Breaking

Tuesday, 26 November 2019

പുതിയ ജീവി വർഗത്തെ കണ്ടെത്തി ഗവേഷകർ

പുതിയ ജീവി വർഗത്തെ കണ്ടെത്തി  ഗവേഷകർ 

ക്രസ്റ്റാസീന്‍ വിഭാഗത്തില്‍ പെടുന്ന ഷ്രിംപ് എന്നറിയപ്പെടുന്ന ചെമ്മീനോട് സാമ്യമുള്ള ജീവിവര്‍ഗത്തില്‍ പെട്ട പുതിയ ഇനത്തെയാണ് ഗവേഷകര്‍ തികച്ചും അപ്രതീക്ഷിതമായ ആവാസ വ്യവസ്ഥയില്‍ കണ്ടെത്തിയത്. തിമിംഗല സ്രാവിന്‍റെ വായുടെ ഉള്ളില്‍ സ്ഥിരതാമസമാക്കിയ നിലയിലാണ് ഈ ജിവിവര്‍ഗത്തെ ഗവേഷകര്‍ കണ്ടെത്തിയത്. ഗമ്മാരിഡിയ എന്ന ജീവിയുടെ ഉപവിഭാഗത്തെയാണ് തിമിംഗല സ്രാവിന്‍റെ വായില്‍ നിന്നും കണ്ടെത്തിയതെന്ന് ഗവേഷകര്‍ പറയുന്നു. പോഡോസറസ് ജിന്‍ബെ എന്ന ശാസ്ത്രീയ നാമമുള്ള ഈ ജീവി ഏത് കടുത്ത സാഹചര്യങ്ങളും അതിജീവിക്കാന്‍ ശേഷിയുള്ളവയാണ്.

മത്സ്യങ്ങളുടെ ഗണത്തില്‍ പെടുന്ന സമുദ്രത്തിലെ ഏറ്റവും വലിയ ജീവിയാണ് തിമിംഗല സ്രാവ്. ടോ കോമികാവാ എന്ന ഗവേഷകന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തിമിംഗല സ്രാവിന്‍റെ വായയുടെ ഉള്ളിൽ ഈ ജീവികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ആംഫിപോഡുകളെന്നാണ് ഇത്തരത്തില്‍ ഒരു ജീവിയുടെ ഉള്ളില്‍ മറ്റൊരു ജീവി വസിക്കുന്നതിനെ വിളിക്കുന്നത്. തിമിംഗല സ്രാവുകളുടെ ഉള്ളില്‍ ഇതാദ്യമയാണ് ആംഫിപോഡ് എന്ന പ്രതിഭാസം കണ്ടെത്തുന്നത്.മൂന്ന് മുതല്‍ അഞ്ച് സെന്‍റിമീറ്റര്‍ വരെ നീളമാണ് ഈ ജീവിക്കുള്ളത്. സമുദ്രജലത്തിലുള്ള ഡട്രിറ്റസ് എന്ന ചെറു വസ്തുക്കളാണ് ഇവയുടെ ഭക്ഷണം ഇതിനൊപ്പം തിമിംഗലത്തിന്‍റെ വായില്‍ അടിഞ്ഞു കൂടുന്ന ചെറു വസ്തുക്കളും ഇവ ഭക്ഷണമാക്കും. അതേസമയം ഇവയുടെ ആകാരം വളരെ ശോഷിച്ചതായതിനാല്‍ ഈ ജീവികളെ വഹിക്കുന്ന തിമിംഗലത്തെ ആക്രമിക്കാനോ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കാനോനോ സാധ്യതയില്ലെന്നും ഗവേഷകര്‍ കരുതുന്നു.

ലോകത്തെ ഏറ്റവും വലിയ മത്സ്യമാണെങ്കിലും സമുദ്രത്തിലെ തന്നെ ഏറ്റവും ചെറു ജീവികള്‍ പ്രത്യേകിച്ചും പ്ലാങ്ക്തണുകളാണ് തിമിംഗല സ്രാവുകളുടെ പ്രധാന ഭക്ഷണം. ഇത്തരത്തില്‍ എളുപ്പത്തില്‍ ചെറു ജീവികളെ കൂടി സ്രോതസ്സായി ലഭിക്കും എന്നതിനാലാകണം  പോഡോസറസ് ജിന്‍ബെ ജീവികള്‍ തിമിംഗല സ്രാവിന്‍റെ വായുടെ ഉള്‍ഭാഗം തന്നെ വസിക്കാനായി തിരഞ്ഞെടുത്തതെന്നും ഗവേഷകര്‍ കരുതുന്നു. ഈ ജീവികളെ കണ്ടെത്തിയ ഗവേഷകനായ ടോമികാവയ്ക്കുള്ള ആദര സൂചകമായി ടോമികാവോ എന്നതാണ് ഈ ജീവികള്‍ക്ക് നല്‍കിയിരിക്കുന്ന വിളിപ്പേര്.

സമുദ്രത്തിലെ ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയിലെ വ്യത്യസ്തതയും എത്ര വലുതാണെന്നു ചൂണ്ടിക്കാട്ടുന്നതാണ് പുതിയ ജീവിയുടെ കണ്ടെത്തലെന്ന് ടോമികാവോ പറയുന്നു. ശത്രുക്കളില്‍ നിന്നുള്ള സംരക്ഷണവും ആവശ്യമായ ഭക്ഷണവും കാലാവസ്ഥയും എല്ലാം ഒത്തിണങ്ങി വന്നതിനാലാകണം തിമിംഗല സ്രാവിന്‍റെ വായ തന്നെ താമസസ്ഥലമാക്കാന്‍ ഈ ജീവികള്‍ തീരുമാനിച്ചതെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു. ഏതായാലും ഇനി പുതിയ ജീവിവര്‍ഗങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ താല്‍പര്യപ്പെടുന്ന ഗവേഷകര്‍ക്ക് പഠനം നടത്താനുള്ള പുതിയ സാധ്യത കൂടിയാണ് ഈ കണ്ടെത്തല്‍.
<

തുടര്ന്ന് വായിക്കുക

No comments:

Post a Comment