സർജിക്കൽ സ്ട്രൈക്കിനെപ്പറ്റി ലഫ്.ജനറൽ ഡി.എസ്.ഹൂഡ
നിയന്ത്രണരേഖ കടന്നു തന്നെ ‘അടിച്ചത്’ പാക്കിസ്ഥാന് ശക്തമായൊരു സന്ദേശം നൽകാനാണ്. മറ്റു വഴികളിലൂടെയൊന്നും ഇതുപോലൊരു സന്ദേശം നൽകാനാകില്ല. നാഗാ പോരാളികൾക്കെതിരെ 2015 ജൂണിൽ മ്യാൻമർ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിനെത്തുടർന്ന് പാക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അവരുടെ വിദേശകാര്യ വക്താവിൽ നിന്നും പലതരം പ്രസ്താവനകൾ വന്നു. ‘മ്യാൻമറല്ല പാക്കിസ്ഥാൻ, ഞങ്ങൾക്കു നേരെ എന്തെങ്കിലും സാഹസത്തിന് ഇന്ത്യ തയാറെടുത്താൽ ഉചിതമായ മറുപടിയായിരിക്കും കിട്ടുക’ എന്ന വിധത്തിലായിരുന്നു പ്രസ്താവനകൾ.
പക്ഷേ മിന്നലാക്രമണത്തിനു പിന്നാലെ പാക്കിസ്ഥാൻ ഒരു വിരലുപോലും അനക്കിയില്ല. അവര്‍ക്കു മേലുള്ള ഇന്ത്യയുടെ ധാർമിക വിജയം കൂടിയായിരുന്നു അത്. അതിർത്തി കടന്നുള്ള ആക്രമണമാണ് പാക്കിസ്ഥാനെ നിശബ്ദരാക്കിയത്. ദൂരെ നിന്നു മിസൈലു കൊണ്ടോ മറ്റോ മറുപടി കൊടുത്താൽ ഇത്തരത്തിലൊരു സന്ദേശം അവരിലേക്ക് എത്തില്ലായിരുന്നു. മിന്നലാക്രമണം നടന്നിട്ടില്ല എന്ന് പാക് ഭരണകൂടം പറഞ്ഞപ്പോൾ തന്നെ വ്യക്തമായിരുന്നു, അവരിൽ നിന്ന് വൻ തിരിച്ചടികളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന്.
മിന്നലാക്രമണ കമാൻഡോ സംഘത്തിന്റെ തലവനും അജിത് ഡോവലും പ്രധാനമന്ത്രിയെ കണ്ടു. യുഎസിന്റെ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസുമായി സംസാരിച്ച് ഡോവൽ വിവരങ്ങൾ ധരിപ്പിച്ചു. കാബിനറ്റ് സമിതിയുടെ സുരക്ഷാ യോഗവും വിളിച്ചു ചേർത്തു. പാക്ക് സൈനിക മേധാവിയെ വിളിച്ച് ഡിജിഎംഒ ആക്രമണ വിവരങ്ങൾ അറിയിച്ചു.
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമായി നരേന്ദ്ര മോദി സംസാരിച്ചു. വിവിധ സംസ്ഥാന സർക്കാരുകൾക്കും വിവിധ പാർട്ടി നേതാക്കൾക്കും ആക്രമണം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവരങ്ങൾ കൈമാറി. രാജ്യസുരക്ഷയ്ക്കു വേണ്ടി നടത്തിയ ഈ ആക്രമണത്തിൽ കേന്ദ്ര സർക്കാരിനൊപ്പമാണെന്ന് അന്നത്തെ കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി പറഞ്ഞു.
ലഫ്. ജനറൽ രൺബീർ സിങ് മാധ്യമങ്ങളെ കണ്ടു. മിന്നലാക്രമണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്ത്.മിന്നലാക്രമണത്തിനു പിന്നാലെ അതിർത്തിയിലും ഇന്ത്യ കാവൽ ശക്തമാക്കി. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും രാജസ്ഥാനിലെയും ഗുജറാത്തിലെയും രാജ്യാന്തര അതിർത്തികളിൽ ജാഗ്രത പാലിക്കാൻ തങ്ങളുടെ എല്ലാ യൂണിറ്റുകൾക്കും ബിഎസ്എഫ് നിർദേശം നൽകി. അതിർത്തിയിൽ പട്രോളിങ്ങും ശക്തമാക്കി. പതിയിരുന്നുള്ള ആക്രമണങ്ങൾക്കെതിരെയും സൈന്യം ജാഗ്രതയോടെ നിന്നു. അതിർത്തിയിലൂടെയുള്ള സാധാരണക്കാരുടെ സഞ്ചാരത്തിനും വിലക്ക്. രാജ്യാന്തര അതിർത്തിയുടെ 10 കിലോമീറ്റർ പരിധിയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ പഞ്ചാബിൽ നിർദേശം. എന്നാൽ യാതൊന്നും സംഭവിച്ചില്ല, പാക്കിസ്ഥാൻ അനങ്ങിയില്ല
തുടര്ന്ന് വായിക്കുക
No comments:
Post a Comment