Breaking

Tuesday 11 February 2020

ആഴങ്ങളിൽ നിഗൂഢച്ചുഴികളുമായി സൈബീരിയൻ മഞ്ഞുതടാകം

ആഴങ്ങളിൽ  നിഗൂഢച്ചുഴികളുമായി സൈബീരിയൻ മഞ്ഞുതടാകം


ബഹിരാകാശത്തു നിന്നു വരെ നോക്കിയാൽ കാണാമായിരുന്നു മഞ്ഞുറച്ച ആ തടാകത്തിലെ ഭീമന്‍ വളയങ്ങൾ. ഒന്നും രണ്ടുമല്ല, ഇത്തരത്തിലുള്ള ഒട്ടേറെ വളയങ്ങളാണു വർഷങ്ങളായി പരിസ്ഥിതി ശാസ്ത്രജ്ഞരെ ഉൾപ്പെടെ കുഴക്കിയിരുന്നത്. അരനൂറ്റാണ്ടായി ഈ നിഗൂഢ വളയങ്ങള്‍ റഷ്യയിലെ സൈബീരിയയിലുള്ള ബൈക്കൽ തടാകത്തിൽ രഹസ്യത്തിന്റെ കൂടുകൂട്ടുന്നു. കൃത്യമായിപ്പറഞ്ഞാൽ 1969 മുതലാണ് ഗവേഷകർ ഇതു ശ്രദ്ധിക്കുന്നത്. എങ്ങനെയാണു പക്ഷേ ഇവ രൂപപ്പെടുന്നതെന്ന് ഇത്രയും കാലം ആർക്കും അറിയില്ലായിരുന്നു. ആ രഹസ്യവും ഒടുവിൽ ഗവേഷകർ കണ്ടെത്തി. ബഹിരാകാശത്തു നിന്നുള്ള ചിത്രങ്ങളുടെയും തടാകത്തിലേക്കിറക്കിയ പരീക്ഷണ ഉപകരണങ്ങളുടെയും സഹായത്തോടെയായിരുന്നു അത്.

2.5– 3 കോടി വർഷത്തെ പഴക്കമുണ്ട് ബൈക്കൽ തടാകത്തിന്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തടാകങ്ങളിലൊന്നുകൂടിയാണിത്. തടാകത്തിന്റെ പരമാവധി ആഴം 5387 അടി വരെയാണ്. അതിനാൽത്തന്നെ ഉൾക്കൊണ്ടിരിക്കുന്ന ജലത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകവും ബൈക്കലാണ്. ഏകദേശം 23,615.30 ക്യുബിക് കിലോമീറ്റർ ജലമാണു തടാകത്തിലുള്ളത്. വടക്കേ അമേരിക്കയിലെ ഗ്രേറ്റ് ലേക്ക്സ് എന്നറിയപ്പെടുന്ന എല്ലാ തടാകങ്ങളിലുമുള്ള വെള്ളത്തേക്കാൾ കൂടുതലുണ്ട് ഇത്.വളരെ പെട്ടെന്നു മാറിമറിയുന്ന താപനിലയാണ് ബൈക്കലിന്റെ പ്രത്യേകതകളിലൊന്ന്. വർഷം മുഴുവന്‍ ഇതു സംഭവിക്കാറുണ്ട്. വേനൽക്കാലത്ത് തടാകത്തിന്റെ മുകളിലെ പാളിയിൽ ചിലയിടത്ത് 16 ഡിഗ്രി സെൽഷ്യസ് വരെ ചൂടുണ്ടാകാറുണ്ട്. ജനുവരി മേയ് വരെയുള്ള സമയത്താകട്ടെ തടാകം തണുത്തുറയും. ആ സമയത്ത് ശരാശരി 0.5 മുതൽ 1.4 മീറ്റർ വരെ കനത്തിൽ ചില ഭാഗങ്ങളിൽ മഞ്ഞുമൂടും. ചിലയിടത്ത് ഉപരിതലത്തിനും മുകളിൽ മഞ്ഞുപാളികൾ ചെറിയൊരു മൊട്ടക്കുന്ന് പോലെ രൂപപ്പെടും. 2 മീറ്റര്‍ വരെ കനമുണ്ടാകും അതിന്. അതിനിടയ്ക്കാണ് ഈ മഞ്ഞുപാളികൾക്കുതാഴെ ചുഴലിക്കാറ്റു പോലെ ഭീമന്‍ വ‍ൃത്തങ്ങൾ സൃഷ്ടിക്കുന്ന കൗതുകവും.

വളരെ പെട്ടെന്നു മാറിമറിയുന്ന താപനിലയാണ് ബൈക്കലിന്റെ പ്രത്യേകതകളിലൊന്ന്. വർഷം മുഴുവന്‍ ഇതു സംഭവിക്കാറുണ്ട്. വേനൽക്കാലത്ത് തടാകത്തിന്റെ മുകളിലെ പാളിയിൽ ചിലയിടത്ത് 16 ഡിഗ്രി സെൽഷ്യസ് വരെ ചൂടുണ്ടാകാറുണ്ട്. ജനുവരി മേയ് വരെയുള്ള സമയത്താകട്ടെ തടാകം തണുത്തുറയും. ആ സമയത്ത് ശരാശരി 0.5 മുതൽ 1.4 മീറ്റർ വരെ കനത്തിൽ ചില ഭാഗങ്ങളിൽ മഞ്ഞുമൂടും. ചിലയിടത്ത് ഉപരിതലത്തിനും മുകളിൽ മഞ്ഞുപാളികൾ ചെറിയൊരു മൊട്ടക്കുന്ന് പോലെ രൂപപ്പെടും. 2 മീറ്റര്‍ വരെ കനമുണ്ടാകും അതിന്. അതിനിടയ്ക്കാണ് ഈ മഞ്ഞുപാളികൾക്കുതാഴെ ചുഴലിക്കാറ്റു പോലെ ഭീമന്‍ വ‍ൃത്തങ്ങൾ സൃഷ്ടിക്കുന്ന കൗതുകവും.

നാസയാണ് അതിനു പിന്നിലെ രഹസ്യങ്ങൾ കണ്ടെത്താനുള്ള സാറ്റലൈറ്റ് ദൃശ്യങ്ങളും മറ്റു ഡേറ്റകളും പങ്കുവച്ചത്. തടാകത്തെപ്പറ്റി പഠിക്കാൻ അതിലേക്കിറക്കിവിട്ട പരീക്ഷണ ഉപകരണങ്ങളിലെ സെൻസറുകളും ഇക്കാര്യത്തിൽ ഡേറ്റ നൽകി സഹായിച്ചു. അതുപ്രകാരം തടാകത്തിന്റെ ആഴങ്ങളിൽ രൂപപ്പെട്ടിരിക്കുന്ന ചെറിയ ചുഴികളാണ് വൃത്തങ്ങളുണ്ടാകുന്നതിനു പിന്നില്‍. ഇത് തടാകത്തിന്റെ ആഴങ്ങളിൽ, ഘടികാരദിശയിൽ ചൂടേറിയ ജലത്തിന്റെ ഒഴുക്കിനു കാരണമാകുന്നു. ചൂടുജലം ഒരു ചുഴി പോലെ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുകയാണ്. തണുപ്പുകാലത്തു പോലും ഈ പ്രക്രിയ തുടരുന്നു. ഈ ചുഴിയുടെ മധ്യഭാഗത്തു പക്ഷേ ‘കരുത്ത്’ കുറവാണ്. അവിടെ ഉപരിതലത്തിലെ മഞ്ഞ് കട്ടിയായി ഉറച്ചുതന്നെ നിൽക്കും.

എന്നാൽ ചുറ്റിലുമുള്ള വെള്ളത്തിന് നല്ല ശക്തമായ ഒഴുക്കുണ്ട്, അതു മഞ്ഞിനെ ഉരുക്കിക്കൊണ്ടേയിരിക്കും. അതാണ് ആകാശത്തു നിന്നു നോക്കുമ്പോൾ വൻ വൃത്തച്ചുഴികളായി കാണുന്നത്. ഇത്തരത്തിൽ രൂപപ്പെടുന്ന ‘ഐസ് റിങ്ങുകളുടെ’ സ്ഥാനം കൃത്യമായി രേഖപ്പെടുത്തി റിപ്പോർട്ട് നൽകുന്ന ഗവേഷകരും ഇപ്പോഴുണ്ട്. അപ്പോഴും ഒരു കാര്യം അവ്യക്തമായിത്തന്നെ തുടരുന്നു– എങ്ങനെയാണ് തടാകത്തിനിടയിൽ, ഇത്രയേറെ ആഴത്തിൽ നീർച്ചുഴികൾ രൂപപ്പെടുന്നത്? മറ്റു നദികളിൽ നിന്ന് ബൈക്കലിലെത്തുന്ന ജലത്തിന്റെ ഒഴുക്കും കാറ്റിന്റെ ഗതിയുമെല്ലാം ഇതിനെ സ്വാധീനിക്കുന്നുവെന്നാണു കരുതുന്നത്. അതിനെപ്പറ്റി പഠിക്കാൻ ഇനിയും ഏറെ സമയം വേണ്ടിവരുമെന്നു ചുരുക്കം. അതുവരെ ഈ മുത്തശ്ശിത്തടാകത്തിനു കീഴിൽ രഹസ്യങ്ങളുടെ നീർച്ചുഴി ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കും.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment