Breaking

Wednesday 9 October 2019

ജാപ്പനീസ് ആനിമേയുടെ മിയാസാക്കി

ജലക്കരടിയിൽ കണ്ടെത്തിയ  രഹസ്യം

കുപ്രസിദ്ധമാണ് ചെർണോബിലിൽ ആണവറിയാക്ടർ തകർന്നുണ്ടായ ചോർച്ച. അന്നു പുറത്തേക്കെത്തിയ റേഡിയേഷൻ ഏറ്റവും ഉച്ചസ്ഥായിയിലേക്കു കടക്കുമ്പോഴേക്കും ഭൂരിപക്ഷം മനുഷ്യരെയും പ്രദേശത്തു നിന്നു മാറ്റിയിരുന്നു. എന്നാൽ അത്തരത്തിലുള്ള റേഡിയേഷൻ വൻതോതിൽ വന്നു പതിച്ചാലും യാതൊരു കുഴപ്പവും പറ്റാതെ ജീവിക്കാനാകുന്ന ഒരു ജീവിയുണ്ട്– ലോകത്തിലെ ഏറ്റവും ‘കരുത്തുറ്റ’ ജീവി എന്നു വിശേഷിപ്പിക്കുന്ന അതിനു പക്ഷേ വലുപ്പം ഏകദേശം 0.5 മില്ലിമീറ്ററേയുള്ളൂ. എത്ര കഠിനമായ ചൂടും തണുപ്പും മർദവും മാരക റേഡിയേഷനുകളുമെല്ലാം ആണെങ്കിലും അതിനെയെല്ലാം ടാർഡിഗ്രേഡ് എന്ന ഈ ജീവി അതിജീവിക്കും.

ഒരിക്കലും മരിക്കാതെ ചിരഞ്ജീവിയായി കഴിയാൻ ഇവയ്ക്ക് എങ്ങനെ സാധിക്കുന്നു എന്നായിരുന്നു ഇത്രയും കാലം ഗവേഷകരുടെ സംശയം. അതിനിപ്പോൾ ഉത്തരമായിരിക്കുന്നു. ടാർഡിഗ്രേഡുകളുടെ ശരീരത്തിലെ ഒരു പ്രത്യേകതരം പ്രോട്ടീനാണ് ഏതു കഠിനസാഹചര്യവും നേരിടാനുള്ള പടച്ചട്ട ഇവയ്ക്കു നൽകുന്നത്. കാഴ്ചയിൽ ഒരു വമ്പൻ കരടിയെപ്പോലെയാണെന്നതിനാൽ ജലക്കരടിയെന്നും ഇവയ്ക്കു പേരുണ്ട്. 300 ഡിഗ്രി ഫാരൻഹീറ്റ് വരെയുള്ള ചൂട് താങ്ങാൻ ടാർഡിഗ്രേഡിനാകും. ബഹിരാകാശത്തെ കൊടുംതണുപ്പിനെ പോലും പ്രതിരോധിക്കും. ലോകത്തിലെ ഏറ്റവും ആഴമുള്ള ഭാഗമായ മരിയാന ട്രഞ്ചിന്റെ ആഴങ്ങളിലേക്ക് മനുഷ്യൻ ഇറങ്ങിയാൽ മർദവ്യതിയാനം കാരണം അധികം സഞ്ചരിക്കാനാകില്ല. എന്നാൽ അതിന്റെയും ആറിരട്ടി മർദമാണെങ്കിലും ടാർഡിഗ്രേഡ് ഒരു കുഴപ്പവും പറ്റാതെ നിൽക്കും.

മറ്റു മൃഗങ്ങൾക്ക് മാരകമാകുന്ന റേഡിയേഷന്റെ ആറിരട്ടി പതിച്ചാലും ഈ ജലക്കരടി ‘കൂൾ’. ആയിരക്കണക്കിന് ഗ്രേ (Gy) യൂണിറ്റ് വരുന്ന റേഡിയേഷൻ പതിച്ചാലും ഇവ ചാകില്ല. 10 ഗ്രേ റേഡിയേഷൻ അടിച്ചാൽത്തന്നെ മനുഷ്യനു മാരകമാണെന്നോർക്കണം. ടാർഡിഗ്രേഡുകൾ ഉൽപാദിപ്പിക്കുന്ന ഒരുതരം പ്രോട്ടീനാണ് അവയ്ക്കു സഹായകരമാവുന്നതെന്നാണു കണ്ടെത്തൽ. ഡാമേജ് സപ്രസ്സർ എന്നാണ് പ്രോട്ടീന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ഡിസപ് എന്നു ചുരുക്കി വിളിക്കാം. മനുഷ്യർക്ക് ഏറെ ഉപകാരപ്പെടുന്ന കണ്ടെത്തലാണ് ഈ പ്രോട്ടീനിലൂടെ കലിഫോർണിയ സർവകലാശാലയിലെ ഗവേഷകര്‍ ഇപ്പോൾ നടത്തിയിരിക്കുന്നത്.

എക്സ് റേ രശ്മികൾ ഇവയുടെ ശരീരത്തിലേക്കു വൻതോതിൽ പതിപ്പിച്ചായിരുന്നു പരീക്ഷണം. ടാർഡിഗ്രേഡിന്റെ ശരീരകോശങ്ങൾക്ക് ചുറ്റിലും മേഘപടലം പോലെ ഒരു ആവരണം സൃഷ്ടിച്ചാണ് ഡിസപ് സഹായിക്കുന്നതെന്നു കണ്ടെത്തി. പ്രോട്ടീനു രണ്ടു ഭാഗങ്ങളുണ്ട്. ഇതിലൊന്ന് കോശങ്ങളിലെ ക്രോമാറ്റിനോടു ചേർന്നിരിക്കുന്നു. രണ്ടാമത്തേതാണ് ഡിഎൻഎയെ പുറത്തുനിന്നുള്ള ആക്രമണങ്ങളിൽ നിന്ന് ആവരണം തീര്‍ത്തു സംരക്ഷിക്കുന്നത്. കോശങ്ങളിൽ ഡിഎൻഎ സ്ഥിതി ചെയ്യുന്നത് ക്രോമാറ്റിനുള്ളിലാണ്. അകത്തും പുറത്തും ഒരേസമയം സംരക്ഷണം തീര്‍ക്കാൻ ഡിസപിനാകുമെന്നു ചുരുക്കം.

2016ലാണ് ആദ്യമായി ഈ പ്രോട്ടീൻ കണ്ടെത്തുന്നത്. മനുഷ്യശരീരത്തിൽ കോശങ്ങൾക്ക് റേഡിയേഷൻ കാരണമുണ്ടാകുന്ന പ്രശ്നങ്ങള്‍ 40% വരെ കുറയ്ക്കാൻ ഡിസപിനാകുമെന്നും കണ്ടെത്തി. ഇതേ ഡിസപിനെ ടാർഡിഗ്രേഡ് എങ്ങനെയാണ് സ്വയരക്ഷയ്ക്കായി ഉപയോഗപ്പെടുത്തുന്നതെന്നതായിരുന്നു ഗവേഷകരുടെ പഠനവിഷയം. ഒരുകാലത്ത് ഈ പ്രോട്ടീൻ മനുഷ്യനിലും സുരക്ഷാകവചമായി ഉപയോഗിക്കപ്പെടാമെന്നുമുള്ള ശുഭാപ്തി വിശ്വാസവും ഗവേഷകർ പങ്കുവയ്ക്കുന്നു. പലതരം കോശങ്ങൾക്കായി പലതരത്തിൽ ഡിസപ് പ്രോട്ടീനെ ‘ഒപ്റ്റിമൈസ്’ ചെയ്തെടുത്ത് സംരക്ഷണ കവചമായി ഉപയോഗിക്കാമെന്നതാണു പ്രത്യേകത. രോഗം ബാധിച്ചു കോശങ്ങൾ നശിക്കുന്ന അവസ്ഥയ്ക്കുള്ള പരിഹാരമായും ഈ ജലക്കരടിയുടെ പ്രോട്ടീൻ ഭാവിയിൽ സഹായകരമാകുമെന്നും ഇലൈഫ് ജേണലിലെ പഠനത്തിൽ പറയുന്നു.

തുടര്ന്ന് വായിക്കുക

No comments:

Post a Comment