Breaking

Monday 7 October 2019

കണ്ണിൽ ചോരയില്ലാത്ത ചൈനീസ് ക്രൂരത

കണ്ണിൽ ചോരയില്ലാത്ത ചൈനീസ് ക്രൂരത

ഹോങ്കോങ്ങില്‍ ചൈനയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഉപകരിക്കുന്ന ആപ് സൃഷ്ടിച്ച് ആപ്പിളിന്റെ ആപ് സ്റ്റോറില്‍ ഇടാന്‍ ശ്രമിച്ചെങ്കിലും കമ്പനി സമ്മതിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാര്‍ക്ക് ഓരോ നിമിഷവും പൊലീസ് എന്തുചെയ്യുന്നു എന്നറിയാന്‍ കഴിയുന്ന ഒന്നായിരുന്നു ഈ ആപ്. എച്‌കെമാപ് ലൈവ് (HKMap Live) എന്നായിരുന്നു ആപ്പിന്റെ പേര്. ‘കണ്ണിൽ ചോരയില്ലാത്ത’ ക്രൂരതയാണ് പ്രതിഷേധക്കാർക്കെതിരെ ചൈനീസ് പൊലീസ് പുറത്തെടുക്കുന്നത്.

ആപ്പിലൂടെ ഒരു ക്രൗഡ്‌സോഴ്‌സ്ഡ് മാപ് കാണിക്കാനായിരുന്നു പദ്ധതി. ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക് നഗരത്തിന്റെ ഓരോ ഭാഗത്തും പ്രതിഷേധക്കാര്‍ നടത്തുന്ന നീക്കങ്ങളും പൊലീസിന്റെ നീക്കവും അവരുടെ വാഹനങ്ങളുടെ നിലയുമടങ്ങുന്ന വിവരങ്ങള്‍ തത്സമയം അറിയാന്‍ കഴിയുന്ന ഒന്നായിരുന്നു എച്‌കെമാപ്‌സ്. പ്രതിഷേധക്കാര്‍ക്ക് ഉപകരിക്കാനായി ആപ് നിര്‍മിച്ചത് മസിയേജ് സെഗ്ലോവ്‌സ്‌കി (Maciej Ceglowski) എന്ന ഡെവലപ്പറാണ്. ഓണ്‍ലൈനില്‍ അദ്ദേഹം അറിയപ്പെടുന്നത് അറ്റ്പിന്‍ബോര്‍ഡ് (@pinboard) എന്നാണ്. ഇപ്പോള്‍ ഹോങ്കോങ്ങിലുളള അദ്ദേഹം പറഞ്ഞത് ഈ ആപ്പിന് പ്രതിഷേധക്കാരുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ്. പൊലീസിന്റെ കണ്ണീര്‍വാതക പ്രയോഗം അടക്കമുള്ള കാര്യങ്ങള്‍ നേരിടാതെ അവര്‍ക്ക് ഒഴിഞ്ഞുമാറാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എച്‌കെമാപിന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം തന്റെ ആപ് ആപ്പിള്‍ നിരസിച്ചതായി അറിയിച്ചത്. ആപ്‌സ്റ്റോറില്‍ ആപ് വന്നെങ്കില്‍ മാത്രമെ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അത് ഡൗണ്‍ലോഡ് ചെയ്യാനൊക്കൂ. (ജെയില്‍ബ്രെയ്ക് ചെയ്ത ഐഫോണുകളിലൂടെ ആപ്‌ സ്റ്റോറിലില്ലാത്ത ആപ്പുകൾ ഐഫോണുകളിലും ഐപാഡുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാമെങ്കിലും ഇന്ന് അധികമാരും ആ വഴി സ്വീകരിക്കുന്നില്ല.)

നിങ്ങളുടെ ആപ്പില്‍ നിയമപരമല്ലാത്ത പ്രവൃത്തികളിലേര്‍പ്പെടാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. നിയമം ലംഘിക്കാന്‍ ആളുകള്‍ക്ക് അവസരം നല്‍കുന്നു, അതുകൊണ്ട് ആപ്‌സ്‌റ്റോറില്‍ സ്വീകരിക്കില്ല എന്നാണ് ആപ്പിളിന്റെ നിലപാടെന്ന് എച്‌കെമാപ് ലൈവ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ആപ്പിള്‍ കരുതുന്നത് ഈ ആപ്പിന്റെ ഉപയോക്താക്കളെല്ലാം നിയമം ലംഘിക്കുന്നവരാണെന്നാണ്. പക്ഷേ സത്യം അതല്ലെന്നും എച്‌കെമാപ് ലൈവ് പറയുന്നു.

ഈ ട്വീറ്റുകള്‍ ആപ്പിള്‍ മര്യാദലംഘനം നടത്തുന്നതായി വ്യാഖ്യാനിക്കപ്പെട്ടു. ആപ്പിള്‍ എച്‌കെമാപ് ലൈവിനെ പുറത്താക്കി എന്ന രീതിയിലും വാര്‍ത്ത പരന്നു. എന്നാല്‍ തന്റെ ആപ്പിന് ഒരിക്കലും ആപ്‌സ്റ്റോറില്‍ പ്രവേശനം ലഭിച്ചിരുന്നില്ല. അതുകൊണ്ട് പുറത്താക്കലിന്റെ പ്രശ്‌നം ഉദിക്കുന്നില്ലെന്ന് മസിയെജ് തിരുത്തുകയും ചെയ്തു. പ്രവേശനം നല്‍കണമോ എന്ന തീരുമാനമെടുക്കുന്ന ഘട്ടത്തില്‍ തന്നെ വേണ്ടെന്ന് ആപ്പിള്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റു ചെയ്തു. ഈ ആപ് ഇപ്പോള്‍ ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറില്‍ ഉണ്ട്.

ആപ്പിളും ഗൂഗിളും പോലെയുള്ള കമ്പനികള്‍ പോലും ചൈനയുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. ചൈനീസ് സർക്കാർ പറഞ്ഞതെല്ലാം അംഗീകരിച്ച് ഗൂഗിള്‍ ചൈനയ്ക്കു വെണ്ടി പുതിയ സേര്‍ച് ആപ് ഉണ്ടാക്കുന്നതായി വാര്‍ത്ത വന്നതിനെതുടര്‍ന്ന് കമ്പനിക്കകത്തും പുറത്തും വന്‍ പ്രതിഷേധങ്ങളായിരുന്നു അരങ്ങേറിയത്. ആപ് പുറത്തിറക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പ്രതിഷേധം ഫലം കണ്ടതുപോലെയാണ് ഇപ്പോള്‍ തോന്നുന്നത്. ഈ ആപ്പിലൂടെ മനുഷ്യാവകാശം തുടങ്ങിയ പദങ്ങള്‍ സേര്‍ച്ചു ചെയ്യാനാവില്ല. കൂടാതെ, ഉപയോക്താക്കളുടെബ്രൗസിങ് രീതികളടക്കം ചൈനീസ് സർക്കാരിന് അടിയറവയ്ക്കുകയും ചെയ്യുമെന്നായിരുന്നു കേട്ടിരുന്നത്. അതുപോലെ ആപ്പിളിന്റെ ആപ് സ്റ്റോറില്‍ നിന്ന് വിപിഎന്‍ ആപ്പുകള്‍ മാറ്റണമെന്നു ചൈന കല്‍പ്പിച്ചതേ ആപ്പിള്‍ അവയെ എല്ലാം പുറത്താക്കി എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തെ ഏറ്റവും പെട്ടെന്നു വളരുന്ന വിപണികളിലൊന്ന് ചൈനയാണ്. അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളിലെ സാധ്യതകള്‍ ഏറക്കുറെ അവസാനിച്ച മട്ടാണ്. പുതിയ ഉപയോക്താക്കളെ തേടണമെങ്കില്‍ എല്ലാ കമ്പനികള്‍ക്കും ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളെ കൂടുതലായി ശ്രദ്ധിക്കേണ്ടതായി ഉണ്ട്. അതായിരിക്കാം ഈ കമ്പനികളൊക്കെ ചൈനീസ് സർക്കാരിന് ഹിതമല്ലാത്ത കാര്യങ്ങള്‍ ചെയ്യാത്തതെന്നു കരുതുന്നു.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment