Breaking

Wednesday, 18 March 2020

വൈറസിനെ ‌തടയുന്ന കാറുമായി ചൈനീസ് വണ്ടിക്കമ്പനി

വൈറസിനെ ‌തടയുന്ന കാറുമായി ചൈനീസ് വണ്ടിക്കമ്പനി

കൊറോണ അഥവാ കോവിഡ് 19 വൈറസ് ഭീതിയിലാണ് ലോകം. മനുഷ്യരാശിയുടെ നിലനിൽപ്പിനെപ്പോലും ചോദ്യം ചെയ്യുംവിധം ആശങ്കയുണർത്തുന്ന കൊവിഡ് 19 വൈറസ് ബാധയെ ചെറുക്കാൻ ലോകം ഒറ്റക്കെട്ടായുള്ള പോരാട്ടത്തിലാണ്.കൊറോണക്കെതിരെ മരുന്നുകളില്ലാത്തത് കൊണ്ട് അവ ശരീരത്തിൽ പ്രവേശിക്കാതെ പ്രതിരോധിക്കാനാണ് ശ്രമം മുഴുവൻ. ഇക്കൂട്ടത്തിലേക്ക് ആശ്വാസം പകരുന്ന ഒരു വാർത്തയുമാണ് ചൈനീസ് വാഹന നിർമ്മാണ കമ്പനി ആയ ഗീലി എത്തിയിരിക്കുന്നത്. തങ്ങളുടെ വാഹനം കൊറോണയെ പ്രതിരോധിക്കുമെന്നും ഈ വാഹനത്തിൽ സഞ്ചരിച്ചാൽ കോറോണ വരില്ലെന്നുമുള്ള അവകാശവാദവുമായിട്ടാണ് സ്വീഡിഷ് കമ്പനിയായ വോൾവോ, ബ്രിട്ടീഷ് സ്പോർട്സ് ബ്രാന്‍ഡായ ലോട്ടസ് എന്നിവയുടെ ഉടമകളായ ഗീലിയുടെ വരവ്.

ചൈനയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളിലൊന്നാണ് ഗീലി. അടുത്തിടെ തങ്ങള്‍ പുറത്തിറക്കിയ ഐകോൺ എന്ന എസ്‌യുവിയിലെ എയർപ്യൂരിഫയർ കോവിഡ് 19 പോലുള്ള വൈറസുകളേയും മറ്റു ബാക്ടീരിയകളേയും ചെറുക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. എൻ95 സർട്ടിഫൈഡായ ഇന്റലിജന്റ് എയർ പ്യൂരിഫിക്കേഷൻ സിസ്റ്റമാണ് കാറിൽ ഉപയോഗിക്കുന്നത് എന്നാണ് ഗീലി പറയുന്നത്. വാഹനത്തിന്റെ ക്യാബിനുള്ളിലെ ബാക്ടീരിയ, വൈറസ് പോലുള്ള ഘടകങ്ങളെ പ്രതിരോധിക്കുന്നതിനും നശിപ്പിക്കുന്നതിനും ഈ സംവിധാനത്തിന് കഴിയുമത്രെ. അതുകൊണ്ട് കോറോണ വൈറസിനെ ഫലപ്രദമായി ചെറുക്കാൻ സാധിക്കും എന്നാണ് ഗീലിയുടെ അവകാശവാദം. 

ചൈനീസ് വിപണിക്കായിട്ടാണ് ഗീലി ഐകോൺ എന്ന എസ്‌യുവി അവതരിപ്പിച്ചത്. എന്തായാലും ഹൈബ്രിഡ് എഞ്ചിനുമായെത്തിയ ഐകോണിന് ആശങ്ക പടർത്തുന്ന കൊറോണ വൈറസ് ബാധയെ ഒരു പരിധി വരെ ചെറുക്കൻ സാധിക്കും എന്ന ഗീലിയുടെ ഈ അവകാശവാദം വാഹന ലോകത്തെ അമ്പരപ്പിലാക്കിയിരിക്കുകയാണ്.

2018 ബെയ്‌ജിങ്‌ ഓട്ടോ ഷോയിൽ പ്രദർശിപ്പിച്ച വാഹനമാണ് ഐക്കോൺ എന്ന പേരില്‍ വിപണിയിലെത്തിയത്. ലോകമെമ്പാടുമുള്ള ഗീലിയുടെ അഞ്ച് ആഗോള ഡിസൈൻ സെന്ററുകളിൽ നിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ചായിരുന്നു വാഹനത്തിന്‍റെ ഡിസൈന്‍ തയ്യാറാക്കിയത്. 174 എച്ച്പി പവറും 255 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5T എൻജിൻ ആണ് ഗീലി ഐകോണിന്റെ ഹൃദയം. ഈ എൻജിൻ 48V മൈൽഡ് ഹൈബ്രിഡ് സംവിധാനത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നു. ഹൈബ്രിഡ് സംവിധാനത്തിന്റെ 13 എച്ച്പി പവറും 45 എൻഎം ടോർക്കും കൂടെ ചേർന്ന് 187 എച്പി പവറും 300 എൻഎം ടോർക്കുമാണ് ഈ സംവിധാനത്തിന്റെ ടോട്ടൽ ഔട്പുട്ട്. ഏഴു സ്പീഡ് ഡ്യുവല്‍ ക്ലച്ച് ട്രാന്‍സ്മിഷനുള്ള എസ്‍യുവി 7.9 സെക്കന്റില്‍ 100 കിലോമീറ്റർ വേഗം കൈവരിക്കും. 2020 ഫെബ്രുവരി 24ന് വിപണിയിലെത്തിയ വാഹനത്തിന് 30000ൽ അധികം ബുക്കിങ് ലഭിച്ചുവെന്നും കമ്പനി അവകാശപ്പെടുന്നു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment