Breaking

Wednesday 9 October 2019

ശനിയുടെ ‘ചന്ദ്രനിൽ’ ജീവന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് നാസ

ശനിയുടെ ‘ചന്ദ്രനിൽ’ ജീവന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് നാസ

ശനി ഗ്രഹത്തിന്റെ ചന്ദ്രനായ ഇന്‍സലെഡസിന്റെ (Enceladus) ഹിമാവരണത്തില്‍ നിന്ന് പുതിയ തരം ജൈവ സംയുക്തങ്ങള്‍ (organic compounds) കണ്ടെത്തിയതായി നാസ അറിയിച്ചു. നാസയുടെ കസീനി (Cassini) പേടകം കണ്ടെത്തിയ പുതിയ തരം ഓര്‍ഗാനിക് കോമ്പൗണ്ടുകള്‍ക്ക് അമീനോ ആസിഡിന്റെ ചേരുവകളുണ്ടെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. അമീനോ ആസിഡുകളാണ് ജീവന്റെ നിര്‍മാണ സാമഗ്രികളില്‍ പ്രധാനം.

വിശദമായ പഠനത്തിനു ശേഷമാണ് കിട്ടിയ ജൈവ സംയുക്തങ്ങളില്‍ നൈട്രജനും ഓക്‌സിജനും അടങ്ങുന്നുവെന്നു കണ്ടെത്തിയത്. നൈട്രജനും ഓക്‌സിജനുമാണ് ജീവന്റെ നിര്‍ണ്ണായക ഘടകങ്ങള്‍. ഭൂമിയിലെ സമുദ്രങ്ങളിലെ ഹൈഡ്രോതെര്‍മല്‍ നിര്‍ഗമനമാര്‍ഗങ്ങള്‍ (vent) പോലെയാണ് ഇന്‍സലെഡസിന്റെ ഹൈഡ്രോതെര്‍മല്‍ വെന്റുകളും പ്രവര്‍ത്തിക്കുന്നതെന്നാണ് നാസയുടെ വാർത്താക്കുറിപ്പില്‍ പറയുന്നത്. ഈ വെന്റുകളാണ് അമീനോ ആസിഡിന്റെ സൃഷ്ടിക്കുവേണ്ടുന്ന ഊര്‍ജ്ജം നല്‍കുന്നതെന്നും കരുതുന്നതായി ഗവേഷകർ പറയുന്നു.മറ്റു ഘടകങ്ങളും അനുകൂലമായാല്‍, ഇന്‍സലെഡസിന്റെ ആഴക്കടലില്‍ നിന്നു വരുന്ന ഈ മോളിക്യൂളുകള്‍ക്കും ഭൂമിയിലേതു പോലെയുള്ള രാസമാറ്റം സംഭവിക്കാം. ഭൂമിക്കു വെളിയില്‍ ജീവന്‍ സൃഷ്ടിക്കപ്പെടണമെങ്കില്‍ അമിനോ ആസിഡ് ആവശ്യമാണോ എന്ന കാര്യം ഇപ്പോള്‍ ഉറപ്പിക്കാനാവില്ലെന്നും നാസ പറയുന്നു. പക്ഷേ, അമിനോ ആസിഡിനു വേണ്ടുന്ന മോളിക്യൂളുകള്‍ കണ്ടെത്തിയിരിക്കുന്നു എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യങ്ങളിലൊന്നാണെന്ന് ഗവേഷകരുടെ തലവന്‍ നോസയര്‍ കവാജാ (Nozair Khawaja) പറഞ്ഞു.
പുതിയ കണ്ടെത്തലുകള്‍ ഒക്ടോബര്‍ 2നു പുറത്തിറങ്ങിയ റോയല്‍ അസ്ട്രണോമിക്കല്‍ സൊസൈറ്റി പുറത്തിറക്കുന്ന, മന്ത്‌ലി നോട്ടിസസിലാണ് (Monthly Notices) പ്രസിദ്ധീകരിച്ചിരിക്കുന്നത്. കസീനി ദൗത്യത്തിന്റെ കോസ്മിക് ഡസ്റ്റ് അനലൈസര്‍ ഉപയോഗിച്ചാണ് കണികകളെ വിശകലനം ചെയ്തത്.

കഴിഞ്ഞ വര്‍ഷം ഗവേഷകര്‍ അലിയിക്കാനാകാത്ത, സങ്കീര്‍ണ്ണമായ ജൈവ തന്മാത്രകള്‍ ഇന്‍സലെഡസിന്റെ സമുദ്രത്തില്‍ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നവ, കഴിഞ്ഞ തവണത്തേതിനെക്കാള്‍ ചെറുതും അലിയിക്കാവുന്നതുമായ ജൈവ നിര്‍മാണ പദാര്‍ഥങ്ങളാണ്. ഇവ അമീനോ ആസിഡ് അടക്കം ഭൂമിയില്‍ ജീവനുടലെടുക്കാന്‍ വേണ്ടിവന്ന ഘടകങ്ങളുടെ മുന്‍ഗാമികളായിരിക്കാമെന്നാണ് കരുതുന്നത്.കസീനി പ്രൊജക്ടിലെ ശാസ്ത്രജ്ഞയായ ലിന്‍ഡാ സ്പില്‍ക്കര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞത് ശനിയുടെ ചന്ദ്രനായ ഇന്‍സലെഡസ് വാസയോഗ്യമാക്കിയെടുക്കാന്‍ സാധിച്ചേക്കാമെന്നാണ്. കസീനി പ്രോജക്ടിലെ ശാസ്ത്രജ്ഞര്‍ ഇന്‍സലെഡസില്‍ നടത്തിയ കണ്ടെത്തലുകള്‍ അന്യഗ്രഹ ജീവിതത്തെക്കുറിച്ചുള്ള അന്വേഷണത്തല്‍ ഒരു സമ്പൂര്‍ണ്ണ പൊളിച്ചെഴുത്തു തന്നെ നടത്തിയെന്നാണ് ലിന്‍ഡാ പറഞ്ഞത്.

നേരത്തെ, ജീവന്റെ സാന്നിധ്യം ഉണ്ടായിരിക്കാമെന്നു കരുതുന്ന ഗ്രഹങ്ങളിലൊന്നായ ചൊവ്വയില്‍ അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുളളില്‍ അതു കണ്ടെത്തിയേക്കാമെന്ന് നാസയുടെ മുഖ്യ ശാസ്ത്രജ്ഞനായ ഡോ. ജിം ഗ്രീന്‍ അവകാശപ്പെട്ടിരുന്നു. 'വിപ്ലവകരമായ' ഈ കണ്ടെത്തലിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേള്‍ക്കാന്‍ ലോകം പാകപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. മുൻപ് ജീവന്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് എഴുതി തള്ളിയിരുന്ന ചില ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം കണ്ടേക്കാമെന്നാണ് പുതിയ അനുമാനങ്ങള്‍.

ചൊവ്വയില്‍ ഭൂഗര്‍ഭജലവും നിഗൂഢമായ കാന്തിക സ്പന്ദനങ്ങളും നാസയുടെ ഇന്‍സൈറ്റ് (InSight) ദൗത്യത്തിലൂടെ കണ്ടെത്തിയിരുന്നു. ഈ പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ അന്യഗ്രഹങ്ങളില്‍ സംസ്‌കാരങ്ങള്‍ കണ്ടേക്കാമെന്നും ഗ്രീന്‍ പറഞ്ഞു. മറ്റൊരിടത്തും സംസ്‌കാരങ്ങള്‍ ഇല്ലായിരിക്കുമെന്നു കരുതാനുള്ള ഒരു കാരണവും കാണുന്നില്ല എന്നാണ് ഗ്രീന്‍ പറയുന്നത്. നമ്മളിപ്പോള്‍ എക്സോപ്ലാനറ്റുകളെ (നമ്മുടെ സൂര്യനെയല്ലാതെ മറ്റൊരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹങ്ങളെ) ധാരാളമായി കണ്ടു തുടങ്ങിയിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

തുടര്ന്ന് വായിക്കുക

No comments:

Post a Comment