Breaking

Tuesday 11 February 2020

തായ്‍‍‍ലൻഡ് യാത്ര സുരക്ഷിതമാക്കാം

തായ്‍‍‍ലൻഡ് യാത്ര സുരക്ഷിതമാക്കാം


വിദേശയാത്ര എന്ന് ആലോചിക്കുമ്പോള്‍ തന്നെ ആദ്യം എല്ലാവരുടെയും മനസ്സില്‍ വരുന്ന പേരാണ് തായ്‍‍‍ലൻഡ് എന്നത്. ഏറെക്കുറെ രാജ്യത്തിനകത്ത് സഞ്ചരിക്കുന്ന ചെലവില്‍ തന്നെ കണ്ടുവരാന്‍ പറ്റിയ വിദേശരാജ്യമാണിത്. പ്രകൃതിഭംഗിയിലും ഒട്ടും പുറകിലല്ല എന്നത് മറ്റൊരു കാര്യം. കടലിലെ സാഹസിക വിനോദങ്ങളും രുചികരമായ ഭക്ഷണവുമെല്ലാം സഞ്ചാരികള്‍ക്ക് തായ്‍‍‍ലൻഡിനോടുള്ള പ്രിയം കൂട്ടുന്നു.ലോകത്തെ രാജ്യങ്ങളെ സുരക്ഷിതത്വത്തിന്‍റെ അടിസ്ഥാനത്തില്‍ തരംതിരിച്ചാല്‍ 91-മത് ആണ് തായ്‍‍‍ലൻഡിന്‍റെ സ്ഥാനം. മറ്റേതു സ്ഥലത്തേക്കുള്ള യാത്രയിലുമെന്ന പോലെ, ഇവിടേക്കുള്ള യാത്രയിലും ഒരുപാടു കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്.

ഏഷ്യയുടെ തെക്കുകിഴക്കൻ ഭാഗത്ത് വച്ച് നോക്കുമ്പോള്‍ അപകടം അല്‍പം കുറഞ്ഞ രാജ്യമാണ് തായ്‌ലൻഡ്. എന്നിരുന്നാലും, മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ ഉയർന്നതാണ്. കൂടുതല്‍ കുറ്റകൃത്യങ്ങളും നടക്കുന്നത് മലേഷ്യയുടെ അതിർത്തിക്കടുത്തും ബാങ്കോക്ക്, പട്ടായ തുടങ്ങിയ നഗര പ്രദേശങ്ങളിലുമാണ്.വിനോദസഞ്ചാരികൾക്കെതിരായ അതിക്രമങ്ങൾ ഇവിടെ അത്ര സാധാരണമല്ല എങ്കിലും അല്‍പ്പം സൂക്ഷിക്കുന്നത് നല്ലതാണ്. ജാഗ്രത പാലിക്കുകയും ഉയർന്ന സുരക്ഷാ മുന്നറിയിപ്പുകൾ പാലിക്കുകയും ചെയ്യുക.ബാറുകളിലെയും മറ്റും പാനീയങ്ങളെക്കുറിച്ചും ഭക്ഷണപദാര്‍ത്ഥങ്ങളെപ്പറ്റിയുമൊക്കെ ആദ്യമേ ഒരു ധാരണ ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. കൂടെ യാത്ര ചെയ്യുന്നവരുമായി വേര്‍പെടാന്‍ സാധ്യതയുള്ളതിനാല്‍ എപ്പോഴും ഒരു കരുതല്‍ വേണം. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ, ഫൂക്കറ്റ്, പട്ടായ, ബാങ്കോക്ക്, തെക്കൻ തായ്‌ലൻഡിലെ വിനോദസഞ്ചാര മേഖലകൾ എന്നിവയാണ് ഏറ്റവും മുന്നില്‍.

ഫംഗൻ ദ്വീപിലെ ഫുള്‍മൂണ്‍ പാര്‍ട്ടി പോലുള്ള ക്ലബ്ബുകളിലും ബീച്ച് പാർട്ടികളിലുമൊക്കെ ലൈംഗിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാനായി ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരാകുകയും വിശ്വസ്തരായ സുഹൃത്തുക്കളുമായി മാത്രം യാത്ര ചെയ്യുകയും ചെയ്യുക. കുടുംബാംഗങ്ങളോടും അടുത്ത സുഹൃത്തുക്കളോടുമൊക്കെ യാത്രയില്‍ നിരന്തര സമ്പർക്കം പുലർത്തുക.പോക്കറ്റടി, ബാഗ് തട്ടിയെടുക്കൽ, ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് തുടങ്ങിയ കുറ്റകൃത്യങ്ങൾ സാധാരണമാണ്. പ്രത്യേകിച്ചും തിരക്കേറിയ മാർക്കറ്റുകളിലും ബസുകളിലും ട്രെയിൻ സ്റ്റേഷനുകളിലും നടക്കുമ്പോൾ ജാഗ്രത പാലിക്കണം. ബ്ലേഡ് ഉപയോഗിച്ച് ബാഗ് കീറി വിലപിടിപ്പുള്ള വസ്തുക്കള്‍ അടിച്ചു മാറ്റുന്ന സംഭവങ്ങള്‍ ഇവിടെ സ്ഥിരമാണ്.മോട്ടോര്‍ ബൈക്കുകളും മറ്റും വാടകയ്ക്ക് എടുക്കുമ്പോഴും ചതിക്കപ്പെടാന്‍ ഇടയുണ്ട്. പലപ്പോഴും കടകളില്‍ നിന്ന് ഇത്തരം വാഹനങ്ങള്‍ വാടകക്ക് എടുക്കുമ്പോള്‍ അതിനു വല്ല പ്രശ്നവുമുണ്ടോ എന്ന് ആരും നോക്കാറില്ല. അവസാനം തിരിച്ചു കൊടുക്കാന്‍ ചെല്ലുമ്പോള്‍ വണ്ടിക്ക് മുന്‍പേ ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കാശ് മേടിച്ചു പറ്റിക്കുന്ന സംഭവങ്ങളും ഇവിടെ സ്ഥിരമാണ്.

സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് ഇനിപ്പറയുന്ന സ്ഥലങ്ങളാണ് തായ്‌ലൻഡിലെ ഏറ്റവും സുരക്ഷിതമായ ഇടങ്ങള്‍.
ഫാങ് എൻഗ - ഡൈവിംഗിന് ഏറ്റവും അനുയോജ്യമാണ് ഇവിടം.
കാഞ്ചനബുരി - സുരക്ഷ മാത്രമല്ല, ഇവിടത്തെ സസ്യജന്തുജാലങ്ങളുടെ വൈവിധ്യവും പ്രസിദ്ധമാണ്.
ചിയാങ് റായ് - ചരിത്രമുറങ്ങുന്ന മതപരമായ സ്ഥലങ്ങൾ നിറഞ്ഞ സ്ഥലമാണ് ഇവിടം. ഇവിടെ നൈറ്റ് ക്ലബ്ബുകൾ ഇല്ല. ആധികാരികമായ തായ് അനുഭവമാണ് ചിയാങ്ങ്‌ റായ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
കോ സാമുയി - ഫാമിലി വെക്കേഷനൊക്കെ പറ്റിയ, ശാന്തവും സുരക്ഷിതവുമായ സ്ഥലമാണ്.
ക്രാബി - തായ്‌ലൻഡില്‍ ഏറ്റവും പ്രസിദ്ധമായ ബീച്ചുകളിലൊന്നാണ് ക്രാബി. മനോഹരം മാത്രമല്ല, സുരക്ഷിതം കൂടിയാണ് ഇവിടം.
ചിയാങ് മായ് - തായ്‌ലൻഡിന്‍റെ നഗരപ്രദേശങ്ങളിലൊന്നാണ് ചിയാങ്ങ്‌ മായ്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment