Breaking

Friday, 14 February 2020

ബഹിരാകാശത്തു നിന്നും തുടർച്ചയായി നിഗൂഢ സിഗ്നലുകൾ

ബഹിരാകാശത്തു നിന്നും  തുടർച്ചയായി നിഗൂഢ സിഗ്നലുകൾ

ബഹിരാകാശത്തു നിന്നുള്ള നിഗൂഢ റേഡിയോ സിഗ്നലുകൾ പതിവായി ഭൂമിയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. എന്നാൽ, ഇത് ആദ്യ സംഭവമല്ല. ഭൂമിയിൽ നിന്ന് 50 കോടി പ്രകാശവർഷം അകലെ ഒരൊറ്റ സ്രോതസ്സിൽ നിന്നാണ് പതിവായി ഈ സിഗ്നലുകൾ വരുന്നതെന്നും പാറ്റേൺ ഗവേഷകർ നിരീക്ഷിച്ചു.ബഹിരാകാശത്തെ റേഡിയോ തരംഗങ്ങളുടെ മില്ലിസെക്കൻഡ് ദൈര്‍ഘ്യമുള്ള സ്ഫോടനങ്ങളാണ് ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്സ്. 2018 സെപ്റ്റംബർ 16 നും 2019 ഒക്ടോബർ 30 നും ഇടയിൽ സംഭവിച്ചതിന്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കനേഡിയൻ ഹൈഡ്രജൻ ഇന്റൻസിറ്റി മാപ്പിംഗ് എക്സ്പെരിമന്റ് / ഫാസ്റ്റ് റേഡിയോ ബർസ്റ്റ് പ്രോജക്റ്റ് കൊളാബ്രേഷനിലെ ഗവേഷകരാണ് ഓരോ 16.35 ദിവസത്തിലും നിഗൂഢ സിഗ്നലുകൾ ഭൂമിയിലേക്ക് വരുന്നതായി കണ്ടെത്തിയത്. നാല് ദിവസത്തിനുള്ളിൽ സിഗ്നൽ ഓരോ മണിക്കൂറിലും വന്നുക്കൊണ്ടിരിക്കും. പിന്നീട്, ഇത് മറ്റൊരു 12 ദിവസത്തേക്ക് നിശബ്ദമായിരിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

ഈ നിഗൂഢ സിഗ്നലുകളുടെ ഉത്ഭവം കണ്ടെത്തുന്നതിലൂടെ അവയ്ക്ക് കാരണമായത് എന്താണെന്ന് നിർണ്ണയിക്കാൻ കഴിയുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു. ബഹിരാകാശത്തെ ആഴങ്ങളിൽ, പേരറിയാത്ത ഏതോ സ്രോതസ്സിൽ നിന്ന് ഇടയ്ക്കിടെ ഇത്തരത്തിൽ റേഡിയോ തരംഗങ്ങൾ ഭൂമിയിലേക്കു വന്നുകൊണ്ടേയിരിക്കുകയാണ്. ഗവേഷകർ അതിനൊരു പേരും നൽകിയിട്ടുണ്ട്–ഫാസ്റ്റ് റേഡിയോ ബഴ്സ്റ്റ്സ് അഥവാ എഫ്ആർബി.2007ലാണ് ആദ്യമായി ഈ തരംഗത്തെ കണ്ടെത്തുന്നത്. ജ്യോതിശാസ്ത്രജ്ഞനായ ഡങ്കൻ ലോറിമെറും അദ്ദേഹത്തിന്റെ വിദ്യാർഥിയായ ഡേവിഡ് നാർക്കെവിച്ചും ടെലസ്കോപ്പുകളിൽ നിന്നുള്ള പഴയ ഡേറ്റ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ബഹിരാകാശത്തെ ഒരു നിശ്ചിത ‘പോയിന്റിൽ’ നിന്ന് ഭൂമിയിലേക്ക് തുടർച്ചയായി റേഡിയോ സിഗ്നൽ വരുന്നതു ശ്രദ്ധയിൽപ്പെട്ടത്. ആദ്യമായി എഫ്ആർബിയുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ ആദരസൂചകമായി ഇവയ്ക്ക് ലൊറമെർ ബഴ്സ്റ്റ് എന്നും പേരുണ്ട്.

2007നു ശേഷവും പല തവണ എഫ്ആർബിയുടെ ഭൂമിയിലേക്കുള്ള വരവ് രേഖപ്പെടുത്തി. അന്യഗ്രഹജീവികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനു വേണ്ടി ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള ടെലസ്കോപ്പുകളാണ് ഇക്കാര്യത്തിൽ സഹായിക്കാനുള്ളത്. ചില എഫ്ആർബികൾക്ക് മൈക്രോ മില്ലിസെക്കൻഡിനും താഴെ മാത്രമേ ദൈർഘ്യം കാണൂ. ചിലതു തുടർച്ചയായി വന്നുകൊണ്ടേയിരിക്കും. കോടിക്കണക്കിനു പ്രകാശവർഷം സഞ്ചരിച്ചെത്തുന്നതിനാൽ മിക്ക തരംഗങ്ങൾക്കും തീവ്രത കുറവായിരിക്കും. പക്ഷേ ഇത്രയേറെ ദൂരം സഞ്ചരിക്കാൻ ശേഷിയുള്ള റേഡിയോ തരംഗത്തെ പുറപ്പെടുവിക്കണമെങ്കിൽ അതിന്റെ സ്രോതസ്സ് ചില്ലറക്കാരനൊന്നുമായിരിക്കില്ലെന്ന് ഗവേഷകർക്ക് ഉറപ്പാണ്.ഒന്നുകിൽ പ്രപഞ്ചത്തിലെ ഏതെങ്കിലും അജ്ഞാത വസ്തുവിൽ നിന്നു സ്വാഭാവികമായി വരുന്നത്, അല്ലെങ്കിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ അന്യഗ്രഹജീവികൾ അയയ്ക്കുന്നത്– ഈ രണ്ടു നിഗമനങ്ങളാണ് ഇപ്പോൾ ഗവേഷകരുടെ മുന്നിലുള്ളത്. പ്രപഞ്ചത്തിലെ മറ്റു ഗാലക്സികളുമായി താരതമ്യം ചെയ്യുമ്പോൾ കാര്യമായ പ്രത്യേകതകളൊന്നുമില്ലാത്തതാണ് നമ്മുടെ ക്ഷീരപഥം. അതിനു പോലും എഫ്ആർബി പുറപ്പെടുവിക്കാൻ ശേഷിയുണ്ടെന്നാണ് പുതിയ റേഡിയോ സിഗ്നലിന്റെ വരവ് സൂചിപ്പിക്കുന്നത്.

അങ്ങനെയെങ്കിൽ ഭൂമിയെപ്പോലുള്ള ഒരു ഗ്രഹത്തിൽ നിന്നായിരിക്കുമോ എഫ്ആർബികളും വരുന്നത്? ഒരു പതിറ്റാണ്ടിലേറെയായി ഈ ചോദ്യത്തിന്റെ ഉത്തരം തേടുകയാണ് ഗവേഷകർ. കൂടുതൽ കൃത്യമായി എഫ്ആർബി സാന്നിധ്യം ആളക്കാനുള്ള ഡീപ് സിനോപ്റ്റിക് അറേ ടെലസ്കോപ്പുകൾ 2021–ഓടെ സജ്ജമാകാനിരിക്കുകയാണ്. അതോടെ ബഹിരാകാശത്തു നിന്നുള്ള ഈ ‘അന്വേഷണ’ത്തിനു പിന്നിൽ ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരവും ലഭിക്കുമെന്നാണു പ്രതീക്ഷ
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment