Breaking

Friday 18 October 2019

വജ്രത്തിനുള്ളില്‍ ചലിക്കാൻ കഴിയുന്ന മറ്റൊരു വജ്രം

 വജ്രത്തിനുള്ളില്‍ ചലിക്കാൻ കഴിയുന്ന മറ്റൊരു വജ്രം

മനുഷ്യര്‍ വജ്രം ഖനനം ചെയ്തെടുക്കാന്‍ തുടങ്ങിയതിനു ശേഷം ചരിത്രത്തിലാദ്യമായാണ് ഒരു ഇരട്ട വജ്രം ഏതെങ്കിലും ഖനിയില്‍ നിന്ന് ലഭിക്കുന്നത്. ഒരു വജ്രത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന നിലയിലാണ് രണ്ടാമത്തെ വജ്രത്തെ കണ്ടെത്തിയത്. മറ്റൊരു വജ്രത്തിനുള്ളിലാണെങ്കിലും സ്വതന്ത്രമായി ചലിക്കാവുന്ന അവസ്ഥയിലാണ് ഈ വജ്രം കാണപ്പെട്ടത്.റഷ്യയിലെ സൈബീരിയന്‍ മേഖലയിലുള്ള ഖനിയില്‍ നിന്നാണ് ഈ വജ്രം കണ്ടെടുത്തത്. ഏതാണ്ട് 800 ദശലക്ഷം പഴക്കം ഈ വജ്രത്തിനുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.

മാട്രിയോഷ്ക എന്നാണ് ഈ ഇരട്ട വജ്രത്തിന് നല്‍കിയിരിക്കുന്ന പേര്. റഷ്യയുടെ ഔദ്യോഗിക ഖനന കമ്പനിയായ അല്‍റോസയുടെ നിയന്ത്രണത്തിലുള്ള ഖനിയില്‍ നിന്നാണ് ഈ വജ്രം ലഭിച്ചത്. സമാനമായ പേരുള്ള റഷ്യയുടെ പരമ്പരാഗത പാവകളില്‍ നിന്നാണ് ഈ രത്നത്തിനായുള്ള പേര് കണ്ടെത്തിയത്. 0.62 കാരറ്റ് ആണ് പുറമെയുള്ള വജ്രത്തിന്‍റെ ഭാരം. ഉള്ളില്‍ അകപ്പെട്ട ചെറിയ വജ്രത്തിന് 0.02 കാരറ്റ് ഭാരം വരുമെന്നാണു കണക്കാക്കുന്നത്. 4.8 മില്ലി മീറ്ററാണ് ഈ വജ്രത്തിന്‍റെ ഉയരം.4.9മില്ലി മീറ്റര്‍ വീസ്തൃതിയുള്ള വജ്രത്തിന്‍റെ മുകള്‍ഭാഗത്തെ വിസ്തൃതി 2.6 മില്ലി മീറ്ററാണ്.

ലോകത്തെ ഒരു അമൂല്യ വസ്തുവാണ് വജ്രം (Diamond). ഒരു ലോഹം കൊണ്ട് വജ്രത്തെ മുറിക്കാൻ സാധ്യമല്ല. വജ്രത്തെ മുറിക്കാൻ വജ്രം തന്നെ വേണം. വജ്രപ്പൊടി ചേർത്തുണ്ടാക്കിയ ലോഹവാൾ ഇതിന് ഉപയോഗിക്കുന്നു. ഏറ്റവും കാഠിന്യമേറിയ പ്രകൃതിജന്യമായ വസ്തുവായി വജ്രം കണക്കാക്കപ്പെടുന്നു.

കാർബണിന്റെ പരൽ‌രൂപമായ വജ്രം ഖനികളിൽ നിന്നാണ് കൂടുതലും ലഭിക്കുന്നത്. 900 ഡിഗ്രി സെൽ‌ഷ്യസിൽ അത് പതുക്കെ കത്താൻ തുടങ്ങുന്നു. ഓക്സിജനുമായി യോജിച്ച് കാർബൺ ഡയോക്സൈഡ് ഉണ്ടാകുന്നു. 1000° സെൽ‌ഷ്യസിൽ അത് ഗ്രാഫൈറ്റ് എന്ന മറ്റൊരു കാർബൺ സംയുക്തമായും മാറുന്നു. താപനില കൂടിയാൽ വേഗം ഗ്രാഫൈറ്റായി തീരും. വജ്രം താപവാഹിയാണ്, വൈദ്യുതവാഹിയല്ല. ചെമ്പിനെക്കാൾ അഞ്ചിരട്ടി കൂടുതലാണിതിന്റെ താപ ചാലകത. (Conductivity).

1955-ൽ വരെ ഖനികളിൽ നിന്ന് മാത്രമായിരുന്നു വജ്രം കിട്ടിയിരുന്നത്. എന്നാൽ രാസക്രിയയുടെ ഫലമായി വജ്രമുണ്ടാക്കാനുള്ള മാർഗ്ഗം അതിനു ശേഷം വികസിപ്പിച്ചെടുത്തു. ഖനിയിൽ നിന്ന് ലഭിക്കുന്ന വജ്രത്തെ പ്രകൃതിദത്ത വജ്രമെന്നും രാസപ്രക്രിയമൂലമുണ്ടാക്കുന്ന വജ്രത്തെ കൃത്രിമ വജ്രമെന്നും വിളിക്കുന്നു.

പ്രകൃതിദത്ത വജ്രം ഏറ്റവും കൂടുതൽ കിട്ടുന്നത് ആഫ്രിക്കയിൽ നിന്നാണ് (95%). വില്പനയ്ക്ക് വരുന്നതിനു മുമ്പ് അതിനെ പല ആകൃതികളിൽ മുറിച്ച് മിനുസ്സപ്പെടുത്തുന്നു. നൂറുകണക്കിനു കൊല്ലം കഴിഞ്ഞാലും വജ്രത്തിന്റെ തിളക്കം കുറയില്ല.

1955-ൽ അമേരിക്കയിലെ ജനറൽ ഇലക്ട്രിക്ക് കമ്പനിയാണ് ആദ്യമായി കൃത്രിമ വജ്രം ഉണ്ടാക്കിയത്. ഗ്രാഫൈറ്റിൽ നിന്നാണ് കൃത്രിമ വജ്രം ഉണ്ടാക്കുന്നത്. ഉയർന്ന താപനിലയിലുള്ള ചൂളയിൽ 3000° സെൽ‌ഷ്യസിൽ ഉന്നത മർദ്ദത്തിൽ ഗ്രാഫൈറ്റിനെ ചൂടുപിടിപ്പിക്കുന്നു. ഇങ്ങനെ ചെയ്താൽ ഗ്രാഫൈറ്റ് വജ്രമായി മാറും. പല കാര്യത്തിലും ഇത് പ്രകൃതിദത്ത വജ്രത്തെപോലെയിരിക്കും. അത് ആഭരണങ്ങൾക്കും വ്യവസായിക ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

രത്നരാജൻ ഡയമണ്ട് എന്ന രത്നത്തിൽ ഏറ്റവും പ്രശസ്തൻ 106 കാരറ്റ് തുക്കം ഉള്ള കോഹിനൂർ രത്നം തന്നെയാണ് ഇത് ഇന്ത്യയിൽ നിന്നും പല കൈമറിഞ്ഞ് ഒടുവിൽ ബ്രിറ്റീഷ് രാജ്ഞിയുടെ കിരീടത്തിൽ എത്തി നിൽക്കുന്നു ഇപ്പോൾ ഇത് റ്റവർ ഓഫ് ലണ്ടൻ എന്ന മ്യുസേയത്തിൽ ജെവേൽ ഓഫ് ഇന്ത്യ എന്ന പേരിൽ പ്രദർശിപ്പിച്ചിട്ടുണ്ട് ,

രത്ന ഭീമൻ 1905 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നിന്നും ലഭിച്ച കള്ളിനൻ എന്ന രത്ന ഭീമൻ ഏകദേശം 3106 കാരറ്റ് തുക്കം ഉണ്ടായിരുന്നു എന്നവകാശപ്പെടുന്നു പ്രിമെയർ എന്ന മൈനിംഗ് കമ്പനിയുടെ ചെയർമാൻ തോമസ്‌ കള്ളിനൻ എന്നയാളുടെ പേരാണ് ഇതിനു നൽകപ്പെട്ടത്‌ പിന്നീട് ഇത് ചെറിയ രത്നങ്ങൾ ആയി മുറിച്ചു എന്നാണ് ചരിത്രം എഡ്വാർഡ് ഏഴാമൻ രാജാവിനു ഇത് 1907 ഇൽ സമർപ്പിക്കപ്പെട്ടു എന്ന് ചരിത്രം നവരത്നങ്ങളിൽ ഒന്നാണ് വജ്രം.

വജ്രത്തിന്‍റെ ശുദ്ധീകരണ സമയത്താണ് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്ന മറ്റൊരു വജ്രത്തെ തിരിച്ചറിയുന്നത്. ഉള്ളില്‍ എന്തോ അനങ്ങുന്നതായി കണ്ടെതിനെ തുടര്‍ന്ന് എക്സറേ മൈക്രോ ടോമോഗ്രഫി പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഉള്ളില്‍ വജ്രമുണ്ടെന്നു മനസ്സിലാക്കിയത്. അതേസമയം ഉള്ളില്‍ മറ്റൊരു വജ്രം കണ്ടെത്തിയത് അമ്പരിപ്പിച്ചെങ്കിലും അതിലും അദ്ഭുതം തോന്നിയത് രണ്ട് വജ്രങ്ങള്‍ക്കിടയിലും കുടുങ്ങി കിടക്കുന്ന വായു അറകളെക്കുറിച്ച് മനസ്സിലാക്കിയപ്പോഴാണെന്ന് പരിശോധനയ്ക്കു നേതൃത്വം നല്‍കിയ അല്‍റോസ ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഒലെഗ് കോവാൽഷുക് പറയുന്നു.

വ്യക്തമായ ചിത്രം ലഭിച്ചിട്ടില്ലെങ്കിലും വലിയ വജ്രത്തിനുള്ളിലെ ചെറിയ വജ്രത്തിന്‍റെ രൂപപ്പെടലിനെ സംബന്ധിച്ച് ഗവേഷകരുടെ കണക്കു കൂട്ടല്‍ ഇങ്ങനെയാണ്. പുറമെ കാണുന്ന വജ്രം സാധാരണയിലും വേഗത്തിലാകും രൂപപ്പെട്ടിട്ടുണ്ടാകുക. ഇത് ഈ വജ്രത്തിന്‍റെ മാന്‍റില്‍ എന്ന് വിളിക്കാവുന്ന മധ്യഭാഗത്തായി പോളിക്രിസ്റ്റലൈന്‍ പാളി രൂപപ്പെടാന്‍ കാരണമായി. ക്രമേണ ഈ പാളിക്ക് അടിയിലുള്ള ഭാഗം സ്വതന്ത്രമാകുകയും അത് മറ്റൊരു വജ്രമായി രൂപപ്പെടുകയും ചെയ്തു. പക്ഷേ ഇക്കാര്യം സ്ഥിരീകരിക്കണമെങ്കില്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

അത്യപൂര്‍വ വജ്രമായതു കൊണ്ട് തന്നെ ഇതിന്‍റെ വില ഇതുവരെ കമ്പനി തീരുമാനിച്ചിട്ടില്ല. നിലവില്‍ ഈ വജ്രത്തെ കൂടുതല്‍ പഠനങ്ങള്‍ക്കായി അമേരിക്കയിലെ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചിരിക്കുകയാണ്.


 

തുടര്ന്ന് വായിക്കുക

No comments:

Post a Comment