Breaking

Wednesday, 11 September 2019

ലഡാക്കില്‍ ഇന്ത്യന്‍ സൈന്യവും ചൈനയും തമ്മില്‍ സംഘര്‍ഷാവസ്ഥ; ചര്‍ച്ചയ്ക്കുശേഷം ഇരു വിഭാഗവും പിന്മാറി,​ പാങോങ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ നേര്‍ക്കുനേര്‍ വന്നത്

ലഡാക്ക് : ഇന്ത്യന്‍ സൈന്യവും ചൈനീസ് ആര്‍മിയും ലഡാക്കിലെ പാങോങ് തടാകത്തിനടുത്ത് പരസ്പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളുടേയും ഉന്നത പ്രതിനിധികള്‍ കൂടിക്കാഴ്ച്ച നടത്തി പ്രശ്‌നം ചര്‍ച്ച ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഒഴിവാകുകയായിരുന്നു. 

ഇന്ത്യന്‍ സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ബുധനാഴ്ച്ചയാണ് സംഭവം നടന്നത്. പാങോങ് തടാകത്തിന്റെ വടക്കന്‍ തീരത്തായിരുന്നു ഇന്ത്യന്‍ സൈന്യവും ചൈനീസ് ആര്‍മിയും നേര്‍ക്കുനേര്‍ വന്നത്. തുടര്‍ന്ന് ഇരു സേനാവിഭാഗങ്ങളിലേയും ഉന്നതര്‍ തമ്മില്‍ നടന്ന പ്രതിനിധി ചര്‍ച്ച നടന്നു. ചര്‍ച്ച വിജയമായതോടെ ഇരുവിഭാഗവും ഏറ്റുമുട്ടലില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറുകയായിരുന്നു.

അടുത്ത മാസം അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യേക പരിശീലനം നടക്കാനിരിക്കെയാണ് പുതിയ സംഭവ വികാസങ്ങള്‍. 134 കിലോമീറ്റര്‍ നീളമുള്ള പാങോങ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.

ഇന്ത്യന്‍ സൈന്യം പെട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുകയും തടയാന്‍ ശ്രമിക്കുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് ഇരുവിഭാഗം സൈനികരും തമ്മില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പ്രദേശത്തേക്ക് ഇരുഭാഗത്ത് നിന്നും കൂടുതല്‍ സൈനികരെ എത്തിച്ചതായുമാണ് റിപ്പോര്‍ട്ട്. 

2017-ല്‍ ദോക്ലാമില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സമാനമായ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യ സന്ദര്‍ശിക്കാനിരിക്കുകയാണ്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment