Breaking

Tuesday 10 December 2019

ഗൂഗിളിന് പകരം ഡക്ഡക്‌ഗോ

  ഗൂഗിളിന് പകരം  ഡക്ഡക്‌ഗോ

മിക്കവർക്കും സേര്‍ച്ച് എന്ന വാക്കിന്റെ പര്യായമാണ് ഗൂഗിള്‍. അതേപ്പറ്റി 'ഗൂഗിള്‍ ചെയ്യൂ' എന്നായിരിക്കും പറയുന്നതു പോലും. ഇക്കാരണത്താല്‍ തന്നെ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സേര്‍ച് എൻജിന്‍ ഗൂഗിളാണ്. എന്നാല്‍ മികച്ച റിസള്‍ട്ടുകള്‍ എത്തിക്കുമെങ്കിലും സമീപകാലത്ത് ഗൂഗിളിന്റെ പ്രവര്‍ത്തനരീതിയെ ആപ്പിള്‍ കമ്പനിയടക്കം ചോദ്യം ചെയ്തിട്ടുണ്ട്. തങ്ങളുടെ ഉപയോക്താക്കളുടെ സ്വകാര്യതയിലേക്കു കടന്നു കയറുന്ന കമ്പനി എന്ന ആരോപണമാണ് ലോകത്ത് 90 ശതമാനം ആളുകളും ഉപയോഗിക്കുന്ന സേര്‍ച് എൻജിനായ ഗൂഗിള്‍ നേരിടുന്നത്. ഇതിനാല്‍ തന്നെ പലരും മറ്റു സേര്‍ച് എൻജിനുകള്‍ പരീക്ഷിക്കാന്‍ ശ്രമിക്കുന്നു. താന്‍ അത്തരമൊരു ശ്രമം നടത്തിയെന്നും അതു വിജയകരമായിരുന്നു എന്നുമാണ് ട്വിറ്റർ സിഇഒ ആയ ജാക് ഡോര്‍സി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഗൂഗിളിനെ പോലെയല്ലാതെ, ഉപയോക്താക്കളുടെ സേര്‍ച്ചുകള്‍ തങ്ങള്‍ സൂക്ഷിച്ചു വയ്ക്കില്ലെന്നു പ്രഖ്യാപിച്ച ഡക്ഡക്‌ഗോ (DuckDuckGo.com) ആണ് താന്‍ ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. മിക്ക ബ്രൗസറുകളിലും ഡിഫോള്‍ട്ടായി ഗൂഗിള്‍ ആയിരിക്കും വരിക. പലരും ഇതു മാറ്റാന്‍ പോലും ശ്രമിക്കാറില്ല. ആപ്പിളിന്റെ എല്ലാ ഉപകരണങ്ങളിലെയും ബ്രൗസറായ സഫാരിയില്‍ നിന്ന് ഡിഫോള്‍ട്ട് സേര്‍ച് എൻജിന്‍ സ്ഥാനത്തു നിന്ന് ഗൂഗിളിനെ മാറ്റാന്‍ കമ്പനിയുടെ മുന്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ കാലത്തു തന്നെ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഗൂഗിള്‍ അന്ന് ഒരുവര്‍ഷത്തേക്ക് ഡിഫോള്‍ട്ട് സേര്‍ച് എൻജിനാക്കാന്‍ 100 കോടി ഡോളറാണ് നല്‍കിയത്. വര്‍ഷാവര്‍ഷം അങ്ങനെ പണം നൽകിയാണ് ഗൂഗിള്‍ സഫാരിയിലെ ഡിഫോള്‍ട്ട് സേര്‍ച് എൻജിനായി വിലസുന്നത്. ഇതിനായി 2019ല്‍ മാത്രം കമ്പനി 1200 കോടി ഡോളര്‍ നല്‍കിയെന്നാണ് വാര്‍ത്ത.2013ല്‍ ആണ് ആപ്പിള്‍ ആദ്യമായി സഫാരിയിലെ സേര്‍ച്ച് എൻജിനുകളുടെ കൂട്ടത്തില്‍ ഡ്ക്ഡക്‌ഗോയ്ക്ക് ഇടം നല്‍കിയത്. ഐഫോണിന്റെയും ഐപാഡിന്റെയുമൊക്കെ സെറ്റിങ്‌സ് തുറന്ന് സഫാരിയിലെത്തിയാല്‍ അവിടെ ഡിഫോള്‍ട്ട് സേര്‍ച് എൻജിന്‍ മാറ്റാന്‍ സാധിക്കും. ആപ്പിളിനെ പോലെ തന്നെ ആളുകളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കുന്ന കമ്പനിയാണ് മോസില. അവരുടെ ഫയര്‍ഫോക്‌സ് ബ്രൗസറിലും ഡിഫോള്‍ട്ടായി വരുന്നത് ഗൂഗിളാണ്. മോസിലയും ഗൂഗിളും തമ്മിലുള്ള കരാര്‍ 2020ല്‍ അവസാനിക്കുമെന്നാണ് കേള്‍ക്കുന്നത്.

ഐ ലവ് @ഡക്ഡ്ക്‌ഗോ ('I love @DuckDuckGo) എന്നാണ് ട്വിറ്റര്‍ മേധാവി ട്വീറ്റു ചെയ്തത്. ഡക്ഡക്‌ഗോ ആയിരുന്നു കുറച്ചു കാലമായി എന്റെ സേര്‍ച് എൻജിന്‍, എന്നാണ് അദ്ദേഹം പറഞ്ഞത്. ഡക്ഡക്‌ഗോ 2008 ലാണ് നിലവില്‍വരുന്നത്. തങ്ങളുടെ സവിശേഷതായായി കമ്പനി പറയുന്നത് ഉപയോക്താക്കളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തങ്ങള്‍ സൂക്ഷിക്കുകയോ, ശേഖരിക്കുകയോ ചെയ്യില്ല എന്നാണ്. ഉപയോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസിലാക്കിയ ശേഷം അവര്‍ക്കായി പരസ്യങ്ങള്‍ നല്‍കാന്‍ ശ്രമിക്കില്ല. ഉപയോക്താക്കളുടെ ഐപി അഡ്രസ് മനസിലാക്കാന്‍ ശ്രമിക്കില്ല തുടങ്ങിയ വാഗ്ദാനങ്ങളാണ് ഡക്ഡക്‌ഗോ നല്‍കുന്നത്. ഇപ്പോള്‍ ഡക്ഡക്‌ഗോ ഒരു ദിവസം നടത്തുന്നത് ഏകദേശം മൂന്നു കോടി സേര്‍ച്ചുകളാണ്. അതേസമയം ഗൂഗിള്‍ ഒരു ദിവസം നടത്തുന്നത് 300 കോടിയിലേറെ സേര്‍ച്ചുകളാണ്.

തങ്ങളുടെ ഉപയോക്താക്കള്‍ നടത്തുന്ന ഓരോ സേര്‍ച്ചും സൂക്ഷിച്ചുവയ്ക്കുന്നു, അവരുടെ ഇന്റര്‍നെറ്റ് ജീവിതം മുഴുവന്‍ മനസിലാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് ഗൂഗിളിനെതിരെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉയര്‍ന്നത്. വരും വര്‍ഷങ്ങളില്‍ അമേരിക്ക ടെക് കമ്പനികലുടെ ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്തിയേക്കും. ആപ്പിള്‍ കമ്പനി, ആളുകകളുടെ സ്വകാര്യത തീര്‍ത്തും മാനിക്കാത്ത കമ്പനികളായാണ് ഗൂഗിളിനെയും ഫെയ്‌സ്ബുക്കിനെയും കാണുന്നത്. എന്നാല്‍ ഗൂഗിളിന്റെ സേവനം മികച്ചതാണ് എന്നതാണ് അത് ഉപയോഗിക്കാന്‍ ഉപയോക്താക്കളെ നിര്‍ബന്ധിതരാക്കുന്നത്. പക്ഷേ, നിങ്ങളുടെ സ്വകാര്യതയിലേക്ക് ഗൂഗിള്‍ കടക്കുന്നത് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബ്രൗസറിന്റെ സെറ്റിങ്‌സിലെത്തി ഡിഫോള്‍ട്ട് സേര്‍ച് എൻജിന്റെ സ്ഥാനത്ത് ഡക്ഡക്‌ഗോയെ വയ്ക്കൂ. ഗൂഗിളിന്റെയത്ര മികച്ച അനുഭവം പ്രതീക്ഷിക്കേണ്ട. എന്നാല്‍, ആഴ്ചകള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ അതുമായി ഇണങ്ങാനാണു വഴി. ഇനി ഡക്ഡക്‌ഗോയ്ക്ക് ഒരു റിസള്‍ട്ട് നല്‍കാനായില്ലെങ്കില്‍ ആ പണി ഗൂഗിളിനെ ഏല്‍പ്പിക്കുയും ചെയ്യാമല്ലോ.

തുടര്ന്ന് വായിക്കുക

No comments:

Post a Comment