Breaking

Saturday 19 October 2019

ബ്ലോബ് എന്ന അജ്ഞാത ജീവി

ബ്ലോബ് എന്ന അജ്ഞാത ജീവി 

പാരീസ് മൃഗശാലയിലെ ശ്രദ്ധാകേന്ദ്രം കടുവയോ പുലിയോ മാനോ മയിലോ അല്ല. തലച്ചോറില്ലാത്ത, കണ്ണുകളില്ലാത്ത, കൈകാലുകളോ ഉദരമോ ഇല്ലാത്ത എന്നാല്‍ 700 ലേറെ ലിംഗഭേദങ്ങളുള്ള ഒരു അജ്ഞാത ജീവിയാണ്. ബ്ലോബ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഫിസാറം പോളിസിഫാലം ( Physarum polycephalum) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

മനുഷ്യനേക്കാള്‍ 50 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പേ ജന്മമെടുത്ത ഈ ജീവിയുടെ രൂപം വഴുവഴുപ്പുള്ള സ്‌പോഞ്ച് പോലെയാണ്.നിശ്ചലാവസ്ഥയിലാണെങ്കിലും ഇതിന് നില്‍ക്കുന്ന പരിസരത്ത് മണിക്കൂറില്‍ ഒരു സെന്റീമീറ്റര്‍ എന്ന നിലയില്‍ പായല്‍പോലെ പടരുന്നുണ്ട്. ഇതുവഴി കൂണ്‍ ബീജങ്ങള്‍, ബാക്ടീരിയകള്‍, സൂക്ഷ്മാണുക്കള്‍ പോലെയുള്ള ഇരകളെ തേടുകയാണ് ഇത്.പാരീസിലെ ബോയിസ് ഡി വിന്‍സെന്‍സ് പാര്‍ക്കിലെ മൃഗശാലയിലെ ഒരു വലിയ ടാങ്കില്‍ താമസിക്കുന്ന ' ബ്ലോബിനെ? ശനിയാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് അടുത്തറിയാനാവും.

ഭൂമിയിലെത്തി പെന്‍സില്‍വാനിയ നിവാസികളെ വിഴുങ്ങുകയും ചെയ്യുന്ന ഒരു അന്യഗ്രഹജീവിയെക്കുറിച്ചുള്ള 1958 ലെ ' ദി ബ്ലോബ്' എന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമയുടെ പേരാണ് ഈ ജീവിയ്ക്ക് നല്‍കിയിരിക്കുന്നത്. ഏകകോശ ജീവിയാണ് ബ്ലോബ്.ബ്ലോബിന് ഒരൊറ്റ സെല്‍ അടങ്ങിയിരിക്കുന്നു, ചിലപ്പോള്‍ ഡിഎന്‍എ ആവര്‍ത്തിക്കാനും വിഭജിക്കാനും കഴിയുന്ന പല ന്യൂക്ലിയസുകളും ഇതിനുണ്ട്.സാധാരണയായി ഇതിന് മഞ്ഞനിറമാണ്. എന്നാല്‍ ചുവപ്പ്, വെള്ള, പിങ്ക് നിറങ്ങളിലുള്ള വകഭേദങ്ങളും ബ്ലോബിനുണ്ട്. ചീഞ്ഞളിഞ്ഞ ഇലകളിലും നനഞ്ഞ് ഈര്‍പ്പവും തണുപ്പുമുള്ള മരങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്.

ഇന്ന് ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അസാധാരണ വസ്തുക്കളില്‍ ഒന്നാണ് ബ്ലോബ് എന്ന് പാരീസ് മൃഗശാല പ്രസിഡന്റ് ബ്രൂണോ ഡേവിഡ് പറഞ്ഞു. കോടിക്കണക്കിന് വര്‍ഷങ്ങളായി അത് ഇവിടെയുണ്ട്. ഇത് എന്താണ് എന്ന് നമ്മള്‍ ശരിക്കും തിരിച്ചറിഞ്ഞിട്ടില്ല. ഇതൊരു മൃഗമാണോ, ഒരു ഫംഗസ് ആണോ അവയ്ക്കിടയിലുള്ള എന്തെങ്കിലും ആണോ എന്ന് നമുക്കറിയില്ല. അദ്ദേഹം പറഞ്ഞു .വളരെ കാലം ഇതിനെ ഫംഗസ് ആയാണ് കണക്കാക്കിയിരുന്നത്. 1990 കളില്‍ അമീബ കുടുബത്തിന്റെ ഒരു ഉപവിഭാഗമായ മൈക്‌സോമൈസീറ്റുകളുടെ ഗണത്തില്‍ ഇവയെ ഉള്‍പ്പെടുത്തി.

ഇതിന് ഓര്‍മിക്കാനാവും, ഇതിന് പരിതസ്ഥിതികളോട് അതിന്റെ സ്വഭാവം പൊരുത്തപ്പെടാനുള്ള കഴിവുണ്ട്, പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവുണ്ട്, ഒരു ചുറ്റുപാടില്‍ സഞ്ചരിക്കാനും പരിഹാരങ്ങള്‍ കാണാനും ചെറിയ രീതിയില്‍ ഒരു മൃഗത്തെ പോലെ പെരുമാറാനും ഇതിന് കഴിവുണ്ട്. അതിനാല്‍ ഇത് ഒരു ശ്രദ്ധാലുവായ ജീവിയാണ്. ഡേവിഡ് പറഞ്ഞു.ഇതിനെ രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ആ മുറിവുണക്കാന്‍ ഇതിനാവും. രണ്ട് ലിംഗഭേദങ്ങളല്ല ഇതിനുള്ളത്. 720 എണ്ണമുണ്ട്. അത് പ്രത്യുല്‍പാദനത്തിന് പ്രശ്‌നമല്ല. സ്വയം പ്രജനനം നടത്താന്‍ ഇതിനാവും. ജൈവ വൈവിധ്യമാണ് സാധാരണ ജീവികളുടെ നിലനില്‍പിന് ശക്തിപകരുന്നത്. ബ്ലോബിന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിക്കുന്നത്. ജനിതകമായി വ്യത്യാസമുള്ള രണ്ട് ജീവികള്‍ ഒന്ന് ചേര്‍ന്ന് പുതിയ ബ്ലോബ് ഉണ്ടാവുന്നു. ഭക്ഷണം തേടി ഇത് സഞ്ചരിക്കുന്നുവെന്നും ലാബ് പരീക്ഷണത്തിലുടെ കണ്ടെത്തി.
ഇതിനെ ഇല്ലാതാക്കാനും പ്രയാസമാണ്. അപകടങ്ങളുണ്ടെന്നറിഞ്ഞാല്‍ ഇത് നിശ്ചലാവസ്ഥയിലേക്ക് മാറുകയും വരണ്ട് പോവുകയും ചെയ്യും. ഈ സ്ഥിതിയിലും ഇത് നശിച്ചുപോവില്ല. അല്‍പം വെള്ളം വീണാല്‍ അതിന് വീണ്ടും ജീവന്‍വെക്കും. തുടര്‍ന്ന് ആഹാരം തേടുകയും പ്രജനനം നടത്തുകയും ചെയ്യും.

തുടര്ന്ന് വായിക്കുക

No comments:

Post a Comment