Breaking

Saturday 12 October 2019

ജിയോ ഫ്രീ കോള്‍ നിർത്തുന്നതിന്റെ നേട്ടം ആർക്ക്?

 ജിയോ ഫ്രീ കോള്‍ നിർത്തുന്നതിന്റെ നേട്ടം ആർക്ക്?

ജിയോ മൊബൈല്‍ സേവനങ്ങള്‍ അവതരിപ്പിക്കുന്ന സമയത്തും പിന്നീടും റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി ആവര്‍ത്തിച്ച കാര്യമാണ്, ''കോളുകള്‍ ഫ്രീ ആയിരിക്കും, എക്കാലവും'' (calls will be free, forever!) എന്ന്. അതില്‍ നിന്ന് വലിയൊരു തിരിച്ചു പോക്കാണ് കമ്പനി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇതു ഗുണകരമാകുക ജിയോയ്ക്കായിരിക്കുമോ, അതോ എതിരാളികള്‍ക്കായിരിക്കുമോ? ജിയോടെ ഉപയോക്താക്കള്‍, എയര്‍ടെല്ലിന്റെയും, വൊഡാഫോണ്‍-ഐഡിയയുടെയും ഉപയോക്താക്കളെക്കാള്‍ ഏകദേശം 13 ശതമാനം കുറവു പണമാണ് ഇതുവരെ നല്‍കിവന്നത്. പുതിയ നീക്കത്തോടെ, നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ ചാര്‍ജ് വ്യത്യാസം തീരെ ഇല്ലാതാകുന്നു. ജിയോയുടെ പ്രഖ്യാപനം വന്ന ശേഷം വൊഡാഫോണ്‍ ഐഡിയയുടെ ഓഹരികള്‍ 18 ശതമാനമാണ് കുതിച്ചുയര്‍ന്നത്. എയര്‍ടെല്ലിന്റെ ഒഹരിയാകട്ടെ 4.8 ശതമാനവും. ജിയോയ്ക്കും ഉയര്‍ച്ച തന്നെ. പക്ഷെ, പുതിയ നീക്കം തങ്ങളുടെ എതിരാളികളെ നിലംപരിശാക്കാനുള്ള പൂഴിക്കടകനാണോ അതോ ഇന്ത്യന്‍ ടെലികോം സെക്ടറില്‍ ഇനി ഒരു മൂന്നു കുതിരകളുടെ മത്സരമാണോ കാണാൻ പോകുന്നത്?

അന്യ നെറ്റ്‌വര്‍ക്കുകളിലേക്കുളള വിളികള്‍ക്ക് മിനിറ്റിന് 6 പൈസ ചാര്‍ജു ചെയ്യുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്കു വിളിക്കുമ്പോള്‍, ഏതു നെറ്റ്‌വര്‍ക്കില്‍ നിന്നാണോ കോള്‍ ഉത്ഭവിച്ചത് ആ ദാതാക്കൾ നല്‍കേണ്ട തുകയാണ് ഐയുസി അഥവാ ഇന്റര്‍കണക്ട് യൂസെജ് ചാര്‍ജസ്. ഇതാണു തങ്ങള്‍ അന്യ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള വിളിക്കു ചാര്‍ജു ചെയ്യുന്നത്. ഇവിടെ ഒരു ബിസിനസ് തന്ത്രം കൂടി ഒളിഞ്ഞിരിപ്പുണ്ട്. ജിയോയില്‍ നിന്ന് ജിയോയിലേക്കുള്ള വിളിക്ക് പൈസയില്ല. അപ്പോള്‍ കൂടുതല്‍ കസ്റ്റമര്‍മാര്‍ ജിയോയിലേക്കു മാറിയേക്കാം. ഇതുവരെ ഏറ്റവുമധികം ഐയുസി നല്‍കിയിരിക്കുന്നതും ജിയോയാണ്, 13,500 കോടി രൂപ! ഇതെല്ലാം ഇനി ലാഭമായി പരിണമിക്കാം. അടുത്ത വര്‍ഷം ജനുവരി മുതല്‍ ഐയുസി നിരക്ക് ഒഴിവാക്കുമെന്നാണ് ട്രായ് പറഞ്ഞിരുന്നത്. എന്നാല്‍, അതു ദീര്‍ഘിപ്പിക്കും എന്നുപറഞ്ഞതാണ് കോളിനു പൈസ ചാര്‍ജ് ചെയ്യാനുള്ള നീക്കത്തിനു പിന്നിലെന്നും സൂചനയുണ്ട്.

ഒരു വിശകലനവിദഗ്ധന്‍ പറയുന്നത്, ടെലികോം മേഖലയിൽ ജിയോ ആവശ്യത്തിനു സ്ഥലം കൈയ്യേറിക്കഴിഞ്ഞു. ഇനി ലാഭം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടത്. അതിന് ഈ നീക്കം വളരെ ഉപകാരം ചെയ്യുമെന്നാണ്. ജിയോയെ പോലെയല്ലാതെ എതിര്‍ നെറ്റ്‌വര്‍ക്കുകളുടെ നീക്കം അത്ര സുതാര്യമല്ല. ഇതുവരെ ജിയോയുടേത് മനസിലാക്കാന്‍ എളുപ്പമുള്ള നേരേ വാ നേരേ പോ ഇടപാടാണ്. ഒരു പക്ഷെ എതിരാളികളും ഇനി തങ്ങളുടെ പ്ലാനുകളും മറ്റും ഉപയോക്താക്കള്‍ക്ക് കൂടുതല്‍ എളുപ്പം മനസിലാക്കാവുന്ന രീതിയിലേക്ക് ആക്കിയേക്കും. ഐയുസി പൂര്‍ണമായും എടുത്തു മാറ്റിക്കാനുള്ള നീക്കമാണിതെന്നാണ് ചിലര്‍ പറയുന്നത്. അതും ജിയോയ്ക്ക് ഗുണകരമാണ്. ഏറ്റവുമധികം ഐയുസി നല്‍കിയിരിക്കുന്നത് ജിയോയാണ്.

ഇനി ഉപയോക്താവിന് പ്രതിമാസ ചിലവ് മൂന്നു നെറ്റ്‌വര്‍ക്കുകളിലും തുല്യമായിരിക്കുമെന്നും അതിനാൽ അധികം കൊഴിഞ്ഞുപോക്കുണ്ടാവില്ല എന്നുമാണ് ജിയോയുടെ എതിരാളികള്‍ക്ക് ആശ്വാസമേകുന്നത്. പുതിയ കോള്‍ ടോപ്-അപ് വൗച്ചര്‍ വഴി ജിയോയ്ക്ക് ഒരു ഉപയോക്താവില്‍ നിന്ന് 15-19 ശതമാനം അധികവരുമാനം ലഭിക്കും. മുകളില്‍ പറഞ്ഞതുപോലെ, തങ്ങളുടെ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കൂ, കോള്‍ ചാര്‍ജേ വരില്ല എന്നു പറഞ്ഞ് ജിയോ ഉപയോക്താക്കളെ സ്വന്തം നെറ്റ്‌വർക്കിലേക്ക് കൊണ്ടുവരാനുള്ള സാധ്യതകൾ കൂടുതലാണ്.

തത്കാലം ഇന്ത്യന്‍ ടെലികോം സെക്ടറില്‍ നിലനിന്നിരുന്ന മത്സരത്തിനു ശമനമായിരിക്കുന്നു. 2016ലാണ് ഇന്ത്യന്‍ ടെലികോം സെക്ടറില്‍ ജിയോ ഒരു കൊടുങ്കാറ്റുപോലെ പ്രവേശിച്ചത്. ഫ്രീ കോളുകളും, വില കുറഞ്ഞ ഡേറ്റയും ആവേശം പകര്‍ന്നതോടെ, ആളുകള്‍ മറ്റു നെറ്റ്‌വര്‍ക്കുകളെ തളളി ജിയോയ്‌ക്കൊപ്പം ചേര്‍ന്നു.ജിയോയുടെ നീക്കത്തിലൂടെ അവരുടെ ചാര്‍ജില്‍ 10 ശതമാനം വര്‍ദ്ധന ഉപയോക്താവിനു തോന്നും. എന്നാല്‍ ഈ നീക്കം പോലും വൊഡാ-ഐഡിയാ, എയര്‍ടെല്‍ കമ്പനികള്‍ക്ക് ആശ്വാസമാകുമെന്നും കരുതുന്നു. ഇത് ടെലികോം വ്യവസായത്തിന് കൂടുതല്‍ കരുത്തു പകരും. ഒറ്റ ഓപ്പറേറ്റർ എന്നതിനേക്കാൾ മൂന്നു ശക്തികള്‍ ഇനി ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കണ്ടേക്കാം. എന്നാല്‍, എതിരാളികള്‍ക്ക് വിശ്രമിക്കാനുള്ള അവസരം ജിയോ നല്‍കിയേക്കില്ലെന്ന് കരുതുന്നവരും ഉണ്ട്. അവരുടെ എതിരാളികളും ജിയോയെ അനുകരിച്ച്, ഇതു നല്ല അവസരമാണല്ലോ എന്നു കരുതി ഐയുസി അവതരിപ്പിക്കില്ലേയെന്ന് ചോദിക്കുന്നവരും ഉണ്ട്. അത്തരം നീക്കവും ജിയോയ്ക്ക് ഗുണകരമാകും. ഇന്ത്യന്‍ ടെലികോം സെക്ടറില്‍ മൂന്നു പേരുടെ മത്സരമായിരിക്കുമോ നടക്കുക, അതോ ജിയോയുടെ കുതിച്ചുകയറ്റം തുടരുമോ എന്ന് വരും മാസങ്ങള്‍ പറയും.
   


 

തുടര്ന്ന് വായിക്കുക

No comments:

Post a Comment