിന്‍വലിക്കുമെന്ന് അറിയിച്ചത്. ഇത് സിറിയയിലേക്ക് തുര്‍ക്കിയുടെ കടന്നുകയറ്റത്തിനു വഴിവച്ചിരുന്നു. എര്‍ഡോഗന്റെ സേന വ്യോമാക്രമണവും പിന്നീട് കരയിൽ നിന്നുള്ള ആക്രമണങ്ങളും നടത്തുകയായിരുന്നു.

സിറിയയുടെ അതിര്‍ത്തി പട്ടണമായ കൊബാനെയിലുള്ള അമേരിക്കന്‍ സേനയ്ക്കു നേരെ തുര്‍ക്കിയുടെ ഭാഗത്തു നിന്ന് ആക്രമണമുണ്ടായതായി പെന്റഗണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും പറയുന്നു. എന്നാല്‍ ഫോക്‌സ്‌ന്യൂസിനു നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ എര്‍ഡോഗന്‍ പറഞ്ഞത് അമേരിക്കന്‍ സേനയ്ക്കു നേരെ തങ്ങള്‍ ഒരാക്രമണവും അഴിച്ചുവിട്ടിട്ടില്ല എന്നാണ്.

പുതിയ സംഭവവികാസങ്ങളെക്കുറിച്ചു പ്രതികരിക്കവെ കാലിഫോര്‍ണിയയിലെ ആണവനിര്‍വ്യാപന സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജെഫ്രി ലൂയിസ് പറഞ്ഞത് അമേരിക്കയുടെ അണ്വായുധങ്ങള്‍ തങ്ങളുടെ അതിര്‍ത്തിക്കുള്ളില്‍ സൂക്ഷിക്കുന്ന ഒരു രാജ്യം അമേരിക്കയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത് ചരിത്രത്തില്‍ ആദ്യമായിരിക്കുമെന്നാണ്.നേരത്തെ തീരുമാനിച്ചതു പോലെ അമേരിക്കന്‍ സേനയെ വടക്കുകിഴക്കന്‍ സിറിയയില്‍ നിന്നു പിന്‍വലിക്കുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാല്‍ തങ്ങള്‍ ഈ പ്രദേശത്തു നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ഭീകര സംഘടനയായ ഇസ്‌ലാമിക സ്റ്റേറ്റ് ഭീകരര്‍ (ഐസിസ്) ഈ പ്രദേശത്തു കൊടികുത്തി വാണപ്പോള്‍ അവരെ തുരത്താനാണ് സേനയെ ഇവിടേക്ക് അമേരിക്ക അയച്ചത്.

ഐസിസ് കാലിഫേറ്റിനെ 100 ശതമാനവും പരാജയപ്പെടുത്തിക്കഴിഞ്ഞതിനാല്‍ ഞാന്‍ സേനയെ സിറിയയില്‍ നിന്നു പിന്‍വലിക്കുകയാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ് കുര്‍ദുകളെ സംരക്ഷിക്കുകയും തുര്‍ക്കിയുടെ ആക്രമണത്തില്‍ നിന്ന് സ്വന്തം രാജ്യത്തെ രക്ഷിക്കുകയും ചെയ്യട്ടെ എന്നാണ് ട്രംപ് ട്വീറ്റു ചെയ്തത്. ആര്‍ക്കെങ്കിലും കുര്‍ദുകളെ സംരക്ഷിക്കണമെന്നു തോന്നുന്നുണ്ടെങ്കില്‍ അവര്‍ അത് ചെയ്‌തോട്ടെ. റഷ്യയോ ചൈനയോ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടോ ആരു വേണമെങ്കിലും കുര്‍ദുകളെ സംരക്ഷിക്കട്ടെ. ആരാണെങ്കിലും പ്രശ്‌നമില്ല. ഞങ്ങള്‍ 7,000 മൈല്‍ അകലെയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അമേരിക്കന്‍ സേനയുടെ ഒരു ചെറിയ വിഭാഗം തെക്കന്‍ സിറിയയില്‍ തുടരും. ഐസിസിന്റെ അവശേഷിക്കുന്ന വേരറുക്കുക എന്നതായിരിക്കും ഇവരുടെ ദൗത്യം. ഏകദേശം 1,000 പേരായിരിക്കും ഈ സംഘത്തിലുണ്ടാകുക. അവരെ എന്നാണ് പിന്‍വലിക്കുക എന്ന കാര്യത്തെക്കുറിച്ച് ട്രംപ് ഒന്നും പറഞ്ഞില്ല.അമേരിക്കയുടെ പിന്‍വാങ്ങലിനെ തുടര്‍ന്ന് റഷ്യയുടെ സൈന്യം സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ ഒരു നിരീക്ഷണമൊക്കെ നടത്തിയിരുന്നു. അമേരിക്കന്‍ സേനയുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത ഇല്ലാതാക്കാന്‍ തങ്ങള്‍ക്കു താത്പര്യമുണ്ട് എന്നാണ് ഈ നീക്കം കൊണ്ട് റഷ്യ പറയാന്‍ ശ്രമിക്കുന്നതെന്ന് വാദിക്കുന്നവരുണ്ട്.

സൈനികരെ പിന്‍വലിച്ചാലും സിറിയയില്‍ ഹീനമായ പ്രവര്‍ത്തികളിലേര്‍പ്പെടുന്നവര്‍ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. തുര്‍ക്കി അവരുടെ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ അവരുടെ സമ്പദ്ഘടനയെ അതിവേഗം നശിപ്പിക്കാന്‍ ഞാന്‍ പൂര്‍ണ്ണമായും തയാറാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും തുര്‍ക്കിയിലേക്കുള്ള ആയുധ കയറ്റുമതി തത്കാലത്തേക്കു നിർത്തിവയ്ക്കാന്‍ തീരുമാനത്തിലെത്തിയിട്ടുണ്ട്. സിറിയയിലെ അവരുടെ ഇടപെടല്‍ ഒഴിവാക്കണമെന്നാണ് ഈ രാഷ്ട്രങ്ങളുടെ നിലപാട്. യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങള്‍ സിറിയിയിലേക്കുള്ള തുര്‍ക്കിയുടെ കടന്നുകയറ്റത്തെ അപലപിച്ചു. തുര്‍ക്കിയുടെ ആക്രമണത്തില്‍ നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിനാളുകള്‍ അവരുടെ പാര്‍പ്പിടങ്ങളിൽ നിന്ന് മാറിപ്പോകേണ്ടതായും വന്നിട്ടുണ്ട്.അതേസമയം, തുര്‍ക്കിയില്‍ പെട്ടുപോയ തങ്ങളുടെ അണ്വായുധം തിരിച്ചെടുക്കാന്‍ അമേരിക്കയ്ക്കു കഴിയുമോ എന്ന കാര്യത്തില്‍ ഇപ്പോഴും സന്ദേഹം നിലനില്‍ക്കുന്നു.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment