Breaking

Thursday, 12 September 2019

ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി. ചിദംബരത്തെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും; ആവശ്യം കോടതി അംഗീകരിച്ചാല്‍ തീഹാര്‍ ജെയിലില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങും

ന്യൂദല്‍ഹി : ഐഎന്‍എക്‌സ് മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നല്‍കിയ ഹര്‍ജിയില്‍ സിബിഐ കോടതി ഇന്ന് ഉത്തരവ് പറയും. കേസില്‍ നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. 

കൂടാതെ കേസില്‍ ഉടന്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ചിദംബരം നല്‍കിയ ജാമ്യാപേക്ഷ വ്യാഴാഴ്ച ദല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയച്ച ഉത്തരവിനെയും ചോദ്യം ചെയ്താണ് ചിദംബരം ജാമ്യാപേക്ഷ നല്‍കിയത്. ഐഎന്‍എക്‌സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തെ തുടര്‍ന്ന് അറസ്റ്റിലായ ചിദംബരം നിലവില്‍ തീഹാര്‍ ജെയിലിലാണ്.  

അഴിമതി കേസില്‍ ഈ മാസം അഞ്ചിനാണ് പി. ചിദംബരത്തെ ദല്‍ഹി റോസ് അവന്യു കോടതി റിമാന്‍ഡ് ചെയ്തത്. ഈ മാസം പത്തൊന്‍പത് വരെ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയും. കസ്റ്റഡി ദിവസം ഈ മാസം 23 വരെ നീളാനും സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയാണെങ്കില്‍ തീഹാര്‍ ജയിലില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ കസ്റ്റഡിയില്‍ വാങ്ങും.

ആഗസ്ത് 21നാണ് ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. കേസില്‍ ചിദംബരത്തിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയ എന്ന കമ്പനിക്ക് വിദേശ ഫണ്ട് ലഭിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭ്യമാക്കുന്നതിന് അനധികൃതമായി പി. ചിദംബരം ഇടപെട്ടെന്നാണ് കേസ്.

സ്റ്റാര്‍ ഇന്ത്യ മുന്‍ സിഇഒ പീറ്റര്‍ മുഖര്‍ജിയുടെയും ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെയും ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഐഎന്‍എക്സ് മീഡിയ. കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പ്രതിയാണ്. ഇതുസംബന്ധിച്ച ആദായനികുതി നടപടികള്‍ ഒഴിവാക്കാന്‍ 5 കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതാണ് കാര്‍ത്തിക്ക് എതിരെയുള്ള ആരോപണം.  

 

തുടര്ന്ന് വായിക്കുക

No comments:

Post a Comment