Breaking

Monday 10 February 2020

കീടനാശിനികളുടെ ഉപയോഗം മിന്നാമിനുങ്ങുകളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുത്തുന്നുവോ

 കീടനാശിനികളുടെ ഉപയോഗം മിന്നാമിനുങ്ങുകളുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുത്തുന്നുവോ ?

ഭൂമിയിൽ നക്ഷത്രങ്ങൾ കണക്കെ രാത്രികളെ മനോഹരമാക്കുന്ന മിന്നാമിനുങ്ങുകൾ ഇനി ഉണ്ടാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ഗവേഷകർ. ലോകത്താകെമാനമുള്ള കീടനാശിനികളുടെ ഉപയോഗവും കൃത്രിമ വെളിച്ച സംവിധാനങ്ങളും രണ്ടായിരത്തോളം വരുന്ന മിന്നാമിനുങ്ങ് വർഗങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ തന്നെ ഇല്ലാതാക്കിയിരിക്കുകയാണെന്ന് ഗവേഷകർ പറയുന്നു.മിന്നാമിനുങ്ങുകൾക്ക് അവയുടെ ജീവിതചക്രം പൂർത്തിയാക്കുവാൻ പ്രത്യേകതരം പാരിസ്ഥിതിക ഘടകങ്ങൾ ആവശ്യമാണ്. തനതായ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതോടെ ജീവിതചക്രം പൂർത്തിയാക്കുവാൻ അവയ്ക്ക് സാധിക്കാതെ വരുന്നു എന്ന് ടഫ്റ്റ്സ് സർവകലാശാലയിലെ ജീവശാസ്ത്ര പ്രൊഫസറായ സാറാ ലൂയിസ് പറയുന്നു. ഉദാഹരണത്തിന് ഒരേസമയം പ്രത്യേകരീതിയിൽ വെളിച്ചം പുറപ്പെടുവിക്കുന്ന മലേഷ്യൻ മിന്നാമിനുങ്ങുകൾ (Pteroptyx tener) സ്വതവേ ജീവിക്കുന്നത് കണ്ടൽക്കാടുകളിലാണ്. എന്നാൽ എണ്ണപ്പന കൃഷിക്കും മറ്റു കൃഷികൾക്കുമായി കണ്ടൽക്കാടുകൾ നശിപ്പിച്ചതോടെ അവയ്ക്ക് സ്വാഭാവിക രീതിയിൽ പ്രജനനം നടത്താനുള്ള ഇടമാണ് നഷ്ടമായത്.

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്താകെമാനം രാത്രിസമയങ്ങളിൽ കൃത്രിമ വെളിച്ചം ഉപയോഗിക്കുന്നത് ക്രമാതീതമായി വർധിച്ചതാണ് മിന്നാമിനുങ്ങുകൾ നേരിടുന്ന മറ്റൊരു വെല്ലുവിളി. ആന്തരിക രാസപ്രവർത്തനങ്ങളുടെ ഫലമായാണ് മിന്നാമിനുങ്ങുകൾക്ക് സ്വയം പ്രകാശിക്കാൻ സാധിക്കുന്നത്. ഈ പ്രക്രിയയിലൂടെയാണ് അവ ഇണകളെ ആകർഷിക്കുന്നതും. ഭൂമിയിലെ കര പ്രദേശത്തിൽ 23 ശതമാനം ഇപ്പോൾ രാത്രികാലങ്ങളിൽ കൃത്രിമ വെളിച്ചത്തിലൂടെ പ്രകാശിക്കുന്നുണ്ട്. ഇത് മിന്നാമിനുങ്ങുകളിലെ സ്വാഭാവിക പ്രക്രിയയേയും സാരമായി ബാധിച്ചു എന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്.

ഇതിനെല്ലാം പുറമേ കൃഷിയിടങ്ങളിലും മറ്റും കീടനാശിനികളുടെ ഉപയോഗം വർധിച്ചതോടെ ലക്ഷക്കണക്കിന് മിന്നാമിനുങ്ങുകൾ അത്തരത്തിലും നശിപ്പിക്കപ്പെട്ടു. ജപ്പാൻ, തയ്‌വാൻ, മലേഷ്യ എന്നിവിടങ്ങളിൽ ചില പ്രത്യേകയിനം മിന്നാമിനുങ്ങുകൾ ഒരുമിച്ച് പ്രകാശം പരത്തുന്ന കാഴ്ച വിനോദ സഞ്ചാരികളെയും ആകർഷിക്കുന്നുണ്ട്. കാഴ്ച ആസ്വദിക്കുന്നതിനായി കണ്ടൽ വനങ്ങളിലൂടെയും മറ്റു മോട്ടോർ ബോട്ടുകൾ അധികമായി സഞ്ചരിക്കുന്നത് മിന്നാമിനുങ്ങുകളുടെ ആവാസവ്യവസ്ഥയെ തന്നെ തകർത്തു.നോർത്ത് കാരലൈനയിലും മെക്സിക്കോയിലുമാകട്ടെ സഞ്ചാരികൾ ചവിട്ടിയരച്ചാണ് മിന്നാമിനുങ്ങുകൾ ഏറെയും കൊല്ലപ്പെടുന്നത്. വിനോദസഞ്ചാരമേഖലകളിലടക്കം മിന്നാമിനുങ്ങുകളെ കണ്ട് ആസ്വദിക്കാനെത്തുന്നവർക്ക് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ നൽകുകയും കീടനാശിനികളിൽ നിന്നും കൃത്രിമ വെളിച്ചത്തിൽ നിന്നും അവയെ സംരക്ഷിക്കുകയും ചെയ്തില്ലെങ്കിൽ ലോകത്താകെമാനമുള്ള മിന്നാമിനുങ്ങുകൾക്ക് അധികം വൈകാതെ വംശനാശം സംഭവിക്കുമെന്ന് ബയോസയൻസ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment