Breaking

Monday 21 October 2019

റഷ്യയിലെ രാക്ഷസ മിസൈൽ

 റഷ്യയുടെ രാക്ഷസ മിസൈൽ 

ലോകാവസാനത്തിനു കാരണമായേക്കാവുന്ന ‘ഡൂംസ്ഡേ’ ആയുധങ്ങളുടെ പട്ടികയിൽ മുൻനിരയിലാണ് റഷ്യയുടെ 9എം730 ബുറിവീസ്നിക് മിസൈലിന്റെ സ്ഥാനം. ആണവോർജം ഉപയോഗിച്ചു പ്രവർത്തിക്കുന്നു എന്നതാണ് ഇതിന്റെ നശീകരണ ശേഷി ലോകത്തെ ഇത്രയേറെ ഭീതിപ്പെടുത്താനുള്ള പ്രധാന കാരണവും. എന്നാൽ ഇന്നും രഹസ്യങ്ങളുടെ കാരിരുമ്പു മറയിൽ സൂക്ഷിച്ചിരിക്കുകയാണ് റഷ്യ ഈ ‘രാക്ഷസ’ മിസൈലിനെപ്പറ്റിയുള്ള വിവരങ്ങൾ.കഴിഞ്ഞ വർഷം റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ലോകത്തിനു പരിചയപ്പെടുത്തിയ ഈ ആയുധം വീണ്ടും ചർച്ചകളിൽ ഇടംപിടിക്കുകയാണ്. റഷ്യയിലെ ഒരു ജനവാസ മേഖലയ്ക്കു സമീപം നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടുണ്ടായ സ്ഫോടനത്തിനു പിന്നിൽ 9എം730 ബുറിവീസ്നിക് മിസൈൽ തന്നെയാണെന്നു യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉറപ്പിച്ചു പറയുമ്പോഴും ഓഗസ്റ്റ് എട്ടിനു നടന്ന സ്ഫോടനത്തെ കുറിച്ച് ഇതുവരെ കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ റഷ്യ തയാറായതുമില്ല.

ന്യോനോക്‌സയിലെ നിഗൂഢ സ്ഫോടനത്തിന്റെ രഹസ്യങ്ങൾ തേടിയാണ് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർ ന്യോനോക്‌സയിലേക്കുള്ള ട്രെയിനിൽ ഇടംപിടിച്ചതെന്ന് കരുതുന്നവരുണ്ട്. വീഴ്ച മനസിലാക്കിയതോടെ യുഎസ് ഉദ്യോഗസ്ഥരെ ഉടനെ അധികൃതർ കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് തിരിച്ചയച്ചു. എന്നാൽ അനധികൃതമായി ഈ മേഖലയിൽ പ്രവേശിച്ചതിനു മൂന്ന് യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തതായി റഷ്യൻ അധികൃതർ അറിയിക്കുകയും ചെയ്തു.ഉപഗ്രഹ ചാരക്കണ്ണുകളെ മറയ്ക്കാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയായിരുന്നു ഇക്കാലമത്രയും റഷ്യയുടെ പരീക്ഷണങ്ങൾ. മാത്രവുമല്ല ന്യോനോക്‌സയിലെ ഏകദേശം അഞ്ഞൂറോളം വരുന്ന പ്രദേശവാസികളോടു പരീക്ഷണ സമയത്തു മാറിത്താമസിക്കാനും അധികൃതർ ആവശ്യപ്പെടുമായിരുന്നു. ഏതാനും മണിക്കൂർ നേരത്തേക്കാണ് ഈ മാറിനിൽക്കൽ. എന്നാൽ ജനത്തെ ഭയപ്പെടുത്തി കൃത്യമായ ഇടവേളകളിൽ ഇതു സംഭവിക്കാറുണ്ടെന്നു ഗ്രാമവാസികൾ സാക്ഷ്യപ്പെടുത്തുന്നു.

സിവിറൊദ്വിൻസ്കിൽ ആണവ അന്തർവാഹിനികൾ നിർമിക്കുന്ന ഒരു വമ്പൻ ഷിപ്‌യാർഡ് സ്ഥിതി ചെയ്യുന്നതിനാൽ കൃത്യമായ ഇടവേളകളിൽ അന്തരീക്ഷത്തിലെ ആണവവികിരണ തോത് അളക്കുന്നതും പതിവാണ്. ഓഗസ്റ്റ് എട്ടിന് മിസൈൽ പരീക്ഷണത്തിനു ശേഷം നടത്തിയ അളവെടുക്കലിൽ മണിക്കൂറില്‍ രണ്ട് മൈക്രോസിവട്സ് എന്ന കണക്കിന് റേഡിയേഷൻ ഉയര്‍ന്നതായാണു കാണിച്ചത്. പരീക്ഷണം നടന്ന സ്ഥലത്തു നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയായിരുന്നു ഈ കൂടിയ അളവ് രേഖപ്പെടുത്തിയതെന്നതും സംഭവത്തിന്റെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നു.

മിസൈലിന്റെ ആദ്യഘട്ട പരീക്ഷണങ്ങൾ വിജയകരമായിരുന്നെന്നു പുടിൻ പറയുമ്പോഴും അത്തരം മിസൈലുകൾ കൈകാര്യം ചെയ്യുന്നതിലെ അപകടത്തെക്കുറിച്ചാണ് ആണവ നിരീക്ഷകരുടെ ഭയം. അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഓഗസ്റ്റ് എട്ടിലെ വൈറ്റ് സീ സ്ഫോടനം ആ ആശങ്ക അസ്ഥാനത്തല്ലെന്നും വ്യക്തമാക്കുന്നു. ബുറിവീസ്നിക് മിസൈൽ‍ തന്നെയാണു കടലിൽ പൊട്ടിത്തെറിച്ചതെന്നു വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ട്വീറ്റ് ചെയ്തിരുന്നു– റഷ്യൻ സ്കൈഫാളിന്റെ പരാജയം പരീക്ഷണം നടന്ന പ്രദേശത്തു മാത്രമല്ല അതിനപ്പുറത്തേക്കും ആശങ്ക പടരാൻ കാരണമായി എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. റഷ്യയെപ്പോലെ യുഎസിനുമുണ്ട് ഇത്തരം ആയുധങ്ങളെന്നും പക്ഷേ അവ കുറച്ചേറെ മികവുറ്റതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരാജയപ്പെട്ട പരീക്ഷണത്തിന്റെ വിവരങ്ങൾ ലോകത്തിനു മുന്നിൽ നിന്നു റഷ്യ മറച്ചുവയ്ക്കാനുമുണ്ട് കാരണം. പുടിൻ ഏറ്റവും അഭിമാനത്തോടെ മുന്നോട്ടു വച്ചതാണ് ബുറിവീസ്നിക് മിസൈൽ പദ്ധതി. ലോകത്തിൽ എവിടേക്കു വേണമെങ്കിലും തൊടുക്കാമെന്നു പറയുന്നതിലൂടെ ഭയപ്പെടുത്താൻ ലക്ഷ്യമിടുന്നത് യുഎസിനെയാണെന്നതും വ്യക്തം. അങ്ങനെയിരിക്കെ മിസൈൽ പരീക്ഷണം പരാജയപ്പെടുകയും ആണവഭീതി ചർച്ചയാവുകയും ചെയ്താൽ അതു മുന്നോട്ടുള്ള ശ്രമങ്ങൾക്കു തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് എല്ലാം വളരെ ‘നോർമൽ’ എന്ന മട്ടിൽ റഷ്യ വിഷയത്തെ കൈകാര്യം ചെയ്തതും.

തുടര്ന്ന് വായിക്കുക

No comments:

Post a Comment