ഗ്രാൻഡ് ഐ 10 ഡീസൽ പതിപ്പുകൾ ഇനിയില്ല
ഹാച്ച്ബാക്കായ ഗ്രാൻഡ് ഐ ടെന്നിന്റെ ഡീസൽ പതിപ്പുകൾ ഹ്യുണ്ടേയ് പിൻവലിച്ചു. പുത്തൻ മോഡലായി ഗ്രാൻഡ് ഐ 10 നിയോസിന്റെ വരവിനു പിന്നാലെയാണു ഗ്രാൻഡ് ഐ 10 ശ്രേണിയെ ഹ്യുണ്ടേയ് പെട്രോൾ പതിപ്പുകൾ മാത്രമാക്കി പരിമിതപ്പെടുത്തിയത്. വിപണിയിലുള്ള വകഭേദങ്ങളുടെ എണ്ണം നിയന്ത്രിക്കാനും ആശയക്കുഴപ്പം ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ഡീസൽ ഗ്രാൻഡ് ഐ 10 പതിപ്പുകൾ പിൻവലിച്ചതെന്നാണു സൂചന. ഒപ്പം ഇടത്തരം വകഭേങ്ങളായ മാഗ്ന, സ്പോർട്സ് പതിപ്പുകളിൽ മാത്രമാണു നിലവിൽ ഗ്രാൻഡ് ഐ 10 വിൽപനയ്ക്കുള്ളത്.ഇതോടെ പെട്രോളിനു പുറമെ സി എൻ ജിയും ഇന്ധനമാക്കാവുന്ന 1.2 ലീറ്റർ എൻജിനോടെ മാത്രമാവും ഇനി ഗ്രാൻഡ് ഐ 10ന് ലഭിക്കുക. ഡൽഹി ഷോറൂമിൽ 5.83 ലക്ഷം മുതൽ 6.50 ലക്ഷം രൂപ വരെയാണു കാറിന്റെ വില. പെട്രോൾ ഇന്ധനമാകുമ്പോൾ 83 ബിഎച്ച്പിയോളം കരുത്തും 114 എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഇന്ധനം സി എൻ ജിയെങ്കിൽ കരുത്ത് 66.3 ബി എച്ച് പിയും ടോർക്ക് 98 എൻ എമ്മുമായി താഴും. സി എൻ ജി കിറ്റുള്ള കാർ പെട്രോളിൽ ഓടുമ്പോൾ എൻജിന്റെ പരമാവധി കരുത്ത് 81.6 ബിഎച്ച്പിയും ടോർക്ക് 110 എൻ എമ്മുമാണ്.
ഇതിനു പുറമെ ഗ്രാൻഡ് ഐ ടെന്നിലെ ഓട്ടമാറ്റിക് ഗീയർബോക്സും ഹ്യുണ്ടേയ് പിൻവലിച്ചു. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ് മാത്രമാവും കാറിലെ ട്രാൻസ്മിഷൻ സാധ്യത. അതുപോലെ മേലിൽ നാലു നിറങ്ങളിൽ മാത്രമാവും ഗ്രാൻഡ് ഐ 10 ലഭ്യമാവുക. ഫിയറി റെഡ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, പോളാർ വൈറ്റ്. സ്പോർട്സ് വകഭേദം മാത്രമാണ് സി എൻ ജി സാധ്യതയോടെ വിൽപ്പനയ്ക്കുണ്ടാവുക. അതുപോലെ ഈ കാർ ഭാരത് സ്റ്റേജ് ആറ് നിലവാരത്തിലേക്ക് ഉയർത്തുമോ എന്നതു സംബന്ധിച്ചും വ്യക്തതയായിട്ടില്ല.മുന്തിയ വകഭേദങ്ങൾ പിൻവലിച്ചതോടെ ഗ്രാൻഡ് ഐ ടെന്നിൽ ഇനി അലോയ് വീൽ, റിയർ വാഷ് വൈപ്പർ, പുഷ് ബട്ടൻ സ്റ്റാർട്, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയൊന്നും ലഭ്യമാവില്ല. എങ്കിലും ‘സ്പോർട്സ്’ വകഭേദത്തിൽ ആൻഡ്രോയ്ഡ് ഓട്ടോയും ആപ്ൾ കാർ പ്ലേയും സഹിതമുള്ള ഏഴ് ഇഞ്ച് ടച് സ്ക്രീനും റിയർ പാർക്കിങ് കാമറയും പവർ ഫോൾഡിങ് വിങ് മിററും ലഭിക്കും.
ഇപ്പോഴത്തെ പരിഷ്കാരങ്ങളോടെ ഗ്രാൻഡ് ഐ ടെന്നിന്റെ സ്ഥാനം 4.30–5.79 ലക്ഷം രൂപ വിലനിലവാരത്തിലുള്ള സാൻട്രോയ്ക്കു തൊട്ടു മുകളിലായി. ഗ്രാൻഡ് ഐ ടെന്നിനു മുകളിലുള്ള ഗ്രാൻഡ് ഐ 10 നിയോസാവട്ടെ പെട്രോൾ, ഡീസൽ എൻജിനുകളോടെയും ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ (എഎംടി) സഹിതവും വിൽപനയ്ക്കുണ്ട്.
തുടര്ന്ന് വായിക്കുക
No comments:
Post a Comment