Breaking

Friday, 4 October 2019

ക്രിപ്‌റ്റോ രാജ്ഞി’ യുടെ തട്ടിപ്പ്

 ‘ക്രിപ്‌റ്റോ രാജ്ഞി' യുടെ തട്ടിപ്പ് 

ഒന്നും രണ്ടുമല്ല 175 രാജ്യങ്ങളിലെ നിക്ഷേപകരെ പറ്റിച്ചു മുങ്ങിയിരിക്കുകയാണ് ക്രിപ്‌റ്റോക്വീന്‍ (Cryptoqueen) എന്നറിയപ്പെടുന്ന രുജാ ഇഗ്നാറ്റോവ. ക്രിപ്‌റ്റോ കറന്‍സിയിലൂടെ 4.9 ബില്ല്യന്‍ ഡോളര്‍ (ഏകദേശം 34924.99 കോടി രൂപ) നിക്ഷേപം സമാഹരിച്ച ശേഷമാണ് അവര്‍ അപ്രത്യക്ഷയായിരിക്കുന്നത് എന്നതാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിവാക്കുന്നത്. അമേരിക്കയുടെ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണിപ്പോള്‍. പുതിയ തരം പണമെന്ന പേരില്‍ ബിറ്റ്‌കോയിന്‍ തരംഗത്തിനിടയില്‍ കൊട്ടിഘോഷിച്ചെത്തിയ ഈ തട്ടിപ്പില്‍ കുറച്ചു പേരൊന്നുമല്ല പെട്ടിരിക്കുന്നത്.

വിവിധ രാജ്യങ്ങളില്‍ വമ്പന്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചാണ് തന്റെ ക്രിപ്‌റ്റോകറന്‍സിയായ വണ്‍കോയിന്‍ (OneCoin) രുജാ അവതരിപ്പിച്ചത്. ഡോക്ടര്‍ രുജാ, ഡോക്ടര്‍ ഇഗ്നാറ്റോവ തുടങ്ങിയ പേരുകളിലാണ് ഇവര്‍ തന്റെ ആരാധകര്‍ക്കു മുന്നില്‍ താര പരിവേഷത്തോടെ അവതരിക്കുക. വണ്‍കോയിന്‍ അധികം താമസിയാതെ ബിറ്റ്‌കോയിനെ മറികടക്കുമെന്നു പറഞ്ഞും, 'തങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്ന' മറ്റു ക്രിപ്‌റ്റോകറന്‍സികളെ കണക്കിനു കളിയാക്കിയുമൊക്കെയാണ് അവര്‍ കാണികളെ കയ്യിലെടുക്കുന്നത്. 2016ല്‍ വെംബ്ലിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത പലരും അവരുടെ വലയില്‍ വീഴുക തന്നെ ചെയ്തു. ഗ്ലാസ്‌കോയില്‍ നിന്നുള്ള ബെന്‍ മക്ആഡം മാത്രം നിക്ഷേപിച്ചത് 10,000 യൂറോയാണ്. കൂടാതെ ബള്‍ഗേറിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഈ കമ്പനിക്ക് തന്റെ കുടുംബാംബങ്ങളെ പറഞ്ഞു മനസിലാക്കി എത്തിച്ചുകൊടുത്ത പണത്തിന്റെ മൂല്യം ഏകദേശം 220,000 പൗണ്ടാണ്. 2017ല്‍ രുജ അപ്രത്യക്ഷയായി. പിന്നീടവരെ ഇന്നുവരെ കണ്ടിട്ടില്ല

ഇന്റര്‍നെറ്റ് വ്യാപിക്കുന്നതിനനുസരിച്ച് തട്ടിപ്പുകളും പെരുകുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഓരോ ആഴ്ചയും രുജയുടേതടക്കം പുതിയ വമ്പന്‍ തട്ടിപ്പുകളുടെ കഥകളാണ് പുറത്തുവരുന്നത്. തന്റെ കമ്പനിക്കായി 2016 ല്‍ ആറുമാസം കൊണ്ടു നടത്തിയ ലോക ടൂറിലാണ് അവര്‍ കൂടുതല്‍ നിക്ഷേപവും സമാഹരിച്ചിരിക്കുന്നതെന്നു കാണാം. ആ കാലയളവില്‍ മാത്രം ബ്രിട്ടനില്‍ നിന്നു മാത്രമുള്ള നിക്ഷേപം 26 ദശലക്ഷം പൗണ്ടാണ്. ബ്രിട്ടനില്‍ നിന്ന് മൊത്തം പോയിരിക്കുന്നത് 96 ദശലക്ഷം പൗണ്ടാണെന്നും കണക്കുകള്‍ പറയുന്നു. ചൈനയില്‍ പോലും ക്രിപ്‌റ്റോ രാജ്ഞിയുടെ വിളയാട്ടം വിജയകരമായി എന്നാണ് കാണുന്നത്. അവിടെ നിന്ന് 427 മില്ല്യന്‍ യൂറോയാണ് 2016ല്‍ തട്ടിയെടുത്തത്. ദക്ഷിണ കൊറിയ, ഹോങ്കോങ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കാര്യമായ നിക്ഷേപം അവര്‍ക്കു ലഭിച്ചു. എന്തിനേറെ പറയണം വിയറ്റ്‌നാം, ബെംഗ്ലാദേശ്, യുഗാണ്ട തുടങ്ങിയ പാവപ്പെട്ട രാജ്യങ്ങളില്‍ നിന്നു പോലുമുള്ള ആളുകള്‍ അവരുടെ തട്ടിപ്പില്‍ പെട്ടുവെന്നാണ് കാണാനാകുന്നത്. വന്‍ തുകയാണ് പല രാജ്യങ്ങളില്‍ നിന്നും അവരെ വിശ്വസിച്ചു നല്‍കിയിരിക്കുന്നത്.

2016ല്‍ ബിറ്റ്‌കോയിന്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്ന തോന്നല്‍ സൃഷ്ടിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിരുന്നു. പഴഞ്ചന്‍ പണം കൈമാറ്റ രീതികളെ തള്ളിക്കളഞ്ഞ് ബ്ലോക് ചെയ്ന്‍ സാങ്കേതികവിദ്യ അരങ്ങുവാഴാന്‍ പോകുന്നു എന്നവിധമായിരുന്നു പ്രചാരണം. കമ്പനികളുടെ പബ്ലിക് ഓഫറിങ് മോഡലില്‍ ഇനിഷ്യല്‍ കോയിന്‍ ഓഫറിങ് (Initial Coin Offering) എന്ന പേരിലാണ് വന്‍ പണ സമാഹരണം നടന്നത്. വന്‍ വാഗ്ദാനങ്ങള്‍ നടത്തിയും വീരവാദങ്ങള്‍ മുഴക്കിയുമാണ് ഇത്തരം ഇടപാടുകള്‍ എത്തുന്നത്. ക്രിപ്‌റ്റോ എന്നത് അന്തിമ വാക്കാകാന്‍ പോകുന്നു തുടങ്ങിയ പ്രചാരണങ്ങളില്‍ വീഴാതെ രക്ഷപ്പെട്ടവര്‍ ഭാഗ്യമുളളവരാണ്.

ഇതെല്ലാം കൊണ്ടെത്തിക്കുന്നത് ഫെയ്‌സ്ബുക്കിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന പുതിയ ക്രിപ്‌റ്റോകറന്‍സിയായ ലിബ്രയുടെ കാര്യത്തലേക്കാണ്. വീസാ, പേപാല്‍, ഊബര്‍, സ്‌പോട്ടിഫൈ തുടങ്ങി 28 വമ്പന്‍ കമ്പനികളുടെ സഹകരണത്തിലാണ് ലിബ്ര പുറത്തിറക്കാന്‍ ആലോചിക്കുന്നത്. ഇതിനെതിരെ പല തരം എതിര്‍പ്പുകളും ഉയര്‍ന്നു കഴിഞ്ഞു. ഇതിലൂടെ ലോകവ്യാപകമായി പുതിയൊരു വിനിമയ രീതി തന്നെ ഉയര്‍ന്നു വരാവുന്നതേയുള്ളു. ഫെയ്‌സ്ബുക് അടക്കമുള്ള 28 കമ്പനികളുടെ അസോസിയേഷന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ബെര്‍ട്രാന്റ് പെരെസ് പറയുന്നത് തങ്ങളുടെ ലിബ്രാ പ്രൊജക്ടിന്റെ നട്ടെല്ലെന്നു പറയുന്നത് ബ്ലോക് ചെയ്‌നാണ്. ഒരു തട്ടിപ്പും അവിടെ നടക്കില്ല. പണം വേഗത്തിലും കാര്യക്ഷമതയോടെയും കൈമാറ്റം ചെയ്യപ്പെടും. ഭാവിയില്‍ പണം നല്‍കുന്നതിന്റെയും വാങ്ങുന്നതിന്റെയും ഏറ്റവും മികച്ച രീതിയായിരിക്കും തങ്ങളുടേത് എന്നാണ് അദ്ദേഹം പറയുന്നത്. തമാശ എന്താണെന്നു ചോദിച്ചാല്‍ 2016ല്‍ ഡോക്ടര്‍ രുജ വെംബ്ലിയില്‍ നടത്തിയ പ്രസംഗത്തിന്റെ പ്രതിധ്വനി പോലെയുണ്ട് ഈ ആവകാശവാദങ്ങള്‍ എന്നതാണ്

എന്നാല്‍, രുജയുടേതു പോലെയുള്ള കമ്പനികളല്ല, മറിച്ച് നിരവധി ബഹുമാനിക്കപ്പെടുന്ന കമ്പനികള്‍ ഉള്‍ക്കൊള്ളുന്നതാണ് ലിബ്രയുടെ പിന്നിലുള്ള പ്രവര്‍ത്തകര്‍. കൂടാതെ വിവിധ രാജ്യങ്ങളിലെ അധികാരികളുടെ സമ്മതത്തോടെയായിരിക്കും ഇത് ആവതരിപ്പിക്കുക എന്നും അവര്‍ പറയുന്നു. എന്നാല്‍, ഈ കറന്‍സി സുരക്ഷിതമായിരിക്കുമെന്നും എങ്ങാനും വിജയിച്ചാല്‍ രാജ്യങ്ങളുടെ സാമ്പത്തിക അടിത്തറ തകർക്കില്ലെന്നും മറ്റും അധികാരികളെ മനസിലാക്കിക്കൊടുക്കുക എന്നത് എളുപ്പമായിരിക്കില്ല.
 

തുടര്ന്ന് വായിക്കുക

No comments:

Post a Comment